ദോഹ∙ മഴയിൽ നനഞ്ഞ് ദോഹ. മഴയും തണുപ്പും കാറ്റുമായി ശൈത്യം പൊടിപൊടിക്കുന്നത് ആസ്വദിക്കുകയാണ് ജനങ്ങൾ. വൈകുന്നേരങ്ങളിലെ കനത്ത തണുപ്പ് വകവയ്ക്കാതെ ജാക്കറ്റും ധരിച്ച് ദോഹ കോർണിഷിലും പബ്ലിക് പാർക്കുകളിലും പതിവ് ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നവർ ധാരാളം.
മഴച്ചിത്രങ്ങളും വിഡിയോകളും കൊണ്ട് സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞു. കത്താറ, ദോഹ കോർണിഷ്, ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ട്, സൂഖ് വാഖിഫ്, അൽ വക്ര സൂഖ് എന്നിവിടങ്ങളിൽ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാൻ കുട്ടികളും കുടുംബങ്ങളുമായി എത്തിയിരിക്കുന്ന ഒട്ടേറെ പ്പേരെ കാണാം. പുറത്തെ തണുപ്പിലേക്ക് ഇറങ്ങാതെ വാഹനങ്ങളിൽ ദോഹയുടെ മഴ സൗന്ദര്യം കാണാൻ ചുറ്റിക്കറങ്ങുന്നവരും ഏറെ.

ദോഹ കോർണിഷ്, അൽ വക്ര ബീച്ച് എന്നിവിടങ്ങളിൽ ചൂണ്ടയുമായി മീൻ പിടിത്തത്തിൽ മുഴുകിയവരുമുണ്ട്. മഴക്കാലമായതിനാൽ ബീച്ചുകളിൽ ബാർബിക്യൂ ഉണ്ടാക്കിയും കളിതമാശകളും വിശേഷങ്ങളും പറഞ്ഞു രാത്രി ചെലവിടുന്ന കുടുംബ, സൗഹൃദ കാഴ്ചകൾക്ക് തുടക്കമായിട്ടില്ല. വീടിനു പുറത്തിറങ്ങുമ്പോൾ മുൻകരുതൽ വേണം, വാഹനത്തിന് അമിത വേഗം പാടില്ല തുടങ്ങിയ ശൈത്യകാല ആരോഗ്യ, വാഹന സുരക്ഷാ നിർദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കാലാവസ്ഥാ വകുപ്പുമെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
കടലിൽ പോകുന്നവർക്കുള്ള ജാഗ്രതാ നിർദേശം, രാജ്യത്ത് മഴ പെയ്യുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ ചില പ്രദേശങ്ങളിൽ മഞ്ഞ് ശക്തമായിരുന്നു. ഇടവിട്ട് മഴ പെയ്‌തെങ്കിലും ഗതാഗതത്തിന് കാര്യമായ തടസ്സമുണ്ടായില്ല. രാവിലെ അൽ കരാനയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്-14 ഡിഗ്രി സെൽഷ്യസ്.

ദോഹ നഗരത്തിൽ പ്രകടമായ താപനില 16 ഡിഗ്രി സെൽഷ്യസും. വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമായിരുന്നു. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ ആയിരുന്നു കാറ്റിന്റെ വേഗം. കനത്ത കാറ്റിനെത്തുടർന്ന് കടലിൽ തിരമാലകളും പ്രക്ഷുബ്ധമായിരുന്നു. ഈ ആഴ്ച അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
English Summary : People are enjoying the dusty winter with rain and wind in Doha