ദുബായ് ∙ യുഎഇയിൽ ഇന്നും (ശനി) നേരിയ മഴ തുടരാൻ സാധ്യത. ഉമ്മുൽഖുവൈനിൽ രാവിലെയും നല്ല മഴ ലഭിച്ചു. ശക്തമായ കാറ്റ് കടൽ പ്രക്ഷുബ്ധാവസ്ഥയ്ക്ക് കാരണമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) അറിയിച്ചു. രാജ്യത്ത് ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കൂടിയ താപനില 20-24°സെൽഷ്യസ്. കുറഞ്ഞത് – 2 -7° സെൽഷ്യസ്.
ദുബായുടെ ചില ഭാഗങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴ അനുഭവപ്പെട്ടു. ഇത് വെള്ളപ്പൊക്കത്തിനും വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകാനും കാരണമായി. വെള്ളക്കെട്ട് കാരണം വെള്ളിയാഴ്ച രാത്രി ദുബായ് പൊലീസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റിലേക്കുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് തിരിച്ചുവിട്ടു. ദുബായിലെ പല റോഡുകളിലും ഇന്നലെ വൈകിട്ട് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
എന്നാൽ മൂന്ന് ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം ഇന്ന് നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്‌ച മുഴുവൻ വരണ്ടതും എന്നാൽ മേഘാവൃതമായിരിക്കും. നാളെ(ഞായർ) ആകാശം ചിലപ്പോൾ മേഘാവൃതമായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുമുണ്ട്. എന്നാൽ കനത്ത മഴ പ്രവചിച്ചിട്ടില്ല. ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച, അൽ ദഫ്ര മേഖലയിലെ അൽ മിർഫയിലാണ് ഏറ്റവും ഉയർന്ന താപനില 23 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. അബുദാബിയുടെ ചില ഭാഗങ്ങളിൽ ചെറിയതോതിലോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. ഡ്രൈവർമാരോട് ജാഗ്രതയോടെ വാഹനമോടിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും വേഗ പരിധി പാലിക്കാനും അഭ്യർഥിക്കുന്നുവെന്ന് അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു.
ഷാർജയിൽ 185 ലധികം ട്രക്കുകൾ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസി വാം പറഞ്ഞു. വെള്ളം കെട്ടിനിൽക്കുകയോ, മഴയിൽ കടപുഴകി വീഴുന്ന മരങ്ങൾ നീക്കം ചെയ്യാനോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങളോ ഉണ്ടായാൽ 993 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.