ദോഹ∙ ലോകകപ്പ് മത്സരങ്ങളില്‍ ഇഷ്ട ടീമിന്റെ പരാജയത്തില്‍ വേദനിച്ചാണു സൂഖ് വാഖിഫില്‍ നിന്നു പുറത്തേക്ക് ഇറങ്ങുന്നതെങ്കിലും മെട്രോയിലേക്കു നടക്കുമ്പോള്‍ മുഖത്ത് നല്ലൊരു ചിരി ഉണ്ടാകും. ഈ ഉറപ്പുള്ള ചിരി സമ്മാനിക്കുന്നത് പുറത്തെ ഉയര്‍ന്ന കസേരയില്‍ ഇരുന്ന് സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിലേക്കു വഴികാട്ടുന്ന മെട്രോ ജീവനക്കാരനായ കെനിയ സ്വദേശി അബൂബക്കര്‍ അബ്ബാസ് ആണ്.
സൂഖിനെ പുറത്ത് പൊക്കമുള്ള സ്റ്റാന്‍ഡിലെ ചെറു കസേരയില്‍ ഇരുന്ന് ഉച്ചഭാഷിണിയില്‍ മെട്രോ മെട്രോ ദിസ് വേ എന്നുറക്കെ വഴികാട്ടുന്ന മെട്രോ ജീവനക്കാരന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. എത്ര സങ്കടത്തോടെയും ഇതുവഴി കടന്നു പോകുന്ന ഏതൊരാളും ഒരു നിമിഷത്തേയ്ക്ക് അറിയാതെ ചിരിച്ചു പോകും. മെട്രോ മെട്രോ എന്നു നല്ല താളത്തില്‍ ജീവനക്കാരന്‍ ഉറക്കെ വഴികാട്ടുമ്പോള്‍ അതേ താളത്തില്‍ ദിസ് വേ എന്നതേറ്റു പറഞ്ഞുകൊണ്ട് മുന്‍പിലൂടെ ആരാധകരും കടന്നു പോകുന്നത് മനസ് തണുപ്പിക്കുന്ന കാഴ്ചയാണ്. കേള്‍ക്കാന്‍ ഇമ്പമേറിയതും. താന്‍ പറയുന്ന അതേ താളത്തില്‍ മുന്നിലൂടെ കടന്നു പോകുന്നവര്‍ ഏറ്റുപറയുന്നത് കേട്ട് ചിരിയ്ക്കുന്ന ജീവനക്കാരന്റെ മുഖം ഏതൊരാളും ഹൃദയത്തില്‍ സൂക്ഷിക്കും.
മുന്‍പിലൂടെ കടന്നുപോകുന്ന ഓരോ മുഖങ്ങളിലും ഒരു ചെറുപുഞ്ചിരി സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ ജീവനക്കാരന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലെ താരവും. വൈറല്‍ ആയി കൊണ്ടിരിക്കുന്ന ജീവനക്കാരന്റെ വിഡിയോയുടെ താഴെ ജീവനക്കാരനെയും മെട്രോയുടെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചുള്ള കമന്റുകള്‍ മാത്രമാണുള്ളത്. പോസിറ്റിവിറ്റിയുടെ രാജാവ് എന്നാണ് ഇദ്ദേഹത്തെ ആളുകള്‍ വിശേഷിപ്പിച്ചത്.