ദോഹ∙ തുടർച്ചയായ മഴയിലും റോഡുകളിലെ മഴവെള്ളം നീക്കൽ, ശുചീകരണ നടപടികൾ അതിവേഗത്തിൽ മുന്നേറുന്നു. നഗരസഭ മന്ത്രാലയത്തിലെ റെയിൻ എമർജൻസി ജോയിന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഴവെള്ളം നീക്കി റോഡുകൾ വൃത്തിയാക്കുന്നത്. കഴിഞ്ഞ 3,4 തീയതികളിലായി പെയ്ത മഴയെ തുടർന്ന് റോഡുകളിൽ നിറഞ്ഞ വെള്ളം 624 തൊഴിലാളികൾ ചേർന്ന് 24 മണിക്കൂർ കൊണ്ടാണ് നീക്കിയത്.

221 മെഷീനുകളും പമ്പുകളും ഉപയോഗിച്ച് 4,190 ടാങ്കർ മഴവെള്ളം നീക്കി. മന്ത്രാലയത്തിന്റെ ഹോട്‌ലൈനിൽ മഴവെള്ളക്കെട്ടുകൾ നീക്കാനായി പൊതുജനങ്ങളിൽ നിന്ന് 195 വിളികളാണ് എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മഴ തുടരുകയാണ്. തണുപ്പും കാറ്റും ശക്തമാണ്.
വടക്കൻ മേഖലയിൽ ആണ് മഴ കൂടുതൽ. ചില സമയങ്ങളിൽ ഇടിയോടു കൂടിയ മഴയും കാറ്റും ശക്തമാണ്. ദോഹ നഗരത്തിലുൾപ്പെടെ ഇടവിട്ടുള്ള മഴയുണ്ട്. വാഹനം ഓടിക്കുമ്പോഴും വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുമുണ്ട്. കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.