ശിക്ഷിക്കരുത്, ചികിത്സിച്ച് രക്ഷിക്കണം; ലഹരി ഉപയോഗിക്കുന്ന മക്കൾക്കെതിരെ പരാതി നൽകി 576 രക്ഷിതാക്കൾ

Drug Addiction
Representative Image. Photo credit : WPixz/ Shutterstock.com
SHARE

ദുബായ്∙ ലഹരി ഉപയോഗിക്കുന്ന മക്കൾക്കെതിരെ പരാതി നൽകി 576 രക്ഷിതാക്കൾ. കുട്ടികളെ ശിക്ഷിക്കരുതെന്നും ചികിൽസിച്ചു രക്ഷിക്കണമെന്നും ആഭ്യർഥിച്ചാണ് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്. പരാതി പ്രകാരം കുട്ടികളെ കണ്ടെത്തി ചികിൽസയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ലഹരി പ്രതിരോധ വകുപ്പിലെ അനുച്ഛേദം 89 പ്രകാരമുള്ള പരാതികളിലാണ് ശിക്ഷയ്ക്കു പകരം ചികിത്സ ലഭ്യമാക്കുന്നത്.

ഈ വകുപ്പു പ്രകാരമുള്ള പരാതികളിൽ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനു പകരം പുനരധിവാസ കേന്ദ്രങ്ങളിലാക്കുകയാണ് പൊലീസ് ചെയ്യുക. ഇത്തരം പരാതികളിൽ കുറ്റക്കാരെ അറസ്റ്റിൽ നിന്നൊഴിവാക്കും. മാതാപിതാക്കൾ ഉൾപ്പെടെ ഉറ്റ ബന്ധുക്കളുടെ പരാതികളാണ് ഇത്തരത്തിൽ പരിഗണിക്കുക.

കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരം കാര്യങ്ങൾ മറച്ചു വയ്ക്കാതെ നിയമ നടപടികൾക്കു ശ്രമിക്കണം. ലഹരിക്ക് അടിമപ്പെട്ടാൽ മടങ്ങി വരവ് പ്രയാസമായതിനാൽ കൃത്യ സമയത്തു ചികിത്സയും ഇടപെടലും വേണമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം യുഎഇയിൽ പിടികൂടിയ ലഹരി കേസുകളിൽ 47.2 ശതമാനവും ദുബായിൽ നിന്നാണെന്നു പൊലീസ് മേധാവി ജനറൽ.അബ്ദുല്ല ഖലീഫ അൽ മരി അറിയിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറിയ ക്ലാസുകളിലെ കുട്ടികൾ അടക്കം ലഹരി ഉപയോഗിക്കുന്നതായി വിവരമുണ്ട്. സ്വഭാവത്തിലുണ്ടാകുന്ന മാറ്റമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അവരുടെ സുഹൃത്തുക്കൾ, ഉപയോഗിക്കുന്ന സമൂഹ മാധ്യമ സൈറ്റുകൾ, ചാറ്റുകൾ, ഗെയിമുകൾ തുടങ്ങിയവ നിരീക്ഷിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണം.

സമൂഹ മാധ്യമങ്ങളിലെ ലിങ്കുവഴി പല കുട്ടികളും അബദ്ധത്തിലാണ് ലഹരി സംഘത്തിന്റെ സ്വാധീനത്തിൽ വീഴുന്നത്. ചിലരെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തി ഇത്തരം പ്രവൃത്തികൾക്ക് പ്രേരിപ്പിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ജോലി സംബന്ധമായി മാതാപിതാക്കളുടെ തിരക്കിൽ കുട്ടികൾ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോഴാണ് പലപ്പോഴും അപകടം അവരെ കൂട്ടിക്കൊണ്ടു പോവുകയെന്നും പൊലീസ് പറഞ്ഞു.

പിടിച്ചത് 6.6 ടൺ ലഹരി വസ്തുക്കൾ

∙ കഴിഞ്ഞ വർഷം നടത്തിയ പരിശോധനകൾ പിടിച്ച ലഹരി വസ്തുക്കൾ – 6.6 ടൺ

∙ ലഹരി വിതരണക്കാരെ കണ്ടെത്താൻ 27 രാജ്യങ്ങളുമായി യുഎഇ പൊലീസ് സഹകരിക്കുന്നു. 

∙ സംയുക്ത പരിശോധനയിൽ ഇതുവരെ പൂർത്തിയാക്കിയത് 89 ദൗത്യങ്ങൾ. 

∙ പിടിയിലായ രാജ്യാന്തര ലഹരി കച്ചവടക്കാർ – 36

∙ ലഹരി വസ്തുക്കളുടെ വിപണനം ലക്ഷ്യമിട്ടുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചത് – 340 എണ്ണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS