ലോകകപ്പ്: നവംബറില്‍ കാണികൾ 6 ലക്ഷം

Mail This Article
ദോഹ∙ ഫിഫ ലോകകപ്പിൽ ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ നവംബറിൽ മാത്രം ഗാലറികളിലെത്തിയത് 6 ലക്ഷം പേർ. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് സൗദി അറേബ്യയിൽ നിന്ന്-മൊത്തം സംഖ്യയുടെ 16 ശതമാനം പേർ. സന്ദർശക വരവിൽ രണ്ടാമത് ഇന്ത്യയാണ്. 8 ശതമാനം പേർ. യുഎസ്എ (7 ശതമാനം), യുകെ (6 ശതമാനം), മെക്‌സിക്കോ (5 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകൾ. അർജന്റീന, ഈജിപ്ത്, ഇറാൻ, ഫ്രാൻസ്, കുവൈത്ത് എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.
ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തിയ ആരാധകർക്കായി ഖത്തർ ടൂറിസത്തിന്റെ 'നോ ഫുട്‌ബോൾ, നോ വറീസ്' ക്യാംപെയ്‌നും ശ്രദ്ധ നേടി. ഇതിനു പുറമെ സമൂഹമാധ്യമങ്ങളിലൂടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഖത്തറിന്റെ സാംസ്‌കാരിക, വിനോദ, പൈതൃക കേന്ദ്രങ്ങൾ കാണാനും അറിയാനുമുള്ള അവസരങ്ങളും സന്ദർശകർ പരമാവധി പ്രയോജനപ്പെടുത്തി. ഖത്തർ എയർവേയ്‌സ് ആകർഷകമായ യാത്രാ പാക്കേജുകളും നൽകിയിരുന്നു. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്ന ലോകകപ്പിൽ ഡിസംബർ 2 വരെ നടന്ന ഗ്രൂപ്പ് ഘട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്.
ഫിഫയുടെ കണക്ക് പ്രകാരം ഖത്തർ ലോകകപ്പിൽ 29.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 2018 ലെ റഷ്യൻ ലോകകപ്പിനേക്കാൾ കൂടുതലാണിത്. റഷ്യയിൽ 24 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഫിഫ ലോകകപ്പ് മത്സരത്തിൽ ഏറ്റവുമധികം കാണികളെത്തിയത് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-മെക്‌സിക്കോ മത്സരം കാണാനാണ്-88,966 പേർ. 1994 ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരം കഴിഞ്ഞാൽ ഏറ്റവുമധികം പേരെത്തിയ മത്സരമാണിത്.