ADVERTISEMENT

ദുബായ്∙ അടുത്ത 10 വർഷത്തിൽ 32 ലക്ഷം കോടി ദിർഹത്തിന്റെ (702,000,000,000,000 രൂപ) സാമ്പത്തിക ലക്ഷ്യം പ്രഖ്യാപിച്ച് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.

 

സാമ്പത്തിക അജൻഡ ഡി33 എന്നു പേരിട്ട പദ്ധതിയിൽ അടുത്ത ദശകത്തിൽ എമിറേറ്റിന്റെ വളർച്ച എങ്ങനെയാകണമെന്നു വിശദീകരിക്കുന്നു. ലോകത്തിന് എന്താണോ ആവശ്യം അതു നൽകുന്നവരുടേതാണ് അടുത്ത ദശകമെന്ന് ദുബായ് കരുതുന്നു.

 

ആ ആവശ്യങ്ങളെ നിറവേറ്റുന്നതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പട്ടണമായി മാറാൻ ദുബായ് ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 10 വർഷത്തിൽ ദുബായിയുടെ സമ്പത്തിനെ ഇരട്ടിയാക്കുന്ന 100 പദ്ധതികളാണ്ആ വിഷ്കരിച്ചിരിക്കുന്നത്. 

 

∙ വിദേശ വ്യാപാരം 25.6 ലക്ഷം കോടി ദിർഹമായി അടുത്ത 10 വർഷത്തിൽ ഉയർത്തും. 

 

∙ നേരിട്ടുള്ള വിദേശ നിക്ഷേപം 3200 കോടിയിൽ നിന്ന് 6000 കോടി ദിർഹമായി പ്രതിവർഷം ഉയർത്തും. 

 

∙ 2033 ആകുമ്പോഴേക്കും നേരിട്ടുള്ള വിദേശ നിക്ഷേപം 65,000 കോടി ദിർഹമായിരിക്കും. 

 

∙ സർക്കാരിന്റെ ചെലവുകൾ 51,200 കോടി ദിർഹമായിരുന്നത് അടുത്ത 10 വർഷത്തിൽ 70,000 കോടി ദിർഹമാക്കും. 

 

∙ സ്വകാര്യ മേഖലയിലെ നിക്ഷേപം 79,000 കോടി ദിർഹമെന്നത് 10 വർഷത്തിൽ 1 ലക്ഷം കോടി ദിർഹമാക്കും. 

 

∙ ആഭ്യന്തര ചരക്ക്, സേവന ആവശ്യങ്ങളുടെ മൂല്യം 2.2 ലക്ഷം കോടി ദിർഹത്തിൽ നിന്ന് 3 ലക്ഷം കോടി ദിർഹമാക്കും. 

 

∙ ഡിജിറ്റൽ രൂപാന്തര പദ്ധതികളിൽ നിന്നു പ്രതിവർഷം 10,000 കോടി ദിർഹം പ്രതീക്ഷിക്കുന്നു. 

 

ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ദുബായിയുടെ വിദേശ വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായിയുടെ വിദേശ വ്യാപാര ഭൂപടത്തിൽ 400 പട്ടണങ്ങളെ കൂടി ഉൾപ്പെടുത്തും. ഇതോടെ എമിറേറ്റിന്റെ വിദേശ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുത്ത 10 വർഷത്തിൽ എത്താൻ കഴിയും.

 

നിർമാണ മേഖലയിൽ ഹരിത, സുസ്ഥിര പദ്ധതികൾ അവതരിപ്പിക്കും. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളുമായി പുതിയ സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുമെന്നും ഡി33 സാമ്പത്തിക അജൻഡയിൽ പറയുന്നു. ഭാവിയുടെ സാമ്പത്തിക ഇടനാഴി എന്നാണ് ഈ മൂന്നു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദുബായിലെ 30 കമ്പനികളെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളായി വളർത്തുന്നതിനുള്ള സഹായം ഭരണകൂടം നൽകും.

 

തൊഴിൽ മേഖലയിൽ പുതിയതായി 65,000 യുവ ഇമറാത്തികളെ ഉൾപ്പെടുത്തും. പുത്തൻ തലമുറ വ്യാപാരികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ദുബായി വ്യാപാരി പദ്ധതി തുടങ്ങും. എമിറേറ്റിലെ എല്ലാ കമ്പനികൾക്കും ഏകീകൃത വാണിജ്യ ലൈസൻസ് ഏർപ്പെടുത്തും. പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും സാൻഡ്ബോക്സ് ദുബായ് തുടങ്ങും. ഇതുവഴി കണ്ടുപിടിത്തങ്ങളുടെ തലസ്ഥാനമായി എമിറേറ്റിനെ രൂപപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തിന്റെ ആസ്ഥാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ലോകത്തെ മികച്ച സർവകലാശാലകളെ എമിറേറ്റിലേക്ക് കൊണ്ടുവരും.

 

പ്രോത്സാഹനം ആവശ്യമായ 400 കമ്പനികളെ കണ്ടെത്തി അവരുടെ ഉൽപാദന ശേഷി വർധിപ്പിച്ചു ലോക നിലവാരത്തിലെത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകും. ഇതുവഴി ലോകത്തിലെ ഏറ്റവും മികച്ചതാകാനുള്ള കിടമത്സരത്തിലാണ് ദുബായ് എന്നു ഷെയ്ഖ് മുഹമ്മദ് ഉറപ്പിച്ചു പറയുന്നു. പകലുകളും രാത്രികളും നിലയ്ക്കുന്നില്ല, പിന്നെ നമ്മൾ എന്തിനു നിൽക്കണം? ഓട്ടം തുടരുക തന്നെ – ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

 

പ്രഖ്യാപനം തൊഴിലവസരം സൃഷ്ടിക്കും: ഡോ. ആസാദ് മൂപ്പൻ

 

ദുബായ്∙ യുഎഇയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിട്ടുള്ള സമീപനമാണ് സാമ്പത്തിക അജൻഡ ‍ഡി33ൽ ഉള്ളതെന്നു ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. 10 വർഷത്തിനുള്ളിൽ ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച 4 സാമ്പത്തിക കേന്ദ്രങ്ങളിലൊന്ന് ആക്കാനുള്ള കാഴ്ചപ്പാട് എല്ലാ സംരംഭകർക്കും പ്രചോദനം നൽകുന്നതാണ്. പുതിയ പ്രഖ്യാപനം കൂടുതൽ നിക്ഷേപം എമിറേറ്റിലേക്ക് കൊണ്ടു വരും. ഡിജിറ്റൽ പരിവർത്തനം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com