ADVERTISEMENT

ദുബായ്∙ സമൂഹമാധ്യമങ്ങളിലെ സിനിമാ വിമർശനം പരിഹാസമാവരുതെന്ന് ന‌‌ടൻ മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ പലതും  അതിരുകടക്കുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനോടനുബന്ധിച്ച് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 

മലയാള സിനിമകളിൽ പുതുതായി കണ്ടുവരുന്ന നല്ല മാറ്റങ്ങൾക്കു കാരണം  സിനിമയെ പ്രേക്ഷകർ സ്വീകരിക്കുന്നതുകൊണ്ടാണ്. ഫാൻസ് മാത്രമല്ല, സിനിമയെ ഇഷ്ടപ്പെടുന്നവരെല്ലാവരും കാണുന്നതുകൊണ്ടാണ് തന്റെ ചിത്രങ്ങൾ വിജയിക്കുന്നത്. 'ക്രിസ്റ്റഫർ' എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടിയുള്ള ചിത്രമാണ്. സിനിമ കാണുന്നവരെല്ലാം സിനിമയുടെ ഫാൻസാണ്. എല്ലാ സിനിമകൾ കാണുന്നവരുണ്ടാകും. എല്ലാം കാണാത്തവരുമുണ്ടാകും. എല്ലാവർക്കും ഉള്ളതാകാതെ ഒരു സിനിമയും നിലനിൽക്കുകയില്ല. കുറച്ചുപേർക്ക് ഒരു നടനോടോ നടിയോടോ ഇഷ്ടക്കൂടുതൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. 

 

ഒട്ടേറെ പൊലീസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒാരോന്നും വ്യത്യസ്തമാക്കാനുള്ള ശ്രമം നടത്താറുണ്ട്. ഒാരോ കഥാപാത്രത്തിനും ഒാരോ ചിന്തയും മനസും സ്വഭാവവും നല്‍കിയാണ് ഇതുവരെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ക്രിസ്റ്റഫറിലെ പൊലീസ് കഥാപാത്രം യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നത് കുറവാണെന്നേയുള്ളൂ. ക്രിസ്റ്റഫറിനും ഒരു കഥയുണ്ട്. വ്യഥയുമുണ്ട്. അയാളെ ചൂഴ്ന്നുനിൽക്കുന്ന ഒരുപാട് ശക്തികളും വെല്ലുവിളികളുമുണ്ട്. അവയെല്ലാം ഇൗ സിനിമയിൽ അവിടെയിവിടെയായി വന്നപ്പോൾ ചിത്രം ഒരു നേർരേഖയിൽ പോകുന്ന  പൊലീസുകാരന്റെ കഥയായി മാറി. ‌അയാളുടെ ജോലിയിൽ വന്നു ചേരുന്ന ചില സംഭവങ്ങൾ തന്നെയാണ് പറയുന്നത്. ഒപ്പം അയാളുടെ ജീവിതകഥയും കടന്നുപോകുന്നു.‌ ക്രിസ്റ്റഫറിൽ സ്ത്രീ കഥാപാത്രങ്ങൾക്കു വലിയ പ്രാധാന്യമുണ്ടെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും അത് ഉപരോധിക്കുന്നതുമാണു ചിത്രത്തിന്റെ പ്രമേയമെന്നും മമ്മുട്ടി പറഞ്ഞു. 

 

ഒരു മാസ്റ്റർ ക്ലാസിൽ പങ്കെടുക്കുന്ന പോലെയാണു മമ്മുക്കയോടൊത്ത് ക്രിസ്റ്റഫറിൽ അഭിനയിക്കുമ്പോൾ തോന്നിയിട്ടുള്ളതെന്നു നടി  െഎശ്വര്യാ ലക്ഷ്മി പറഞ്ഞു. ചോദിച്ചുവാങ്ങിയ സിനിമയാണ് ക്രിസ്റ്റഫർ. മമ്മുക്കയുടെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹമാണ് ഇതിന് പിന്നിൽ. മമ്മുക്കയുടെ അരികിൽ നിൽക്കുമ്പോൾ വല്ലാത്ത മനഃശ്ശാന്തി അനുഭവപ്പെടാറുണ്ട്. പെട്ടെന്ന് വിഷാദത്തിലാകുന്ന സ്വഭാവമുള്ള ഞാൻ സെറ്റിൽ അത്തരത്തിലുള്ള അവസ്ഥയിലാകുമ്പോൾ അതിൽ നിന്ന് വിടുതൽ നേടാനുള്ള കാര്യങ്ങളെല്ലാം മമ്മുക്ക പറഞ്ഞുതരാറുണ്ട്. പണ്ടത്തെ കാലത്തെ സിനിമാ ചിത്രീകരണ കഥകളും പറഞ്ഞുതന്നു. മമ്മുക്കയുടെ എല്ലാ ചിത്രത്തിലും അഭിനയിക്കണമെന്നാണ് ആഗ്രഹം. 

 

2001ൽ ആനന്ദം എന്ന ചിത്രത്തിൽ മമ്മുട്ടിയോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായിട്ടുള്ള ആകാംക്ഷയാണ് ക്രിസ്റ്റഫറിലഭിനയിക്കുമ്പോഴും ഉണ്ടായതെന്ന് നടി സ്നേഹ പറഞ്ഞു. വളരെ പ്രചോദനം തരുന്ന വ്യക്തിത്വമാണദ്ദേഹത്തിന്‍റേത്. കാണുമ്പോഴുള്ള ആകർഷണം മാത്രമല്ല, വ്യക്തിപ്രഭാവവും അതിനു കാരണം തന്നെ. മമ്മുക്കയോടൊപ്പം ഇതിനകം അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിലെ ഒാരോ കഥാപാത്രത്തിനും വ്യത്യസ്ത രൂപവും ഭാവവും പകരാൻ മമ്മുക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

 

മമ്മുട്ടിയോടൊത്ത് ആദ്യമായാണ് അഭിനയിക്കുന്നതെന്നും ക്രിസ്റ്റഫറിൽ അഭിനയിക്കുമ്പോൾ വലിയ ടെൻഷനായിരുന്നുവെന്നും നടി രമ്യ സുരേഷ് പറഞ്ഞു. പരിചയപ്പെട്ടപ്പോൾ പേടിയെല്ലാം മാറി, വലിയ സമാധാനമായി. എന്നാൽ അദ്ദേഹത്തിന്റെ സമീപനവും പ്രചോദനവും പിന്നീട് കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്നതിന് സഹായിച്ചു. തങ്ങൾ ജിസിസിയിൽ വിതരണം ചെയ്ത അഞ്ച് മമ്മുട്ടിച്ചിത്രങ്ങളും വിജയം നേടിത്തന്നതായും മമ്മുക്കയാണ് തന്റെ ഭാഗ്യമെന്നും  ട്രൂത്ത്  ഗ്ലോബൽ  ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ് പറഞ്ഞു. നൻപകൽനേരത്ത് മയക്കം എന്ന ചിത്രം കമേഴ്യൽ ചേരുവകളില്ലാതിരുന്നിട്ടും ജിസിസിയിൽ വൻ വിജയമായി. 

 

ഇൗ മാസം 9ന് ലോകത്തെങ്ങും റിലീസ് ചെയ്യുന്ന ക്രിസ്റ്റഫർ ജിസിസിയിലും അതേ ദിവസം പുറത്തിറങ്ങുന്നു. ഇതിനകം ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഒാവർസീസ് വിതരണം നടത്തുന്നത്. ട്രൂത്ത് ഗ്ലോബൽ റിജിയണൽ ഡയറക്ടർമാരായ റാഷിദ്, ആർജെ സൂരജ്, റെബിൻ ആരിഫ്, ഹാഷിഫ്, ഫാരിഷ്, ഷമീൻ എന്നിവരും സംബന്ധിച്ചു.

 

നാളെ അറേബ്യൻ സെന്ററിൽ ഗ്ലോബൽ ലോഞ്ചിങ്

ക്രിസ്റ്റഫറിന്റെ ഗ്ലോബൽ ലോഞ്ചിങ് നാളെ(3) വൈകിട്ട് 6ന് ദുബായ് അറേബ്യൻ സെന്ററിൽ നടക്കും.

 

English Summary: Film criticism in social media should not be ridiculous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com