ഇന്ത്യ–യുഎഇ എണ്ണയിതര വ്യാപാരം രൂപയിൽ; ചർച്ചയിൽ പുരോഗതി
Mail This Article
അബുദാബി∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണയിതര വ്യാപാരം രൂപയിൽ നടത്തുന്നത് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു. ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിക്കെത്തിയ യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഇടപാടുകളിൽ ഭൂരിഭാഗവും യുഎസ് ഡോളറിലാണ്.
Read also: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും
എണ്ണയിതര ഇടപാടുകൾ പ്രാദേശിക കറൻസികളിലാക്കുന്നതു സംബന്ധിച്ച് ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളും ചർച്ച നടന്നുവെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ല. വിനിമയം രൂപയിലാക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ശക്തമാക്കും. രൂപയുടെ മൂല്യം വർധിക്കുമെന്നതാണ് സുപ്രധാന നേട്ടം. ഇതുമൂലം വിദേശ വ്യാപാരത്തിന് താരതമ്യേന കുറഞ്ഞ തുക നൽകിയാൽ മതിയാകും. ഡോളറുമായുള്ള വിനിമയത്തിൽ കൂടുതൽ രൂപ നൽകുന്നതും ഇതുമൂലം ഒഴിവാക്കാം. നിലവിൽ ഇറാൻ, റഷ്യ എന്നീ ഇന്ത്യ രാജ്യങ്ങളുമായി ഇന്ത്യ രൂപയിൽ വിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക കരാറിലും രൂപയിലെ വിനിമയം സംബന്ധിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. അടുത്ത 5 വർഷത്തിനകം എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളറായി ഉയർത്താനാണ് ഇന്ത്യ–യുഎഇ വ്യാപാര കരാറിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഡോളർ അടിസ്ഥാനമാക്കിയുള്ള ഇടപാട് ഒറ്റ രാത്രികൊണ്ടു മാറ്റാനാവില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും സൂചിപ്പിച്ചു.