ADVERTISEMENT

ദുബായ്∙ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസിൽ ഇപ്പോൾ ചേരുന്നവർക്കു 2024 മുതൽ പണം ലഭിക്കും. ഇൻഷുറൻസിൽ ചേരുന്നവരുടെ അപേക്ഷകൾ ഇന്നലെ മുതൽ സ്വീകരിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ വർഷം പദ്ധതിയിൽ ചേരാം.

 

തുടർച്ചയായി 3 മാസമെങ്കിലും പദ്ധതിയുടെ ഭാഗമായിരിക്കണം. ജോലി രാജിവച്ചവർക്ക് ഇൻഷുറൻസ് ലഭിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്നു തെളിയിക്കുന്ന രേഖ ജീവനക്കാരൻ നൽകണം. തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60% നഷ്ടപരിഹാരമായി 3 മാസം വരെ ലഭിക്കും. 

 

എത്ര രൂപ ലഭിക്കും? 

 

16,000 ദിർഹമോ അതിൽ കുറവോ മാസ വേതനമുള്ള ഒരാൾക്ക് 10,000 ദിർഹമായിരിക്കും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്ന പരമാവധി തുക. 16,000നു മുകളിൽ വേതനമുള്ള ഒരാൾക്ക് 20,000 ദിർഹം വരെ ലഭിക്കും. 

 

പണം എപ്പോൾ ലഭിക്കും? 

 

തൊഴിൽ രഹിതനാകുന്ന സാഹചര്യമുണ്ടായാൽ ഇടക്കാല ആശ്വാസമാണ് ഇൻഷുറൻസ്. പദ്ധതിയിൽ അംഗമാകുന്ന തീയതി മുതൽ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക. 

 

പ്രീമിയം എപ്പോൾ അടയ്ക്കാം? 

 

പ്രതിമാസം, 3 മാസം കൂടുമ്പോൾ, 6 മാസം കൂടുമ്പോൾ,വാർഷികം എന്നിങ്ങനെയാണ് പ്രീമിയം അടയ്ക്കാനുള്ള കാലാവധി. ഇതു സമയബന്ധിതമായി അടച്ചിരിക്കണം. നിശ്ചിത ദിവസവും കഴിഞ്ഞു 90 ദിവസത്തിനുള്ളിൽ പ്രീമിയം അടയ്ക്കാൻ കഴിയാതെ വന്നാൽ, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ അടച്ച തുക തിരികെ ലഭിക്കില്ല. തൊഴിൽ ബന്ധം അവസാനിച്ചാൽ 30 ദിവസത്തിനകം ഇൻഷുറൻസ് തുകയ്ക്ക് അപേക്ഷിക്കണം. അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകമായിരിക്കും വിതരണം.

 

ചേർന്നില്ലെങ്കിൽ വേഗമാകട്ടെ

 

അബുദാബി∙ യുഎഇയിൽ നിർബന്ധിത തൊഴിൽ രഹിത ഇൻഷുറൻസിൽ ചേർന്നോ. ഇല്ലെങ്കിൽ വൈകേണ്ട. ചേരാത്തവർക്കു ജൂൺ മുതൽ 400 ദിർഹം (9011 രൂപ) പിഴ നൽകേണ്ടിവരും. നിലവിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പോളിസി നിർബന്ധം. തുടർച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവർക്കാണ് ആനുകൂല്യം. ജനുവരി 1നു ശേഷം ജോലിയിൽ ചേർന്നവർക്കു 4 മാസത്തെ സാവകാശവമുണ്ട്. ഗുണങ്ങളും പോളിസിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ അറിയാം.

 

എന്താ ഗുണം

 

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു ലഭിക്കും. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. 

 

വീഴ്ച വരുത്തിയാൽ

 

നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. പിഴയായി 200 ദിർഹവും അടയ്ക്കണം. 

 

എങ്ങനെ അപേക്ഷിക്കാം

 

∙ www.iloe.ae വെബ്സൈറ്റിൽ പ്രവേശിക്കുക. 

 

∙ സബ്സ്ക്രൈബ് ഹിയർ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.

 

∙ വ്യക്തിഗതം (ഇൻഡിവിജ്വൽ) ഓപ്ഷനിൽ പ്രസ് ചെയ്യുക.

∙ എമിറേറ്റ്സ് ഐഡി/യുഐഡി, മൊബൈൽ നമ്പറുകൾ നൽകി ഒടിപി ബട്ടണിൽ ക്ലിക് ചെയ്യണം.

∙ ലഭിച്ച ഒടിപി (വൺടൈം പാസ് വേഡ്) ടൈപ്പ് ചെയ്യുക (കാറ്റഗറി എ അല്ലെങ്കിൽ ബി തിരഞ്ഞെടുക്കുക.

∙ ശമ്പളം 16,000ൽ കുറവാണെങ്കിൽ 'എ'യും, കൂടുതലാണെങ്കിൽ 'ബി'യും തിരഞ്ഞെടുത്ത് ആനുപാതിക വിവരങ്ങൾ നൽകാം) 

∙ എ വിഭാഗക്കാർ വർഷത്തിൽ 60 ദിർഹം, ബി വിഭാഗക്കാർ 120 ദിർഹം ആണ് പ്രീമിയം.

∙ ലഭിക്കുന്ന തുക അടിസ്ഥാന ശമ്പളത്തിന്റെ 60% (എ പരമാവധി 10,000, ബി–പരമാവധി 20,000 ദിർഹം)

∙ നൽകിയ വിവരങ്ങൾ ഒത്തുനോക്കി ഉറപ്പുവരുത്തണം (ഐ കൺഫേം മൈ പഴ്സനൽ ഡീറ്റെയിൽസ് ആർ കറക്ട്) 

∙ ഇൻഷുറൻസ് കാലാവധി ഒന്നോ രണ്ടോ വർഷത്തേക്കു തിരഞ്ഞെടുക്കാം.

∙ പ്രീമിയം അടയ്ക്കുന്ന കാലയളവ് (1, 3, 6, 9, 12 മാസം) തിരഞ്ഞെടുക്കണം.

∙ പ്ലാനിന്റെ മുഴുവൻ വിശദാംശങ്ങളും നിയമാവലി വായിച്ച് സമ്മതം (എഗ്രിഡ്) പറയണം.

∙ തുടർന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാം.

∙ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി ടൈപ് ചെയ്ത് പണമിടപാട് പൂർത്തിയാക്കണം.

∙ നൽകിയ ഇമെയിൽ വിലാസത്തിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അയച്ചു തരും.

∙ വെബ്സൈറ്റിൽനിന്ന് പിഡിഎഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

 

പോളിസി എടുക്കാൻ 7 ഇടങ്ങൾ 

 

1. www.iloe.ae

 

2. സ്മാർട്ട് ആപ് (iloe), 

 

3. കിയോസ്ക് മെഷീൻ

 

4. അൽഅൻസാരി എക്സ്ചേഞ്ച്

 

5. ബാങ്കിന്റെ എടിഎം/സ്മാർട്ട് ആപ്

 

6. ഡു, ഇത്തിസാലാത്ത്

 

7. സർവീസ് സെന്റർ

 

പണം ലഭിക്കാത്ത സാഹചര്യങ്ങൾ അറിയാം

 

∙ കമ്പനി വ്യാജമാണെന്ന് വ്യക്തമാവുകയോ രേഖകളിൽ തിരിമറി നടത്തുകയോ ചെയ്താൽ തുക ലഭിക്കില്ല. 

 

∙ പണിമുടക്ക്, പ്രതിഷേധം തുടങ്ങിയ കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇൻഷുറൻസ് തുകയ്ക്ക് അവകാശമുണ്ടാകില്ല. 

 

∙ അപേക്ഷകർ നിയമപരമായി രാജ്യത്ത് തങ്ങുന്നവരായിരിക്കണം എന്നതും വ്യവസ്ഥയാണ്

 

∙ രാജ്യം അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാലും ഇൻഷുറൻസ് തുക ലഭിക്കില്ല. 

 

∙ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസാധുവാകാതിരിക്കാൻ അംഗങ്ങൾ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com