റിയാദ്∙ സൗദി അറേബ്യയിൽ 3 മാസത്തിൽ കുറഞ്ഞ കാലയളവിലേക്കു തടവിന് ശിക്ഷിക്കപ്പെട്ടവരും മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരുമായ പ്രവാസിക്ക് നാടുകടത്തൽ ശിക്ഷയിൽനിന്ന് ഇളവിന് അപേക്ഷിക്കാമെന്ന് നിയമവിദഗ്ധർ. സ്വദേശി വനിതയുടെ വിദേശിയായ ഭർത്താവ്, മക്കൾ എന്നിവർക്കും ഇളവ് ലഭിക്കും. കുറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിയാണ് ഇളവ് നൽകുക. രണ്ടാം തവണ നിയമം ലംഘിച്ചാൽ നാടുകടത്തും. ജുഡീഷ്യൽ, ക്രിമിനൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധിയെ അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യാനും അവകാശമുണ്ട്.
ലഹരിമരുന്ന് ഉപയോഗിക്കുക, കൈവശം വയ്ക്കുക, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ വിദേശികളെ നാടുകടത്താനുള്ള ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാനുള്ള അവകാശം ആഭ്യന്തര മന്ത്രിക്ക് നിയമം നൽകുന്നുണ്ടെന്നും വിദഗ്ധൻ ചൂണ്ടിക്കാട്ടി.