കടലാഴത്തിലെ കാണാക്കാഴ്ച ഒരുക്കി സീ വേൾഡ്
Mail This Article
അബുദാബി∙ കടലാഴങ്ങളിലെ കാഴ്ചകളുടെ സമൃദ്ധിയുമായി ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾഡ് അബുദാബി ഉടൻ തുറക്കും.
Also read : കൈപൊള്ളിച്ച് ജൈവ പച്ചക്കറി
സമുദ്രവിജ്ഞാനത്തിൽ പുതിയൊരു അധ്യായമാകുന്ന തീം പാർക്കിന്റെ 93% നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതായി മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. ശേഷിച്ചവ എത്രയും വേഗം തീർത്ത് കടൽവിസ്മയ കേന്ദ്രം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാനാണ് പദ്ധതി.
5.8 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി 68,000ൽ ഏറെ സമുദ്ര ജീവികളും ഉണ്ടാകും. 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജമാക്കുന്ന സീ വേൾഡിൽ ഭൂമിയും സമുദ്രവും തമ്മിൽ ആഴത്തിലുള്ള ബന്ധവും പുതുതലമുറയിലെ സമുദ്ര ജീവികളെയും അടുത്തറിയാം.
പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകളാണ് ഒരുക്കുന്നത്. മറൈൻ ലൈഫ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരമുള്ള എൻഡ്‌ലസ് വിസ്റ്റയായിരിക്കും മുഖ്യ ആകർഷണം.