ADVERTISEMENT

ദോഹ∙ 'അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തൊട്ടുമുൻപ് മനസ്സിൽ പരിഭ്രാന്തി, ഉത്കണ്ഠ തുടങ്ങി സമ്മിശ്ര വികാരങ്ങളായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങി പെട്ടെന്നു തന്നെ അഭിമാനത്താൽ വികാരാധീനനായി'- മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിൽ വൊളന്റിയർ ആയി സേവനം അനുഷ്ഠിച്ച സ്വദേശി പൗരനായ ഹബീബ് ഖൽഫാന്റെ വാക്കുകളാണിത്.

 

അൽ ബെയ്ത്തിൽ എൻഗേജ്‌മെന്റ് വൊളന്റിയർ ആയിരുന്നു ഹബീബ്. ലോകകപ്പിൽ നേടിയ അറിവുകളും അനുഭവങ്ങളും സൗഹൃദങ്ങളും ജീവിതാവസാനം വരെ നിലനിൽക്കുമെന്ന് ഹബീബ് പറയുമ്പോൾ അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ച ഖത്തറിനെ വല്ലാതെ 'മിസ്' ചെയ്യുന്നുവെന്നാണ് വൊളന്റിയർ സേവനത്തിനായി ബ്രസീലിൽ നിന്നെത്തിയ ബ്രൂലിയോ മർക്കസിന് പറയാനുള്ളത്.

 

ഇവരെ പോലെ തന്നെ 29 ദിവസം നീണ്ട ലോകകപ്പ് അനുഭവങ്ങൾ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയാണ് മറ്റ്  വൊളന്റിയർമാരും. അത്രകണ്ട് അസുലഭ നിമിഷങ്ങളും അനുഭവങ്ങളും ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിവർ. 150 രാജ്യക്കാരായ 20,000 വൊളന്റിയർമാരിൽ 3,000 പേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണ്. മൊത്തം പേരിൽ ആയിരത്തിലധികം പേർ മലയാളികളാണ്.

 

8 ലോകകപ്പ് വേദികൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, ദോഹ കോർണിഷ്, ഫിഫ ഫാൻ ഫെസ്റ്റിവൽ തുടങ്ങി 25 ലധികം ലൊക്കേഷനുകളിലായാണ് സേവനം ഉറപ്പാക്കിയത്. ടിക്കറ്റിങ്, കാണികൾക്കുള്ള സേവനം, പ്രോട്ടോക്കോൾ, മീഡിയ തുടങ്ങി 45 ലധികം പ്രവർത്തന മേഖലകളിലാണ് ഇവരുടെ സേവനം ലഭിച്ചത്.

 

ലോകകപ്പിന്റെ ആതിഥേയത്വം വലിയ വിജയമാക്കി തീർത്ത ഏറ്റവും വലിയ ടീമുകളിലൊന്ന് വൊളന്റിയർമാരുടേതാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ വ്യക്തമാക്കി. ടൂർണമെന്റിന്റെ ഹൃദയമായിരുന്നു ഇവരെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അഭിപ്രായപ്പെട്ടു.

 

എക്കാലത്തെയും മികച്ചവരെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും വൊളന്റിയർമാരെ വിശേഷിപ്പിച്ചത്. ഖത്തർ വൊളന്റിയർ പ്രോഗ്രാമിൽ 209 രാജ്യക്കാരിൽ നിന്നായി 5 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.ഇവരിൽ 58,000 പേരെയും ലോകകപ്പിനായി ഇന്റർവ്യൂ ചെയ്തു. അഭിമുഖത്തിൽ വിജയിച്ചവരെയാണ് ലോകകപ്പിന് തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com