ADVERTISEMENT

അബുദാബി∙ ആഗോള താപനം ചെറുക്കുന്നതിനും കൂടുതൽ മഴപെയ്യിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ തേടുന്ന ആറാമത് റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിന് അബുദാബി ആതിഥേയത്വം വഹിക്കും.

 

ഈ മാസം 24, 25, 26 തീയതികളിൽ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ആഗോള, ദേശീയ വിദഗ്ധർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും. ‍സ്വാഭാവിക മഴ പരിമിതമായ മേഖലകളിൽ കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച ശാസ്ത്ര സാങ്കേതിക മുന്നറ്റങ്ങളായിരിക്കും പ്രധാന ചർച്ചാ വിഷയം.

 

ലോകത്ത് ശുദ്ധ ജല ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം ആഗോള താപനം കുറയ്ക്കുന്നതു സംബന്ധിച്ചും വിവിധ രാജ്യങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. കൃത്രിമ മഴ വർഷിപ്പിക്കുന്നതിൽ യുഎഇ സ്വീകരിച്ചുവരുന്ന സാങ്കേതികവിദ്യ സമ്മേളനത്തിൽ വിശദീകരിക്കും. ഇക്കാര്യത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും യുഎഇ ആഗ്രഹിക്കുന്നു.

 

ജല ദൗർലഭ്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ പ്രശ്നങ്ങളും ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. മഴ വർധിപ്പിക്കാനുള്ള പുതിയ സമീപനങ്ങളും സാങ്കേതിക വിദ്യകളും മറ്റു രാജ്യക്കാർക്കുകൂടി പകർന്നു നൽകും. വിഷയത്തിൽ നൂതന ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും കണ്ടുപിടിത്തങ്ങളും വിദ്യാർഥികളുടെ പദ്ധതികളും അവതരിപ്പിക്കാൻ അവസരം നൽകും.

 

കൃത്രിമ മഴയിൽ വിജയം കണ്ട് യുഎഇ

 

അബുദാബി∙ ക്ലൗഡ് സീഡിങിലൂടെ കൂടുതൽ മഴ പെയ്യിച്ച് യുഎഇ. വരൾച്ചയും ഉയർന്ന ജല ബാഷ്പീകരണവും പരിമിതപ്പെടുത്തുന്ന കൃത്രിമ മഴയിലൂടെ (ക്ലൗഡ് സീഡിങ്) താപനില ക്രമീകരിക്കാനും സാധിക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിന് 2002ലാണ് യുഎഇ ക്ലൗഡ് സീഡിങ് ആരംഭിച്ചത്. ശൈത്യകാലമായിട്ടും മഴ ലഭ്യത കുറയുമ്പോഴും ചൂടിന്റെ കാഠിന്യം തടയാനും വിവിധ സമയങ്ങളിൽ ക്ലൗഡ് സീഡിങ് നടത്തിവരുന്നു.

 

കൃത്രിമമായി മഴ പെയ്യിക്കാൻ മേഘത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ഇതിലൂടെ 18% മഴ വർധിപ്പിക്കാമെന്ന് യുഎഇ 2 പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ വ്യക്തമാക്കുന്നു. പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ അഭാവം നികത്താനും മഴയുടെ അളവ് വർധിപ്പിക്കാനുമാണ് യുഎഇയുടെ ശ്രമം. വരൾച്ചാ വെല്ലുവിളി നേരിടുന്ന ആഗോള രാജ്യങ്ങൾക്കും ഈ മാതൃക പിന്തുടരാം.

 

നൂറിലേറെ കാലാവസ്ഥാ സ്റ്റേഷനുകൾ, റഡാറുകളുടെ സംയോജിത ശൃംഖല, ക്ലൗഡ് സീഡിങിനായി രൂപകൽപന ചെയ്ത വിമാനങ്ങൾ, പ്രത്യേക നൂതന സംവിധാനമുള്ള കേന്ദ്രവും വിദഗ്ധരും എന്നിവയാണ് ഈ രംഗത്ത് യുഎഇയുടെ കരുത്ത്. മഴ പെയ്യിക്കാൻ സാധ്യതയുള്ള മേഘങ്ങളെ വെതർ സർവെയ്‌ലൻസ് റഡാർ (ഡബ്ല്യുഎസ്ആർ) ഉപയോഗിച്ച്  കണ്ടെത്തിയാൽ വിമാനങ്ങളിൽ എത്തി രാസമിശ്രിതം വിതറും.

 

മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ യോജിപ്പിച്ച മിശ്രിതമാണ് മേഘങ്ങളിൽ വിതറുക. വൈദ്യുത തരംഗങ്ങൾ കടത്തിവിട്ട് രാസപ്രക്രിയ വേഗത്തിലാക്കുന്നതോടെ മഴ പെയ്തുതുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com