ADVERTISEMENT

ദോഹ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ  (എച്ച്എംസി) കീഴിലെ ആശുപത്രികളിൽ എംആർഐ പരിശോധനയ്ക്ക് വിധേയമാകുമ്പോൾ  ഇനി അനാവശ്യ ടെൻഷനോ ഉൽകണ്ഠയോ വേണ്ട. പരിശോധനയ്ക്കിടെ രോഗികളെ 'ടെൻഷൻ ഫ്രീ' ആക്കാൻ ക്ലിനിക്കൽ ഇമേജിങ് സർവീസ് അധികൃതർ പുതിയ വിനോദ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങി.

 

ഭൂരിഭാഗം പേരും എംആർഐ സ്‌കാനിങ്ങിന്  വിധേയമാകാൻ ഭയപ്പെടുന്നവരാണ്-പ്രത്യേകിച്ചും കുട്ടികൾ. വിനോദ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ എംആർഐ മെഷീനുള്ളിൽ  രോഗികൾക്കുണ്ടാകുന്ന പേടിയും ടെൻഷനും മാറ്റാൻ കഴിയും. എംആർഐ പരിശോധനാ നടപടിക്രമങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും  അനസ്തീസിയ തിരഞ്ഞെടുക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും പുതിയ വിനോദ സാങ്കേതിക വിദ്യ സഹായകമാകുമെന്ന് എച്ച്എംസിയുടെ ക്ലിനിക്കൽ ഇമേജിങ് സർവീസ് അസി. എക്‌സിക്യൂട്ടീവ് ഡയറക്ടർ മാഷെൽ അൽ അജീൽ വ്യക്തമാക്കി.

 

വിനോദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്‌ക്രീൻ എംആർഐ മെഷീനുമായി കണക്ട് ചെയ്തിട്ടുണ്ടാകും. പരിശോധന നടക്കുന്നതിനിടെ രോഗികൾക്ക് ഇതിലൂടെ ഇഷ്ടപ്പെട്ട പ്രോഗ്രാമുകൾ കാണുകയോ സംഗീതം കേൾക്കുകയോ ചെയ്യാം. എംആർഐ മെഷീന്റെ ശബ്ദം തടസ്സമാകാതിരിക്കാൻ പ്രത്യേക ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് സ്‌ക്രീനിലെ കാഴ്ചകൾ ആസ്വദിക്കാം. പരിശോധനയ്ക്കിടെ എംആർഐ ടെക്‌നീഷ്യൻ നൽകുന്ന നിർദേശങ്ങൾ കൃത്യമായി സ്വീകരിക്കാനും രോഗികൾക്ക് കഴിയും.

 

എച്ച്എംസിയുടെ ആംബുലേറ്ററി കെയർ സെന്റർ, അൽ വക്ര, അൽഖോർ ആശുപത്രികൾ എന്നിവിടങ്ങളിലെ എംആർഐ പരിശോധനയിൽ ഈ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചതായി എച്ച്എംസി എംആർഐ വിഭാഗം ഓപ്പറേഷൻസ് മാനേജർ അസ്മാ അൽ ഹദ്രാമി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com