ADVERTISEMENT

ദോഹ∙ ഗതാഗത മേഖലകളിൽ  ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തിയുടെ ഇന്ത്യ സന്ദർശനം. സമുദ്ര ഗതാഗത മേഖലയിലുൾപ്പെടെ സഹകരണത്തിന്റെ പുതിയ വാതിൽ തുറക്കാൻ കഴിഞ്ഞു.

Also read : അബുദാബി മിഡ്ഫീൽഡ് ടെർമിനൽ ഡിസംബർ 2ന് തുറന്നേക്കും

ഔദ്യോഗിക സന്ദർശനത്തിനായി ന്യൂ ഡൽഹിയിലെത്തിയ ഗതാഗത മന്ത്രി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് മന്ത്രി നിതിൻ ജയ്‌റാം ഗഡ്കരി, കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എന്നിവരുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയത്. 

  കേന്ദ്ര ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, റോഡ് നിർമാണ ജോലികൾ, തുരങ്ക പാതകൾ എന്നീ മേഖലകളിലെ സഹകരണം ചർച്ചയായി. പരിസ്ഥിതി സൗഹൃദ ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പുതിയ സഹകരണത്തിന് തുടക്കമിടുന്നതും സംസാരിച്ചു.

ഗതാഗത മന്ത്രി ജാസിം സെയിഫ് അഹമ്മദ് അല്‍ സുലൈത്തിയും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളും കൂടിക്കാഴ്ചയില്‍.
ഗതാഗത മന്ത്രി ജാസിം സെയിഫ് അഹമ്മദ് അല്‍ സുലൈത്തിയും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളും കൂടിക്കാഴ്ചയില്‍.

നാവിഗേഷൻ ശൃംഖല വിപുലീകരിക്കും

ദോഹ∙ ഖത്തറിന്റെ ഹമദ് തുറമുഖത്തെയും ഇന്ത്യൻ തുറമുഖങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന നാവിഗേഷൻ പാതകളുടെ ശൃംഖല വിപുലീകരിക്കും

ഗതാഗത മന്ത്രി ജാസിം സെയിഫ് അഹമ്മദ് അൽ സുലൈത്തിയും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. 

നിലവിൽ ഇന്ത്യയുടെ മുന്ദ്ര, കാണ്ട്‌ല, കൊച്ചി, തൂത്തുക്കുടി, നാവസേവ, ഹരിസ എന്നീ 6 തുറമുഖങ്ങളുമായാണ് ഹമദ് തുറമുഖത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര വ്യാപാരത്തിന് കരുത്തേകുന്നതാണ് കപ്പൽ പാതകൾ. 

വാണിജ്യ തുറമുഖ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമുദ്ര നാവിഗേഷൻ സേവനങ്ങളിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതു സംബന്ധിച്ച മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ഖത്തർ എംബസി ചാർജ് ഡി അഫയേഴ്‌സ് അലി ബിൻ മുഹമ്മദ് അൽ ബാദിയും പങ്കെടുത്തു.

English Summary: India, Qatar discuss ways to strengthen maritime cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com