ഉമ്മുൽഖുവൈൻ ∙ ലുലു ഗ്രൂപ്പ് ഷോപ്പിങ് മാൾ ആൻഡ് മാനേജ്മെന്റ് ഡിവിഷൻ, ലൈൻ ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി എന്നിവ തങ്ങളുടെ ദുബായ്, വടക്കൻ എമിറേറ്റ് എന്നിവിടങ്ങളിലെ ഷോപ്പിങ് മാളുകളിൽ യുഎഇയുടെ 51–ാമത് ദേശീയദിനം ആഘോഷിക്കുന്നു. വിവിധ പരിപാടികളും തത്സമയ പ്രകടനങ്ങളും മാൾ ഓഫ് ഉമ്മുൽഖുവൈൻ, റാക് മാൾ, ലുലു മാൾ ഫുജൈറ, ഷാർജ സെൻട്രൽ, സിലിക്കൺ സെൻട്രൽ എന്നിവിടങ്ങളിൽ ഇന്നു വൈകിട്ട് ആറു മുതൽ നടക്കും.

സിലിക്കൺ സെൻട്രലിലെ സന്ദർശകർക്ക് നാലിനു ദേശീയ ദിന പരേഡ് ആസ്വദിക്കാം. ഇന്ന് അൽ ഹബ്ബാൻ പെർഫോമേഴ്‌സ്, മൈലാഞ്ചി കല, ഫാൽക്കൺ സംഗമം എന്നിവയുണ്ടാകും. തനൂറയും ഉണ്ടായിരിക്കും. ഇന്ന് റാക് മാളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് മനോഹരമായ മൈലാഞ്ചിച്ചിത്രം വരയ്ക്കാം. ഒപ്പം ഒരു ഫാൽക്കണിനെയും അടുത്തുകാണാം.

ഇന്നും നാളെയും പരേഡ്, നാലിനു തനൂറ നൃത്ത പരിപാടി എന്നിവ ലുലു മാൾ ഫുജൈറയിൽ നടക്കും. തത്സമയ ഹബ്ബാൻ നൃത്തവും ആസ്വദിക്കാം. ഇവിടെയും മൈലാഞ്ചിച്ചിത്രം വരയ്ക്കാം. മാൾ ഓഫ് ഉമ്മുൽ ഖുവൈനിലും മറ്റു മാളുകളിലും വിവിധ പരിപാടികൾ അവധി ദിവസങ്ങളിൽ അരങ്ങേറും.