ADVERTISEMENT

അബുദാബി/റാസൽഖൈമ∙ അനുകൂല കാലാവസ്ഥയുടെ സുഖശീതളിമയിൽ മനസ്സിനും ശരീരത്തിനും അൽപം വിശ്രമത്തിനായി  മരുഭൂമിയിൽ രാപാർക്കാൻ എത്തുന്നവർ വർധിച്ചു. ജോലി, ബിസിനസ് തിരക്കുകൾക്കിടയിൽ ഒരു ദിവസം ഉല്ലാസത്തിനായി മാറ്റിവയ്ക്കുന്നവരാണ് വന്യസൗന്ദര്യത്തിൽ ആറാടാൻ മരുഭൂമിയിൽ അഭയം തേടുന്നത്.

കോവിഡിനു ശേഷം മാനസികോല്ലാസം തേടി എത്തുന്നവരുടെ എണ്ണം വർധിച്ചതിനു തെളിവാണ് മരുഭൂമിയിലെ തിരക്ക്. സന്ദർശകരിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും മറുനാട്ടുകാരും ഉൾപ്പെടും. ആതിഥേയരിൽ ഒട്ടേറെ മലയാളി കമ്പനികളും. കാറ്റിനോട് സല്ലപിച്ച് വിവിധ ചിത്രങ്ങൾ കോറിയിട്ട മണൽകൂന കണ്ടുനിൽക്കാൻ തന്നെ കൗതുകം.

റാസൽഖൈമയിലെ ഡ്യൂൺസ് ക്യാംപിങ് ആൻഡ് സഫാരിയിലെ ദൃശ്യം.
റാസൽഖൈമയിലെ ഡ്യൂൺസ് ക്യാംപിങ് ആൻഡ് സഫാരിയിലെ ദൃശ്യം.

ഡ്യൂൺസിലൂടെ നടന്നു കയറുന്നതും മുകളിലിരുന്ന് സൊറപറയലും ശീതകാറ്റേറ്റ് മണൽകൂനയിൽ കിടന്ന് നക്ഷത്രങ്ങളോട് കിന്നാരം പറയുന്നതുമെല്ലാം ബഹുരസം. വൈകിട്ട് 4ന് എത്തി രാത്രി 10ഓടെ തിരിച്ചുപോകുംവിധമുള്ള ഡസർട്ട് സഫാരിക്കായിരുന്നു നേരത്തെ ഡിമാൻഡ് എങ്കിൽ ഇപ്പോൾ ‍ഡസർട് ക്യാംപിങിനാണ് ആവശ്യക്കാർ കൂടുതൽ. ചൂടിനു ശക്തിപ്രാപിക്കുന്ന ഏപ്രിൽ വരെ ഈ മരുഭൂവാസം തുടരും.

ആകർഷണങ്ങൾ

ഡ്യൂൺസ് ബാഷിങ്, ക്യാമൽ ട്രക്കിങ്, സാൻഡ് ബോർഡിങ്, ബഗ്ഗി റൈഡ്സ്, ഹെന്ന, ഹുക്ക വലി (ശിഷ), തനൂറ ഷോ, ഫയർ ഡാൻസ്, ബെല്ലി ഡാൻസ്, ഫാൽക്കൺ ഷോ, സൂര്യാസ്തമയം, സൂര്യോദയം.

ഡസർട് ക്യാംപിങ്

വൈകിട്ട് 3.30ന് എത്തുന്ന സന്ദർശകർക്കായി 4.30ഓടെ തുടങ്ങുന്ന കലാകായിക പരിപാടികൾ രാത്രി 8.30 വരെ നീളും. വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് 10 മണിയോടെ അതാതു ടെന്റുകളിൽ വിശ്രമം. പുലർച്ചെ സൂര്യോദയവും കണ്ട് കുളിച്ച് പ്രാതലും കഴിച്ച് രാവിലെ 10ന് മടക്കം.

അഞ്ചിനം കൂടാരങ്ങൾ

അറബികളുടെ പൈതൃകത്തിൽ പടുത്തുയർത്തിയ 5 ഇനം ടെന്റുകളിലെ താമസത്തിനു സേവനങ്ങളും സൗകര്യങ്ങളും അനുസരിച്ചാണ് ഫീസ്. ഹെറിറ്റേജ് ഹട്സ്, പ്ലാറ്റിനം പോഡ്സ്, പ്രീമിയം ഡോം, ഡീലക്സ് ഡോം, ട്രീ ഹൗസ്, ഇഗ്ലൂ ടെന്റ്, പോർട്ടബിൾ ടെന്റ് എന്നിവയ്ക്ക് 450–1000 ദിർഹം വരെ.  

ഏറുമാടങ്ങൾ

തൂണുകളിൽ കെട്ടിപ്പൊക്കി ഉണ്ടാക്കിയ ഏറു മാടങ്ങളിലെ (ട്രീ റൂം) താമസത്തിനാണ് ആവശ്യക്കാർ കൂടുതൽ. ഇതിൽ സാധാരണ ടെന്റുകൾ മുതൽ ശുചിമുറിയും എ.സിയും ഉൾപ്പെടെ അത്യാഡംബര സൗകര്യമുള്ളവയും ഉണ്ട്. സീസണായതിനാൽ ഇവ കിട്ടാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നു മാത്രം.

പാർട്ടി മുതൽ വിവാഹം വരെ

ഒരേസമയം 120 പേർക്കു വരെ രാത്രി മരുഭൂമിയിൽ തങ്ങാവുന്ന സൗകര്യങ്ങൾ റാസൽഖൈമയിൽ മലയാളികളായ ജിബിൻ ജോസഫിന്റെയും ഷാബു കോറയുടെയും നേതൃത്വത്തിലുള്ള ഡ്യൂൺസ് ക്യാംപിങ് ആൻഡ് സഫാരി ഒരുക്കുന്നുണ്ട്. 15 വർഷത്തെ പരിചയ സമ്പത്തുള്ള ഇവരുടെ പുതിയ ക്യാംപിൽ ഒരേസമയം 750 പേരെ വരെ ഉൾക്കൊള്ളാനാകും. ജന്മദിന പാർട്ടി, വിവാഹം, വാർഷികം, കമ്പനി ജീവനക്കാരുടെ ഒത്തുചേരൽ തുടങ്ങിയവയും ഇവിടെ വച്ചു നടക്കാറുണ്ട്. 3 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യം.

പ്രകൃതിയെ അറിയാം നശിപ്പിക്കരുത്

വിനോദത്തിന് എത്തുന്നവർ മരുഭൂമിയുടെ തനത് ഭംഗി ആസ്വദിക്കാം. പാഴ് വസ്തുക്കൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്  ഉപേക്ഷിച്ച് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കരുത്. മരങ്ങളും ചെടികളും നശിപ്പിക്കുകയോ മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്യരുത്. കൂടാരത്തിനു സമീപം നിലയ്ക്ക് തീ കൂട്ടരുത്.

English Summary: Tourists coming for desert camping in Ras Al Khaima increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com