ADVERTISEMENT

ദോഹ∙ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിച്ചതോടെ രാജ്യമെങ്ങും ഫുട്‌ബോൾ ജ്വരം പടർന്നിരിക്കുന്നു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങി ആരാധകരേറെയുള്ള ടീമുകളുടെ മത്സരം തുടങ്ങിയതോടെ കളി കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു തുടങ്ങി.

 

കോര്‍ണിഷിലെ ലോകകപ്പ് കാഴ്ചകളില്‍ നിന്ന്‌. ചിത്രം: മനോരമ.
കോര്‍ണിഷിലെ ലോകകപ്പ് കാഴ്ചകളില്‍ നിന്ന്‌. ചിത്രം: മനോരമ.

ലോകകപ്പിൽ മത്സരിക്കുന്ന 32 ടീമുകളുടെ രാജ്യങ്ങളിൽ നിന്നു മാത്രമല്ല ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കായിക പ്രേമികൾ കൂടി എത്തി തുടങ്ങിയതോടെ എങ്ങും ആരവവും ആഘോഷവുമാണ്. 29.50 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി, കോർണിഷിലെ കാർണിവൽ എന്നിവയ്ക്ക് പുറമേ ഏഴോളം ഫാൻ സോണുകളിലും വിനോദ കേന്ദ്രങ്ങളിലും ബീച്ച് ക്ലബ്ബുകളിലുമായി കലാ, സാംസ്‌കാരിക, കായിക പരിപാടികളും സജീവമാണ്.

 

വിഖ്യാത ജാപ്പനീസ് ആര്‍ട്ടിസ്റ്റ് യായൂ കുസാമയുടെ കലാസൃഷ്ടികള്‍ മ്യൂസിയം ഓഫ് 
ഇസ്ലാമിക് ആര്‍ട് (മിയ) പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിത്രം: മനോരമ.
വിഖ്യാത ജാപ്പനീസ് ആര്‍ട്ടിസ്റ്റ് യായൂ കുസാമയുടെ കലാസൃഷ്ടികള്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് (മിയ) പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിത്രം: മനോരമ.

ഡാൻസും പാട്ടും വെടിക്കെട്ടും വാട്ടർ ഷോയും തുടങ്ങി പരിപാടികളും ധാരാളം. പ്രധാന കേന്ദ്രങ്ങളിലെല്ലാം തൽസമയ സംപ്രേഷണം ഉള്ളതിനാൽ തിരക്കേറെയാണ്. ഫിഫ ഫാൻ ഫെസ്റ്റിവലിലും ബീച്ച് ക്ലബ്ബുകളിലുമെല്ലാം ആരാധകർക്ക് 'മിനുങ്ങാൻ' ഉള്ള സൗകര്യവുമുണ്ട്. ഓരോ മത്സര വേദിയിലും മത്സരത്തിന് മുൻപും ശേഷവും കാണികളുടെ പാട്ടും നൃത്തവും ഒക്കെയായി ഉത്സവത്തിന്റെ അന്തരീക്ഷം തന്നെ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആടാനും പാടാനും മുൻപിലുണ്ട്.

 

രാജ്യമെങ്ങും വർണങ്ങൾ നിറഞ്ഞിരിക്കുന്നു. ലോകകപ്പ് അലങ്കാരങ്ങൾക്കു പുറമെ ആരാധകരുടെ വേഷവിധാനം കൂടിയായപ്പോൾ ലോകകപ്പും 'കളർ' ആയി. വിവിധ ടീമുകളുടെ ജഴ്‌സിയണിഞ്ഞും പരമ്പരാഗത ശൈലിയിലുള്ള തനത് വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞും തലയിൽ വലിയ തൊപ്പി ധരിച്ചും മുഖത്ത് നിറം പൂശിയും മാത്രമല്ല ദിനോസറിന്റെ വേഷമണിഞ്ഞു വരെ ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയങ്ങളിലെത്തുന്നവരുണ്ട്.

 

ഖത്തറിന്റെ ആതിഥേയത്വം മുതൽ കാണികൾക്കുള്ള യാത്രാ സൗകര്യങ്ങളിലും റോഡിന്റെ ശുചിത്വത്തിലും വരെ സന്ദർശകർ സംതൃപ്തരാണ്. കത്താറ, മിഷ്‌റെബ് ഡൗൺടൗൺ ദോഹ, സൂഖ് വാഖിഫ്, ആസ്പയർ പാർക്ക് തുടങ്ങി സുപ്രധാന കേന്ദ്രങ്ങളിലും ആരാധകരുടെ തിരക്കാണ്. ഡിസംബർ 2ന് ഗ്രൂപ്പ് ഘട്ടം കഴിയുന്നതോടെ മത്സരച്ചൂട് ഇനിയും കൂടും.

 

ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് കൂടുതൽ കാണികളെത്തും. ഡിസംബർ 2 മുതൽ ലോകകപ്പ് കാഴ്ചകൾ ആസ്വദിക്കാൻ മത്സര ടിക്കറ്റില്ലാത്തവർക്കും പ്രവേശനം നൽകുമെന്നതിനാൽ വരും ആഴ്ചകൾ തിരക്കേറിയതാകും.  ഡിസംബർ 18നാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com