ദോഹ∙ ഫിഫയുടെ 9ാമത് വനിതാ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഏറ്റവും കൂടുതൽ ടിക്കറ്റെടുത്ത രാജ്യങ്ങളുടെ ആദ്യ പത്തിൽ ഖത്തറും. ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലാണ് വനിതാ ലോകകപ്പ് നടക്കുന്നത്. 5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവർക്ക് പുറമേ യുഎസ്എ, ഇംഗ്ലണ്ട്, ഖത്തർ, ജർമനി, ചൈന, കാനഡ, അയർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ താമസിക്കുന്നവരാണ് ഏറ്റവുമധികം ടിക്കറ്റ് എടുത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
120 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതുവരെ ടിക്കറ്റ് എടുത്തത്. മുതിർന്നവർക്ക് 20 ഡോളർ, കുട്ടികൾക്ക് 10 ഡോളർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഹോസ്പിറ്റാലിറ്റി പാക്കേജ് വിൽപനയും ആരംഭിച്ചിട്ടുണ്ട്. ഫിഫയുടെ വെബ്‌സൈറ്റിൽ ടിക്കറ്റുകളും പാക്കേജും ലഭ്യമാണ്.