‘മില്യൻ ഫാൻസ്’ ഫെസ്റ്റ്: രണ്ടാഴ്ചക്കിടെ എത്തിയത് 10 ലക്ഷം പേർ

fan-festival-qatar
ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദി.
SHARE

ദോഹ∙ ഫിഫ ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയിട്ട് രണ്ടാഴ്ചക്കാലം; അൽബിദ പാർക്കിൽ നവംബർ 19നു തുറന്ന ഫാൻ ഫെസ്റ്റിവലിലേക്കെത്തിയത് 10,00,000 ആരാധകർ. ദശലക്ഷം തികച്ചയാൾക്ക് ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാനുള്ള 2 ടിക്കറ്റുകളാണ് സമ്മാനമായി ലഭിച്ചത്.

ഖത്തർ പ്രവാസിയായ ഈജിപ്ഷ്യൻ സ്വദേശി ഹെയ്താം മൊക്തറും സുഹൃത്ത് സാറയുമാണ് ഈ ഭാഗ്യശാലികൾ. ഫുട്‌ബോൾ ഇതിഹാസങ്ങളായ കഫുവും റൊണാൾഡ് ഡെ ബോയറും ഒപ്പുവെച്ച ഔദ്യോഗിക ഫുട്‌ബോളുകളും ഇവർക്ക് സ്വന്തം. ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷിനോട് ചേർന്നുള്ള 1,45,000 ചതുരശ്ര മീറ്ററിലുള്ള ഫെസ്റ്റിവൽ വേദിയിൽ പ്രതിദിനം 70,000 ത്തിലധികം പേരാണ് എത്തുന്നത്.

ഹയാ കാർഡുള്ളവർക്കാണ് പ്രവേശനം. സ്റ്റേഡിയങ്ങളിലേക്കാൾ നൂറിരട്ടി ആരവമാണ് ഇവിടെയുള്ളത് എന്നത് മറ്റ് ഫാൻ സോണുകളിൽ നിന്നും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയെ വ്യത്യസ്തമാക്കുന്നു. മത്സരങ്ങളുടെ തൽസമയ സംപ്രേഷണത്തിന് പുറമെ നിക്കി മിനാജ്, മിറിയം ഫരെസ്, നോറ ഫത്തേഹി തുടങ്ങിയ സംഗീതജ്ഞരുടെ  തൽസമയ സംഗീത പരിപാടികളും ഇവിടെ എത്തുന്നവരുടെ കയ്യടി നേടി കഴിഞ്ഞു. ഫിഫ മ്യൂസിയത്തിൽ ഫുട്‌ബോൾ കാഴ്ചകളും കാണാം.

മിഡിൽ ഈസ്റ്റിലെയും ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയിലെയും രുചി വൈവിധ്യങ്ങളുമായി ഭക്ഷണശാലകളും ഇവിടെ സജീവമാണ്.  'മിനുങ്ങണ'മെങ്കിൽ ബിയറും സുലഭം. ദിവസവും വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെയാണ് ഫാൻ ഫെസ്റ്റിവൽ വേദിയുടെ പ്രവർത്തനം. പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിവൽ വേദിയിലേക്ക് ദോഹ മെട്രോയിലൂടെ വേണം എത്താൻ.

റെഡ് ലെനിൽ വരുന്നവർ വെസ്റ്റ് ബേ ഖത്തർ എനർജി, അൽബിദ, കോർണിഷ് എന്നിവയിൽ ഏതെങ്കിലും മെട്രോ സ്റ്റേഷനിൽ ഇറങ്ങി നടക്കണം. ഗ്രീൻ ലൈനിൽ വരുന്നവർക്കും അൽബിദയിൽ ഇറങ്ങാം. എല്ലാ സ്റ്റേഡിയങ്ങളിൽ നിന്നും ഫെസ്റ്റിവൽ വേദിയിലേക്ക് തുടർച്ചയായി ഷട്ടിൽ ബസുകളുമുണ്ട്. ടാക്സി, റൈഡ് ആൻഡ് ഷെയർ സർവീസുകളുമുണ്ട്.

English Summary: FIFA Fan Festival at Al Bidda Park welcomes 1000000 fans.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS