ADVERTISEMENT

ദോഹ∙ കടൽക്കരയിൽ തണുത്ത കാറ്റേറ്റ് ബിഗ്‌ സ്‌ക്രീനിൽ വാശിയേറിയ മത്സരങ്ങൾ തൽസമയം കാണാം; അൽഖോർ വർക്കേഴ്‌സ് സ്‌പോർട്‌സ് കോപ്ലക്‌സിലെ ഫാൻ സോണിലെത്തിയാൽ. ഹയാ കാർഡില്ലാത്തവർക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ 3 ഫാൻസോണുകളിൽ ഒന്നാണിത്. നഗരത്തിലെ തിക്കും തിരക്കുമില്ലാതെ മത്സരങ്ങൾ കാണണമെന്നുള്ളവർക്ക് ഇങ്ങോട്ടേക്ക് വരാം. വിനോദ, കലാ പരിപാടികളും ആസ്വദിക്കാം.

 

ചെറുതും വലുതുമായ 2 സ്‌ക്രീനുകളാണ് തൽസമയ സംപ്രേഷണത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് പ്രമേയത്തിലുള്ള അലങ്കാരങ്ങളാൽ കോംപ്ലക്‌സിന്റെ അകം മനോഹരമാക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ അടുത്താണ് ആദ്യ സ്‌ക്രീൻ. വിശാലമായ ഇരിപ്പിടങ്ങളുമുണ്ട്. തൊട്ടപ്പുറത്ത് പ്രധാന വേദി. പച്ചപരവതാനി വിരിച്ച വിശാലമായ മൈതാനത്തിന്റെ നടുക്ക് വലിയ സ്‌ക്രീൻ.  മത്സരങ്ങൾ മാത്രമല്ല ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലെ കാഴ്ചകളും സ്‌ക്രീനിലൂടെ കാണാം.

 

ഏഷ്യൻ, ഇന്റർനാഷനൽ കലാ, വിനോദപരിപാടികളും ഇവിടെ നടക്കുന്നുണ്ട്. സൗജന്യ വൈ-ഫൈ സേവനവും ലഭിക്കും. പ്രധാന സ്‌ക്രീനിൽ കളി കാണാൻ മജ്‌ലിസുകളിലെ ഇരിപ്പിടങ്ങളും ചാരുകസേരകളും ധാരാളം. ഇരുന്നോ കിടന്നോ സ്‌ക്രീനിലെ കാഴ്ചകൾ കാണാം. തൊട്ടപ്പുറത്ത് രുചി വൈവിധ്യങ്ങളുമായി ഫുഡ് സ്റ്റാളുകളും. ചൂടുള്ള കരക് ചായയും ലഘു പലഹാരങ്ങളും ജ്യൂസും സുലഭം. കുട്ടികൾക്ക് ഓടിക്കളിക്കാനും സ്ഥല സൗകര്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളുമുണ്ട്.

 

സുരക്ഷയ്ക്ക് പൊലീസ്

 

തണുപ്പു തുടങ്ങിയതിനാൽ ഇവിടെ ഇരുന്ന് മത്സരം കാണാൻ വരുന്നവർ ജാക്കറ്റും കരുതണം. അൽഖോർ വ്യവസായ മേഖലയ്ക്കുള്ളിലാണ് കോംപ്ലക്‌സ്. തൊഴിലാളികൾ മാത്രമല്ല നിരവധി കുടുംബങ്ങളും ഇവിടെ  മത്സരങ്ങൾ കാണാൻ എത്തുന്നുണ്ട്. സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രത്യേകം പ്രവേശനമാണ്.

 

ഫാൻ സോണിലെത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ പുരുഷ-വനിതാ പൊലിസ് ഉദ്യോഗസ്ഥരും സേവനത്തിനായി വൊളന്റിയർമാരുമുണ്ട്. കോംപ്ലക്‌സിന് മുൻപിൽ വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്. ദോഹ നഗരത്തിൽ നിന്ന് ഏകദേശം 70-80  കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. 

 

വൈദ്യ പരിശോധന സൗജന്യം

 

അൽഖോർ വർക്കേഴ്‌സ് സ്‌പോർട്‌സ് കോംപ്ലക്‌സ് ഫാൻ സോണിന് പുറമെ ദോഹ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മറ്റ് 2 ഫാൻ സോണുകളുടെ പ്രവർത്തനം. ന്യൂ ഇൻഡസ്ട്രിയൽ ഏരിയ ആണ് ഇതിൽ വലുത്. ഇവിടെ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. തൽസമയ സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ, പ്രമേഹവും ബ്ലഡ് പ്രഷറും സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യം  എന്നിവയുമുണ്ട്. ഡിസംബർ 18 വരെയാണ് ഫാൻ സോണുകളുടെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com