ADVERTISEMENT

അബുദാബി/ദുബായ്/ഷാർജ∙ ഇടത്തരം വരുമാനക്കാർക്ക് അനുഗ്രഹമായി യൂസ്ഡ് കാർ വിപണി. ജീവിതച്ചെലവ് ഏറിവരുന്ന സന്ദർഭത്തിൽ പുതിയ വാഹനം വാങ്ങുന്നതിന് പകരം പലരും സെക്കൻഡ് ഹാൻഡ് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് വ്യാപകമായി യൂസ്ഡ് കാർ‍ ബിസിനസ് നടന്നുവരുന്നത്. 

Also read : സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

അബുദാബിയിൽ ഷംഖയിൽ മോട്ടോർ വേൾഡിലും ദുബായ് അവീറിലും ഷാർജയിൽ സൂഖ് അൽ ഹറാജിലുമാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിപണിയുള്ളത്. ഉപയോഗിച്ചവ മാത്രമല്ല മുൻ വർഷങ്ങളിൽ വിറ്റുപോകാത്തതും ചെറിയ കേടുപാടുകൾ ഉള്ളതുമായ പുതിയ വാഹനങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങാം. ചെറിയ വാഹനങ്ങൾ മുതൽ ആഡംബര വാഹനങ്ങളുടെ പഴയ മോഡലുകൾ വരെ ഇവിടെ ലഭിക്കും.

അൽഫുതൈം, അൽതായർ, അൽറൊസ്തമാനി, നിസാൻ തുടങ്ങി വിവിധ കമ്പനികൾ നേരിട്ടും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്ന് വാഹനം വാങ്ങുന്നത് കൂടുതൽ സുരക്ഷിതമാണ്. വാർഷിക അറ്റകുറ്റപ്പണിക്ക് ഇവരുമായി കരാറുണ്ടാക്കാം.കൂടാതെ ഓൺലൈൻ വഴി പരസ്യം നൽകി വ്യക്തികളിൽ നിന്ന് നേരിട്ടു വാങ്ങുന്നവരും ധാരാളം.

കോവിഡ് തീവ്രത കൂടിയ വർഷങ്ങളിൽ പുതിയ കാറുകൾ വിപണിയിലെത്താത്തതിനാൽ യൂസ്ഡ് കാർ വിൽപന 20% കൂടിയിരുന്നു. ജോലി നഷ്ടപ്പെട്ടും മറ്റും വാഹനം വിറ്റു പോയവരും ധാരാളം.

വാങ്ങാനാണോ

ജിസിസി മാനദണ്ഡമുള്ള വാഹനങ്ങൾ വാങ്ങുന്നതാണ് സുരക്ഷിതം. എൻജിൻ, ചേസിസ്, പെയിന്റ്, ഇലക്ട്രിക്കൽ-മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയിൽ യുഎസ്, യൂറോപ്യൻ മോഡലുകളിൽ നിന്നു ചില വ്യത്യാസങ്ങളുണ്ടാകും.  

യുഎഇയിലെ കാലാവസ്ഥയ്ക്കും മറ്റു സാഹചര്യങ്ങൾക്കും അനുസരിച്ചു ഡിസൈൻ ചെയ്ത വാഹനങ്ങൾക്കു മറ്റുള്ളവയെ അപേക്ഷിച്ച് വില കൂടാമെങ്കിലും വാഹനത്തിന്റെ മുഴുവൻ ചരിത്രവും ലഭ്യമാകുന്നതിനാൽ സുരക്ഷിതമാണ്. വാഹനം എത്രദൂരം ഓടിയെന്ന് അറിയാനുള്ള ഓഡോ മീറ്ററിലെ റീഡിങ്ങിൽ കൃത്രിമം നടത്താനാവില്ലെന്നതും ഗൾഫ് വാഹനങ്ങളുടെ നേട്ടം. 

അതാത് എമിറേറ്റിലെ ഗതാഗത വകുപ്പിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഓരോ വർഷവും പൊലീസ് പാസിങ്ങിന് എത്തിക്കുമ്പോൾ ഇത്തരം തിരിമറികൾ എളുപ്പം കണ്ടെത്താനാകും. ഒരു ലക്ഷം കിലോമീറ്ററിൽ താഴെ ഓടിയ വാഹനങ്ങൾക്കും ഒരാൾ മാത്രം ഉപയോഗിച്ചവയ്ക്കുമാണ് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഡിമാൻഡ്.

ശ്രദ്ധിക്കാം

∙എൻജിൻ, ചേസ്, ഗിയർബോക്സ് എന്നിവയാണ് പ്രധാനമായും പരിശോധിക്കേണ്ടത്

∙വാഹനം ഓടിയ ദൂരം, നിർമിച്ച വർഷം, മോഡൽ എന്നിവയും നോക്കി മനസ്സിലാക്കണം.

∙വാഹനം നോക്കാൻ പകൽ തിരഞ്ഞെടുക്കണം.

∙അംഗീകൃത കേന്ദ്രങ്ങളിൽ നിന്നോ പരിചയക്കാരിൽ നിന്നോ മാത്രം വാങ്ങുക. 

∙ഔദ്യോഗിക കേന്ദ്രങ്ങളിൽ പരിശോധന നടത്തി ഉറപ്പാക്കാം.

∙വാഹനം  ഓടിച്ചുനോക്കി സ്റ്റിയറിങ് വൈബ്രേഷൻ, അസ്വാഭാവിക ശബ്ദങ്ങൾ, ഓയിൽ ചോർച്ച തുടങ്ങിയവ പരിശോധിക്കണം. 

∙വിശ്വസ്തനായ വർക് ഷോപ് മെക്കാനിക്കിന്റെ സഹായം തേടാം. 

∙ഗതാഗത വകുപ്പിന്റെ സൈറ്റിലോ ആപ്പിലോ വാഹന ചേസിസ് നമ്പർ നൽകി സർവീസ് ഹിസ്റ്ററി പരിശോധിക്കണം.

∙അപകടം, അറ്റകുറ്റപ്പണി, ബാധ്യത എന്നിവ ഇതുവഴി അറിയാം.

∙റജിസ്റ്റർ ചെയ്യാത്ത അപകടങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ മെക്കാനിക്കിന്റെ സഹായം ഉപകരിക്കും.

∙കൃത്യമായി സർവീസ് ചെയ്തിട്ടുണ്ടെന്നും ടയറുകൾ നല്ലതാണെന്നും ഉറപ്പാക്കണം. 

∙ബാങ്ക് വായ്പ ഉള്ളവയാണെങ്കിൽ അടവിന്റെ കാര്യത്തിൽ ധാരണയിലെത്തണം.

English Summary: The second hand car market is seeing a boom in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com