ADVERTISEMENT

ദുബായ് ∙ തെക്കൻ  തുർക്കി–വടക്കൻ  സിറിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ ഞെട്ടലിൽ യുഎഇ അടക്കമുള്ള ഗൾഫിലെ പ്രവാസികൾ. തുർക്കി, സിറിയൻ സ്വദേശികളായ ലക്ഷക്കണക്കിന് പേർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ആയിരക്കണക്കിന് പേരാണ് ഗൾഫിൽ അഭയാർഥികളായെത്തിയത്. രണ്ട് ശക്തമായ ഭൂകമ്പങ്ങൾക്ക് പിന്നാലെ ഡസൻ കണക്കിന് തുടർചലനങ്ങളും ഉണ്ടായി. കുറഞ്ഞത് 11,000 പേർ കൊല്ലപ്പെട്ടു, കഠിനമായ ശൈത്യകാലാവസ്ഥകൾക്കിടയിൽ മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. തങ്ങളുടെ രാജ്യങ്ങൾക്ക് സംഭവിച്ച ദുരന്തത്തിലും പ്രിയപ്പെട്ടവരുടെ വേർപാടിലും ഇരു രാജ്യക്കാരും അതീവ ദുഃഖത്തിലാണ്. ഇവരോടൊപ്പം ഇരുനൂറിലേറെ രാജ്യക്കാർ താമസിക്കുന്ന യുഎഇയും പങ്കുചേരുന്നു. യുഎഇ സർക്കാർ 100 ദശലക്ഷത്തിൻ്റെ സഹായമാണ് എത്തിക്കുന്നത്.

 

അതേസമയം, ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരടക്കമുള്ളവർ  അണിനിരന്നു. രാജ്യങ്ങുടെ അതിരുകൾ മായ്ച്ചുകളയുന്ന മാനുഷികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെ നടക്കുന്നത്. പ്രളയകാലങ്ങളിൽ മലയാളികൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആവർത്തനം. ദുബായിലും അബുദാബിയിലും കളക് ഷൻ പോയിന്റുകൾ കേന്ദ്രീകരിച്ച് ഇന്ന് ഭക്ഷണവും പുതിയ വസ്ത്രങ്ങളും പോലുള്ള അടിസ്ഥാന സാധനങ്ങൾ ശേഖരിച്ചു. സാധനങ്ങൾ പായ്ക്ക് ചെയ്യാനും തുർക്കിയിലേക്ക് കയറ്റുമതി ചെയ്യാനും സന്നദ്ധപ്രവർത്തകർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു.  

 

ദുബായിലെ അൽ ഖൂസിലെ ഹോംവാർഡ് ബൗണ്ടിൽ പുതപ്പുകളും കുട്ടികൾക്കുള്ള ഭക്ഷണവും പലരും സംഭാവന ചെയ്തു. അബുദാബിയുടെ നയതന്ത്ര ക്വാർട്ടറിലെ തുർക്കി എംബസിയിൽ മറ്റൊരു കളക് ഷൻ പോയിന്റ് തുറന്നിട്ടുണ്ട്. ടർക്കിഷ് കോൺസുലേറ്റ്, ടർക്കിഷ് ബിസിനസ് കൗൺസിൽ, ടർക്കിഷ് എയർലൈൻസ്, ഔദ്യോഗിക സർക്കാർ ചാരിറ്റിയായ എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നിവ ചേർന്നാണ് ശേഖരം സംഘടിപ്പിച്ചത്. ശീതകാല വസ്ത്രങ്ങൾ, കിടക്കകൾ, ടിൻ ഭക്ഷണങ്ങൾ, ടെന്റുകൾ തുടങ്ങിയ സാധനങ്ങൾ ഡ്രോപ്പ്-ഓഫ് പോയിന്റുകളിലേക്ക് കൊണ്ടുവരാൻ അവർ  അഭ്യർത്ഥിച്ചു, സാധനങ്ങൾ പുതിയതായിരിക്കണം എന്നതാണ് ഒരേയൊരു നിബന്ധന.

എങ്ങനെ സഹായിക്കാം 

ഇന്ന് അര്‍ധരാത്രി വരെ ആളുകൾക്ക് സാധനങ്ങൾ സംഭാവന ചെയ്യാമെന്ന് അധികൃതർ നിർദേശിച്ചു. വിവരങ്ങൾക്ക്:  058 584 7876. അബുദാബിയിലുള്ള ആളുകൾ തലസ്ഥാനത്തെ തുർക്കി എംബസിയുമായി 050 869 9389 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

എന്തൊക്കെ സാധനങ്ങൾ ആവശ്യമാണ്? 

ശീതകാല വസ്ത്രങ്ങൾ - മുതിർന്നവർക്കും കുട്ടികൾക്കും  കോട്ടുകൾ, ജാക്കറ്റുകൾ, ബൂട്ടുകൾ, സ്വെറ്ററുകൾ, ട്രൗസറുകൾ, കയ്യുറകൾ, സ്കാർഫുകൾ,  നെയ്ത തൊപ്പികൾ, കമ്പിളി തൊപ്പികൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ.  

ഭക്ഷണം:  ടിന്നിലടച്ച ഭക്ഷണം, കേടാകാത്ത ഭക്ഷണം, ദീർഘ കാലം കേടുവരാത്ത ഭക്ഷണങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷണം. 

ശുചീകരണ ശുചിത്വ സാമഗ്രികളും, ടെന്റുകൾ, കിടക്കകൾ, മെത്തകൾ (കൂടാരത്തിൽ ഉപയോഗിക്കുന്നതിന്), ബ്ലാങ്കറ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, കാറ്റലറ്റിക് ഗ്യാസ് സ്റ്റൗകൾ, ഹീറ്ററുകൾ (ഗ്യാസ് സിലിണ്ടറുകൾ ഒഴികെ), തെർമോസ് മഗ്ഗുകൾ, ടോർച്ചുകൾ (ബാറ്ററികളില്ലാതെ), ജനറേറ്ററുകൾ തുടങ്ങിയവയും ആവശ്യമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com