ADVERTISEMENT

ദോഹ∙ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ. സന്ദർശക വീസകളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് നിർബന്ധം. പൊതുജനാരോഗ്യ മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സന്ദർശകരെയും രണ്ടാം ഘട്ടത്തിൽ ഖത്തറിലെ പ്രവാസി താമസക്കാരെയും ലക്ഷ്യമിടുന്നു.

Also read: പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നു വീട്ടുജോലിക്കാരെ കൊണ്ടുവരാം; നടപടികൾ ഇങ്ങനെ

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം, പ്രീമിയം തുക എത്ര, പോളിസിയുടെ പരിധിയിൽ വരുന്ന ആരോഗ്യ സേവനങ്ങൾ എന്തൊക്കെ എന്നറിയാം.

‌ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം?

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ മെട്രാഷ് 2 ആപ്പ് മുഖേന സന്ദർശക വീസയ്ക്ക് അപേക്ഷ നൽകി കഴിയുമ്പോൾ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാം. സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി, മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളുടെ പട്ടിക, അടയ്‌ക്കേണ്ട പ്രീമിയം തുക എന്നിവ സംബന്ധിച്ചുമുള്ള വിവരങ്ങൾ സൈറ്റിൽ കാണാം. മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽ നിന്നായിരിക്കണം പോളിസി. വീസ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം വേണം ഇൻഷുറൻസ് എടുക്കാൻ.

∙അപേക്ഷകൻ തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പോളിസി ഇഷ്യൂ ചെയ്യുന്നതനുസരിച്ച് ആഭ്യന്തര മന്ത്രാലയം സന്ദർശക വീസ അനുവദിക്കും. 

∙വീസ അനുവദിച്ച ശേഷം സന്ദർശകൻ എത്തുന്ന തീയതി മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ആക്ടിവേറ്റാകും. 

∙വീസ കാലാവധി നീട്ടിയാൽ വീണ്ടും പുതിയ ഇൻഷുറൻസ് പോളിസി എടുക്കണം. 

∙ഇന്റർനാഷനൽ ഹെൽത്ത് ഇൻഷുറൻസ് ഉള്ളവരാണെങ്കിൽ പോളിസി പരിധിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ ഖത്തറും ഉണ്ടായിരിക്കണം. ഇത് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളുടെ പോളിസി ആയിരിക്കണം.

പോളിസിയുടെ കവറേജ് 

1. അടിയന്തര മെഡിക്കൽ ചികിത്സ

∙ പോളിസി കാലാവധിയിൽ രാജ്യത്തിനകത്ത് തുടരുന്ന സന്ദർശകന് 1,50,000 റിയാൽ (ഏകദേശം 33,37,500 ഇന്ത്യൻ രൂപ) വരെയുള്ള അടിയന്തര മെഡിക്കൽ ചികിത്സയ്ക്കുള്ള പരിരക്ഷ ലഭിക്കും. 

2. അടിയന്തര മെഡിക്കൽ സഹായം

∙ 35,000 റിയാൽ (ഏകദേശം 7,78,750 ഇന്ത്യൻ രൂപ) വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 

∙ രാജ്യത്തിനകത്ത് എവിടെയാണെങ്കിലും ആവശ്യമെങ്കിൽ അടിയന്തരമായി ആംബുലൻസ് സേവനവും ലഭിക്കും. 

∙ യാത്രക്കാരനെ സ്വദേശത്ത് എത്തിക്കാനുള്ള സൗകര്യം (മെഡിക്കൽ ഇവാക്വേഷൻ).

3. കോവിഡ്-19, ക്വാറന്റീൻ

∙ 50,000 റിയാൽ (ഏകദേശം 11,12,500 ഇന്ത്യൻ രൂപ) വരെയുള്ള പരിരക്ഷ ലഭിക്കും. 

∙ കോവിഡ് പോസിറ്റീവാകുന്നവർക്ക് ചികിത്സ.

∙ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ക്വാറന്റീൻ ചെലവ് ഇൻഷുറൻസ് പരിധിയിൽ വരും. പ്രതിദിനം 300 റിയാൽ (6,675 ഇന്ത്യൻ രൂപ) വരെ. 

4. കാത്തിരിപ്പ് കാലാവധി ആവശ്യമില്ല. 

5. ഖത്തറിൽ താമസിക്കുന്നതിനിടെ സന്ദർശകന് മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി 10,000 റിയാൽ (ഏകദേശം 2,22,500 ഇന്ത്യൻ രൂപ) വരെയുള്ള പോളിസി കവറേജ്.

6. പോളിസി കാലയളവ്- സന്ദർശകരുടെ ഇൻഷുറൻസ് പോളിസിയുടെ ഏറ്റവും കുറഞ്ഞ കാലയളവ് 30 ദിവസമാണ്. ഈ കാലയളവിൽ കുറഞ്ഞ പോളിസി ലഭ്യമല്ല. 

ഓൺ-അറൈവൽ വീസ: പ്രവേശനം ഇൻഷുറൻസ് എടുത്തശേഷം

ദോഹ∙ ഓൺ-അറൈവൽ വീസയിൽ എത്തുന്നവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഓൺ അറൈവൽ, മൾട്ടിപ്പിൾ എൻട്രി തുടങ്ങിയ വീസകളിലെത്തുന്നവർക്കുൾപ്പെടെ എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. 

ഓൺ അറൈവൽ വീസ

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന പോളിസി എടുത്ത ശേഷം മാത്രം പ്രവേശനം. 

മൾട്ടിപ്പിൾ എൻട്രി വീസ

പ്രവേശിക്കുന്ന തീയതി മുതൽ പോളിസി കാലഹരണപ്പെടുന്നതു വരെയാണ് കാലാവധി. 

സിംഗിൾ എൻട്രി വീസ

സിംഗിൾ എൻട്രി വീസയിൽ എത്തുന്നവർക്കും ഇൻഷുറൻസ് നിർബന്ധം. രാജ്യം വിടുമ്പോൾ പോളിസിയുടെ കാലാവധിയും കഴിയും.

ഇൻഷുറൻസ് പ്രീമിയം

∙ സന്ദർശകർക്ക് ഒരു മാസത്തേക്ക് 50 റിയാൽ ആണ് സിംഗിൾ ഇൻഷുറൻസ് പോളിസി പ്രീമിയം തുക. ഏകദേശം 1,113 ഇന്ത്യൻ രൂപ. 

∙ അധിക ആരോഗ്യ സേവനങ്ങൾക്കുള്ള കവറേജിനായി  പ്രത്യേകം പ്രീമിയം തുക നൽകണം. ഇതിന്റെ നിരക്ക് ഇൻഷുറൻസ് കമ്പനികൾ തീരുമാനിക്കും. 

അന്വേഷണങ്ങൾക്ക്

∙ ഇൻഷുറൻസ് വിവരങ്ങൾക്ക്: https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx

∙ ഹെൽത്ത് ഇൻഷുറൻസ് വിവരങ്ങൾക്കായി ഖത്തറിലുള്ളവർക്ക് 16000 (എക്സ്റ്റൻഷൻ നമ്പർ 1) എന്ന ഹോട്ട്‌ലൈനിൽ ബന്ധപ്പെടാം. വിദേശത്തുള്ളവർക്ക് +974 440 69963.

∙ ഇൻഷുറൻസ് സംബന്ധിച്ച പരാതികൾ ghcc@moph.gov.qa എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കാം. 

∙ ഹെൽത്ത് ഫിനാൻസിങ്-ഇൻഷുറൻസ് വകുപ്പിനെ ബന്ധപ്പെടാൻ: https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/default.aspx

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com