ADVERTISEMENT

അബുദാബി∙കഴിഞ്ഞ കാലത്തെ പാഠങ്ങൾ ഓർമിപ്പിക്കാനും വർത്തമാനകാലത്തെ അവബോധത്തോടെയും ചിന്തകളോടെയും ആത്മവിശ്വാസത്തോടെയും ഭാവിയെ  പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കാനുള്ള ദിനമാണ്   51-ാമത് യുഎഇ ദേശീയ ദിനമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. നമ്മുടെ പൗരന്മാരെ പരിപാലിക്കുക, അവർക്ക് മുന്നിൽ വികസനം, സർഗാത്മകത, സ്വയം പര്യാപ്തത എന്നിവയുടെ എല്ലാ വഴികളും തുറക്കുക എന്നതാണ് ഞങ്ങളുടെ മുൻ‌ഗണന, ഈ ലക്ഷ്യം കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം ദേശീയദിന സന്ദേശത്തിൽ പറഞ്ഞു. 

 

നമ്മുടെ പിതാക്കന്മാരും പിതാമഹാന്മാരും കൈമാറിയ മഹത്തായതും വിലപ്പെട്ടതുമായ ഒരു വിശ്വാസമാണ് യുഎഇ. പൂർവ്വികർ നമുക്കു വിട്ടുതന്ന ഉറച്ച അടിത്തറയിലും തൂണുകളിലും ഞങ്ങൾ നിർമ്മിച്ചതുപോലെ പുതിയതു കെട്ടിപ്പടുക്കാനും ഞങ്ങൾക്ക് ശേഷം പതാക ചുമക്കുന്ന ഞങ്ങളുടെ പുത്രന്മാർക്കും കൊച്ചുമക്കൾക്കും അതു കൈമാറാനും ശ്രമിക്കും.  എല്ലാ ശക്തിയും പരിശ്രമവും നിശ്ചയദാർഢ്യവും ഉപയോഗിച്ച്  കാത്തുസൂക്ഷിക്കുക എന്നതാണ് രാഷ്ട്രത്തിന്റെയും ചരിത്രത്തിന്റെയും ഭാവി തലമുറയുടെയും മുൻപിലുള്ള നമ്മുടെ ഉത്തരവാദിത്തം.  ഈ വർഷം അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ ഞങ്ങൾ ആദരവോടെ സ്മരിക്കുന്നു. നമ്മുടെ മണ്ണിൻ്റെ ഓരോ ഇഞ്ചിലും മായാത്ത മുദ്രകൾ പതിപ്പിച്ചതിനു ശേഷം അദ്ദേഹം നമ്മുടെ ഹൃദയത്തിലും ലോകത്തെങ്ങുമുള്ള നമ്മളെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിലും പ്രിയപ്പെട്ട ഓർമകൾ അവശേഷിപ്പിച്ചു യാത്രയായി. 

 

അന്തരിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഓരോ ഘട്ടത്തിലും യുഎഇ കെട്ടിപ്പടുക്കുന്നതിലും അതിന്റെ തൂണുകൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സ്ഥാപക നേതാക്കളായ ഷെയ്ഖ് ഖലീഫയോടും ഷെയ്ഖ് സായിദിനോടും അവരുടെ സഹോദരങ്ങളോടും ദൈവം കരുണ കാണിക്കുകയും അവർ ഈ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ചെയ്തതിന് ഏറ്റവും മികച്ച പ്രതിഫലം നൽകുകയും ചെയ്യട്ടെ. അവരുടെ പ്രയത്‌നങ്ങൾ തലമുറയ്ക്ക് ഒരു വഴിവിളക്കും പ്രചോദനത്തിന്റെ സ്രോതസ്സുമായി നിലനിൽക്കും. ഇന്നു നാം ആസ്വദിക്കുന്ന പുരോഗതി, അഭിമാനം, അന്തസ്സ് എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ, മഹത്തായ സ്ഥാപകർ 1971 ഡിസംബർ 2 ന് ചെയ്തതിന്റെ വ്യാപ്തിയും  ഐക്യത്തിന്റെ മൂല്യവും മനസ്സിലാക്കുന്നു. അവർ ചെയ്ത കാര്യങ്ങൾക്കുള്ള മതിപ്പിലും അവരുടെ പാതയിൽ തുടരാനുള്ള  ദൃഢനിശ്ചയത്തിലും അവരോടുള്ള നമ്മുടെ സ്നേഹം വളരുകയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

 

കോവിഡ് -19, സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള  പ്രാദേശിക, ആഗോള പ്രതിസന്ധികളുടെ പ്രതികൂല പ്രത്യാഘാതങ്ങൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥ അതിവേഗം പുരോഗമിക്കുന്നതിന്  ദൈവത്തിനും എന്റെ സഹോദരൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആത്മാർഥമായ പരിശ്രമങ്ങൾക്കും നന്ദി.  യുഎഇ ഭരണാധികാരികളെയും കിരീടാവകാശികളെയും ഇൗ അവസരത്തിൽ അഭിനന്ദിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com