ADVERTISEMENT

മസ്‌കത്ത്∙ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക ഏര്‍പ്പെടുത്തി വരുന്ന മാര്‍ തേവോദോസ്യോസ് തണല്‍ പുരസ്കാരം പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക്.  ഇടവക നടപ്പിലാക്കി വരുന്ന തണല്‍ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പുരസ്കാരം. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉത്തര ഭാരത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദര്‍ശനവും മാനവും നല്‍കിയ കൊല്‍ക്കത്താ ഭദ്രാസനാധിപനും 29 വര്‍ഷക്കാലം ഇടവകയുടെ മെത്രാപ്പോലീത്തായുമായിരുന്ന കാലം ചെയ്ത ഡോ. സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം. ഫെബ്രുവരി പത്തിന് ഇടവക സംഘടിപ്പിക്കുന്ന *സമര്‍പ്പണം-23* പരിപാടിയില്‍ പുരസ്കാരം നല്‍കുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.   

 

അധഃസ്ഥിതരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് ദയാ ബായി. ഗോത്രജീവിതത്തിന്റെ മുഖച്ഛായ കൂടിയാണ് അവര്‍. കഴിഞ്ഞ അന്‍പത് വര്‍ഷത്തിലധികമായി മധ്യപ്രദേശിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കൊപ്പം ജീവിച്ച്  അവരുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനുമായി നടത്തിയ പോരാട്ടങ്ങളിലൂടെയും പ്രകൃതി സംരക്ഷണത്തിനും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുമായി  ഇന്ത്യയിലുടനീളം സഞ്ചരിച്ച് നടത്തിയ സമരപോരാട്ടങ്ങളിലൂടെയും ലോകശ്രദ്ധ നേടി. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചാരണങ്ങളും അവഗണിക്കപ്പെട്ട ആദിവാസി ഗോത്ര വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങള്‍ക്കിടയില്‍ അനേക തവണ കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ബംഗ്ലദേശ് യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചവരേയും ഭോപ്പാൽ ദുരന്തത്തിന് ഇരയായവരെയും സഹായിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു അവര്‍. നർമദ ബച്ചാവോ ആന്ദോളന്‍, കേരളത്തിലെ മുത്തങ്ങ, ചെങ്ങറ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ ദയാ ബായി ഏറ്റവും ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ക്കും പുനഃരധിവാസത്തിനും ചികിത്സാ സൌകര്യങ്ങള്‍ക്കുമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ അനിശ്ചിതകാല നിരാഹാര  സമരവും മനുഷ്യ മനസാക്ഷിയെ ഉണര്‍ത്തുന്നതായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്കാരങ്ങളും ദയാ ബായിയെ തേടിയെത്തി.

മസ്കറ്റ് മഹാ ഇടവകയുടെ പ്രധാന ജീവകാരുണ്യ “തണല്‍” പദ്ധതിയില്‍ കഴിഞ്ഞ 17 വര്‍ഷക്കാലമായി നിര്‍ധനരും നിരാലംബരുമായവര്‍ക്കായി വിവിധ പദ്ധതികളാണ് ആവിഷ്ക്കരിച്ചു വരുന്നത്. ഭവന നിര്‍മ്മാണം, വിവാഹ സഹായം, കാന്‍സര്‍, വൃക്ക രോഗികള്‍ക്കുള്ള  ചികിത്സാ സഹായം, ഹൃദയ ശസ്ത്രക്രിയാ സഹായം, ആതുര സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, കേരളത്തിലുടനീളം നിരവധി ജീവകാരുണ്യ പദ്ധതികളാണ് ഇടവക നടപ്പിലാക്കി വരുന്നത്. ഒമാനില്‍ ഇടവക രൂപീകൃതമായി അന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സുവര്‍ണ്ണ ജൂബിലി വര്‍ഷം “തണല്‍-ബൈത്തോ” എന്ന പേരില്‍ കേരളത്തിലെ വിവിധ മേഖലകളിലുള്ള നിര്‍ധനരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com