ADVERTISEMENT

അബുദാബി∙ മരുഭൂമിയിൽ താൽക്കാലിക കൂടാരം കെട്ടുന്നവർക്ക് മാർഗനിർദേശവുമായി അബുദാബി നഗരസഭ. അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ ടെന്റ് കെട്ടാവൂ. പരിസ്ഥിതിക്കും ഭൂമിക്കും കോട്ടം തട്ടുംവിധം പാഴ് വസ്തുക്കൾ വലിച്ചെറിയരുത്.

 

തണുപ്പായതോടെ വിനോദത്തിന് മരുഭൂമിയിൽ എത്തുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. താൽക്കാലിക ടെന്റിൽ  കുറച്ചുസമയം ചെലവഴിച്ചും പുറത്ത് തീകൂട്ടി ചുറ്റുമിരുന്നു ബാർബിക്യു ചെയ്ത് ഭക്ഷണം കഴിച്ചും സൊറ പറഞ്ഞും പാതി രാത്രിയോടെ മടങ്ങുന്നതു പതിവായിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ കുടുംബസമേതവും ബാച്ചിലർമാർ കൂട്ടത്തോടെയും വാരാന്ത്യങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ തമ്പടിക്കുന്നു.

ഡ്രോൺ വഴി മരുഭൂമി നിരീക്ഷിക്കുന്ന നഗരസഭാ ഉദ്യോഗസ്ഥർ.
ഡ്രോൺ വഴി മരുഭൂമി നിരീക്ഷിക്കുന്ന നഗരസഭാ ഉദ്യോഗസ്ഥർ.

 

ഷഹാമ, അൽവത്ബ എന്നിവിടങ്ങളിലാണ് അനുമതിയുള്ളതെങ്കിലും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ മരുഭൂമിയിലും താൽക്കാലിക ടെന്റുകളും ക്യാംപ് ഫയറുകളും കാണാം. അനുമതിയില്ലാത്ത സ്ഥലത്ത് കൂടാരം കെട്ടുന്നവർക്കെതിരെയും പാഴ് വസ്തുക്കളും ഭക്ഷണ അവശിഷ്ടങ്ങളും മരുഭൂമിയിൽ വലിച്ചെറിയുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

 

മരുഭൂമി യാത്രയ്ക്കു മുൻപ് പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. പരിചയമുള്ള ഒന്നിലേറെ പേർ ഉണ്ടാകുന്നത് വഴി തെറ്റാതിരിക്കാൻ സഹായിക്കും. എവിടേക്കാണ് യാത്ര പോകുന്നതെന്ന് ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ അറിയിക്കണം. പെട്ടെന്നു കാലാവസ്ഥ മോശമായാൽ യാത്ര അവസാനിപ്പിച്ചു മടങ്ങണമെന്നും ഓർമിപ്പിക്കുന്നു.

 

മരുഭൂമിയിൽ തിരക്കു കൂടിയതോടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സഹായം തേടുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി നിയമ ലംഘകരെയും പിടികൂടും.

 

യാത്രയ്ക്ക് മുൻപ് 

 

∙ അറ്റകുറ്റപ്പണി നടത്തി വാഹനത്തിനു തകരാറില്ലെന്ന് ഉറപ്പുവരുത്തണം.

 

∙ ടാങ്കിൽ നിറയെ ഇന്ധനമുണ്ടാകണം. 

 

∙ മരുഭൂമിയിൽ എത്തിയാൽ ടയറുകളുടെ കാറ്റ് കുറയ്ക്കണം.

 

∙ ദീർഘദൂര യാത്രയാണെങ്കിൽ കൂടുതൽ ഭക്ഷണവും വെള്ളവും കരുതാം.

 

∙ മൊബൈൽ ഫോൺ ചാർജറും പവർബാങ്കും എടുക്കാൻ മറക്കരുത്.

 

∙ ടെന്റുകൾക്കു സമീപം തീകൂട്ടരുത്.

 

∙ മടങ്ങുമ്പോൾ തീകെടുത്തി അവശിഷ്ടങ്ങളും ചപ്പുചവറുകളും നീക്കണം.

 

∙ ഫസ്റ്റ് എയിഡ് കിറ്റുകൾ കരുതണം

 

∙ യാത്രകളിൽ മൃഗങ്ങളെ തൊടുകയോ അടുത്തിടപഴകുകയോ ചെയ്യരുത്.  

 

∙ പ്രാണിയോ മൃഗമോ ഇഴജന്തുക്കളോ കടിച്ചാൽ മുറിവ് വൃത്തിയാക്കി ഉടൻ വൈദ്യസഹായം തേടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com