ADVERTISEMENT

ദോഹ∙ ലോകം ഉറ്റുനോക്കുന്ന ഖത്തർ ലോകകപ്പിനു വേണ്ടി സന്നദ്ധ സേവന നിരതരായ ഒരു പറ്റം മലയാളികൾ. ഇതിൽ ഒട്ടേറെ വനിതകളുമുണ്ട്. വേതനമോ മറ്റു യാതൊരു ലാഭേച്ഛയോ ഇല്ലാതെ തങ്ങളുടെ പോറ്റമ്മ നാടിനു വേണ്ടി സേവനം ചെയ്യുക എന്ന സദുദ്ദേശ്യത്തോടെയാണ് ഇവരിവിടെ പ്രവർത്തിക്കുന്നത്.

22 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനിയായ സറീന അഹദ്, കോഴിക്കോട് വടകര സ്വദേശി അബ്ദുൽസത്താർ തുടങ്ങിയ മലയാളികളടക്കം വിവിധ രാജ്യക്കാരായ ഒട്ടേറെ പേർ അക്രഡിറ്റേഷൻ പ്രിന്റിങ് ആൻഡ് ‍ഡിസ്ട്രിബ്യൂഷൻ (ഡിഇസി) വിഭാഗത്തിലാണു സേവനം ചെയ്യുന്നത്.

1,20,000 കാർഡുകളാണ് ഇവർ പ്രിന്റ് ചെയ്യേണ്ടത്. ഒക്ടോബർ മുതൽ ഇവർ ജോലി ആരംഭിച്ചിരുന്നു. ലോകകപ്പ് കഴിയുംവരെ സേവനത്തിലുണ്ടാകും. രണ്ടു ഷിഫ്റ്റുകളിലായാണു ജോലി. സറീന മിക്കപ്പോഴും ഉച്ചയ്ക്ക് രണ്ടര മുതൽ രാത്രി 9.30 വരെയാണു ജോലി ചെയ്തത്.

sereena-ahad
സറീന അഹദ്

സറീനയ്ക്ക് ഇൗ രംഗത്തു കാര്യമായ മുൻപരിചയമുണ്ട്.2007ൽ ഖത്തറിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സറീനയും ഭർത്താവ് അഹദും 2 മക്കളും വോളന്റിയർമാരായിരുന്നു. 2019ൽ ഫിഫ ക്ലബ് കപ്പിലും എല്ലാവരും സേവനം ചെയ്തു. അബ്ദുൽ സത്താർ ഇതിന് മുൻപ് 2019ൽ ഖത്തറിൽ നടന്ന അമീറി കപ്പ്, ക്ലബ് ലോകകപ്പ്, അറബ് കപ്പ് എന്നിവയിൽ സേവനം ചെയ്തു. ഇൗ മുൻപരിചയങ്ങളൊക്കെ ഫിഫ ലോക കപ്പിൽ വോളന്റിയറായി തിരഞ്ഞെടുക്കാനുള്ള വഴി എളുപ്പമാക്കി. ഒാൺലൈനിലൂടെയായിരുന്നു റജിസ്ട്രേഷൻ.

ഭക്ഷണം, നല്ല യൂണിഫോം എന്നിവ അധികൃതർ അനുവദിക്കും. കൂടാതെ എപ്പോഴെങ്കിലും കുഞ്ഞു സമ്മാനങ്ങളും ലഭിക്കും. ഒരു മത്സരം കാണാനുള്ള ടിക്കറ്റാണു മറ്റൊരു സമ്മാനം. ലോകകപ്പിൽ പങ്കെടുക്കുന്നവരുടെ വോളന്റിയർമാരുടെ പേരുകൾ ഫിഫ  പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ തങ്ങളുടെ പേരുകളും ഉൾപ്പെട്ടതിൽ ഇവരേറെ സന്തോഷിക്കുന്നു. 

sereena-friends-in-dec
സറീന അഹദും സഹപ്രവർത്തകരും അക്രഡിറ്റേഷൻ പ്രിൻ്റിങ് ആൻഡ് ‍ഡിസ്ട്രിബ്യൂഷൻ (ഡിഇസി) വിഭാഗത്തിൽ.

സറീന സ്ഥാപകയും പ്രസിഡന്റുമായ കേരള വിമൻസ് ഇനീഷ്യേറ്റീവ് ഖത്തർ(ക്വിക്ക്) എന്ന സംഘടനയുടെ കീഴിലും കഴിഞ്ഞ 5 വർഷമായി സംഘം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇൗ കൂട്ടായ്മയ്ക്ക് എഫ്ബി പേജിൽ 2,000 അംഗങ്ങളുണ്ട്.

എംബസിയുടെ കീഴിൽ ഇന്ത്യൻ കൾചറൽ സെന്ററിൽ അഫിലിയേറ്റഡ് ആയിട്ടുള്ള ഏക മലയാളി വനിതാ സംഘടനയാണിതെന്നു സെറീന പറഞ്ഞു. ഖത്തർ പ്രവാസികൾക്ക് പ്രത്യേകിച്ച് വനിതകൾക്ക് ഏറെ സുരക്ഷിതത്വമാണു പ്രദാനം ചെയ്യുന്നത്. കൂടാതെ, പ്രവാസികളോടു വളരെ സഹാനുഭൂതിയോടെയാണ് ഇവിടത്തെ ഭരണാധികാരികൾ പെരുമാറുന്നത്. ഇതെല്ലാം ഇൗ നാടിനും എന്തെങ്കിലും തിരിച്ചുനൽകാൻ പ്രേരിപ്പിക്കുന്നത്. അതിനുള്ള അവസരം ലഭിക്കുമ്പോൾ ഇനിയും വിനിയോഗിക്കാനാണു സറീനയുടെയും കൂട്ടുകാരുടെയും തീരുമാനം.

English Summary :  Kannur native Sereena Ahad works as a volunteer for Qatar World  Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com