ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ ഭർത്താവിന്റെ മരണത്തിനു കാരണക്കാരായ കൊള്ളപ്പലിശക്കാർക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മലയാളി യുവതി. മനാമയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടിന്റെ (40) ആത്മഹത്യക്ക് ഉത്തരവാദിയായ മലയാളിക്കെതിരെയാണ് ഭാര്യ പി.എം. സിംജിഷ ഇന്ത്യൻ, ബഹ്റൈൻ അധികൃതർക്ക്  പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 26ന് വൈകിട്ടായിരുന്നു രാജീവനെ ഹമലയിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയിൽ നിന്നു വാങ്ങിയ പണത്തിന്റെ പലിശയുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലാവുകയും ഒടുവിൽ ജീവനൊടുക്കുകയുമായിരുന്നു. പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്സാപ്പിൽ ശബ്ദസന്ദേശമയച്ച ശേഷമായിരുന്നു മരണം.

Also Read: അഭിമാനമായി മലയാളി, ഖത്തറിനു കുറുകെ ഓടി ലോക റെക്കോർഡ് സ്വന്തമാക്കി ഷക്കീർ

കൂടുതൽ പണം തന്നില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്ദസന്ദേശത്തിലുണ്ട്. ‘എല്ലാം അവസാനിപ്പിക്കാൻ ഞാൻ തന്നെ വേണ്ടത് ചെയ്തോളാം. എന്റെ മരണത്തിനു ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. എന്റെ മക്കള് തിന്നേണ്ടുന്ന പൈസ നിങ്ങളെടുത്തു. നിങ്ങളിൽ നിന്ന് വാങ്ങിയ പൈസയുടെ എത്രയോ ഇരട്ടി ഞാൻ തന്നു. നിങ്ങൾ പറഞ്ഞിടത്തൊക്കെ ഞാൻ പൈസ എത്തിച്ചു. അവസാനം എന്നെ നിങ്ങൾ പറ്റിച്ചു. ഞാൻ മരിച്ചാലെങ്കിലും എന്റെ പൈസ നിങ്ങൾ എന്റെ കുടുംബത്തിനു നൽകണം. അല്ലെങ്കിൽ നിങ്ങളും നിങ്ങളുടെ മക്കളും തിന്നോളൂ. ഇനിയൊന്നും പറയാനില്ല’– ഇങ്ങനെയാണ് രാജീവന്റെ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യ, നാലും ഒൻപതും വയസുള്ള രണ്ടു മക്കൾ, 76 വയസുള്ള പിതാവ്, 67 വയസുള്ള മാതാവ് എന്നിവരാണ് രാജീവനുള്ളത്. തനിക്ക് ജോലി പോലുമില്ലാത്തതിനാൽ കുടുംബത്തിന് ജീവിക്കാൻ വഴിയില്ലാതെ ദുരിതത്തിലാണെന്ന് സിംജിഷ പറഞ്ഞു. 

രാജീവൻ കൊള്ളപ്പലിശയ്ക്ക് വാങ്ങിയ ആകെ തുക എത്രയാണെന്ന് കൃത്യമായി അറിയില്ലെന്നു ബന്ധുക്കൾ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇതിന്റെ പലിശ പലപ്പോഴായി കൊ‌ടുത്തെങ്കിലും പലിശക്കാരൻ വീണ്ടും വീണ്ടും തുക ആവശ്യപ്പെട്ട് സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് മാനസിക സമ്മർദത്തിലായ രാജീവൻ ജീവനൊടുക്കുകയായിരുന്നു. വാങ്ങിയതും കൊടുത്തതുമായ പണത്തിന്റെ തെളിവുകളും ഇതുമായി ബന്ധപ്പെട്ട് വിളിച്ച ഫോൺ കോളുകളുടെ രേഖയും സിംജിഷ ഹാജരാക്കിയിട്ടുണ്ട്.

ആദ്യം കാരണമറിഞ്ഞില്ല, ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടി

10 വർഷത്തിലേറെയായി ബഹ്റൈനിലുണ്ടായിരുന്ന രാജീവൻ കെട്ടിട നിർമാണ സാമഗ്രികൾ വാടകയ്ക്ക് നൽകുന്ന കമ്പനിയിൽ സഹോദരീ ഭർത്താവായ ജ്യോതിഷ് കുമാറിന്റെ കൂടെയായിരുന്നു ജോലി ചെയ്തിരുന്നതും താമസിച്ചിരുന്നതും. കോവിഡ്19 കാലത്ത് കടുത്ത സാമ്പത്തിക പ്രശ്നത്തിലകപ്പെട്ട യുവാവ് ഇതേ തുടർന്നാണ് ബഹ്റൈനിൽ മലയാളി പ്രവാസി സമൂഹത്തിനിടയിൽ പിടിമുറുക്കിയിരിക്കുന്ന കൊള്ളപ്പലിശ മാഫിയയുമായി ബന്ധപ്പെടുന്നത്.  

പണം വാങ്ങിയതിനു പകരമായി വെള്ളക്കടലാസിൽ ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ളപ്പലിശക്കാരൻ പണം ഇൗടാക്കിയിരുന്നത്. ഇതൊന്നും രാജീവൻ ജ്യോതിഷ് കുമാറിനോട് പോലും പറഞ്ഞില്ല. അതേസമയം, പലിശക്കാരൻ നാട്ടിലായിരുന്നപ്പോൾ അവിടെയുള്ള ബന്ധുക്കളിൽ നിന്നു പണം കടം വാങ്ങിയാണ് പലിശ നൽകിയത്. കൂടാതെ, അമ്മയുടെ കെട്ടുതാലി പോലും പണയം വച്ചു പണം നൽകിയിരുന്നതായി പറയുന്നു. 

രാജീവൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹത്തെ അനുഗമിച്ച് നാട്ടിൽ പോയ ജ്യോതിഷ് കുമാർ തിരിച്ചുവന്ന് മൊബൈൽ ഫോൺ തിരികെ കൈപ്പറ്റി ചാർജ് ചെയ്ത് സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് രാജീവന്റെ മരണമൊഴിയെന്നു കണക്കാക്കാവുന്ന വാട്സാപ്പ് ശബ്ദ സന്ദേശം ഡെലിവറിയാകുന്നത്. ഇതേ തുടർന്ന് പലിശക്കാരനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇന്ത്യക്കാരുടെ ആത്മഹത്യ വർധിച്ചു: കൂടുതലും മലയാളികൾ

ബഹ്റൈനിൽ ഇന്ത്യക്കാരുടെ ആത്മഹത്യ അടുത്ത കാലത്തായി ഏറെ വർധിച്ചതായി അധികൃതർ പറയുന്നു. ഇതിൽ കൂടുതലും മലയാളികളാണ്. 22 വയസു മുതലുള്ളവർ വിവിധ പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.  കൊള്ളപ്പലിശക്കാരുടെയും ബ്ലേഡ് മാഫിയക്കാരുടെയും കെണിയിൽ വീണ് കടംപെരുകി മാനസിക സമ്മർദത്തിൽപ്പെട്ട് രാജീവനെ പോലെ ജീവിതം ഒരു തുണ്ട് കയറിൽ അവസാനിപ്പിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കഴിഞ്ഞ വർഷം ഇരുപതോളം പേർ ബഹ്റൈനിൽ ആത്മഹത്യ ചെയ്തു. ഇന്ത്യൻ യുവതികളും ആത്മഹത്യ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു.

പ്രതിമാസം 10 ശതമാനത്തിലേറെ കൊള്ളപ്പലിശ നിരക്കിൽ പണം കടം കൊടുക്കുന്ന സ്വകാര്യ പണമിടപാടുകാർ സമൂഹത്തിന് ഭീഷണിയാണ്. കടം വാങ്ങിയ തുകയേക്കാൾ കൂടുതലായി പലിശ നൽകിയിട്ടും ആർത്തിപൂണ്ട പലിശക്കാർ ഇരകളെ വേട്ടയാടുന്നു.  കടക്കെണിയിൽപ്പെടുന്ന തന്റെ ഭർത്താവിനെപ്പോലെ പലരും ആത്മഹത്യ ചെയ്യുന്നതായും ഇതോടെ അവരുടെ ഭാര്യമാർ വിധവകളും കുട്ടികൾ അനാഥരുമാകുന്നുവെന്ന് സിംജിഷ പരാതിയിൽ പറയുന്നു.  

കൊള്ളപ്പലിശക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ, നോർക്ക സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പ്രവാസി ലീഗൽ സെൽ, പൊലീസ് തുടങ്ങിയവർക്കാണ് സിംജിഷ പരാതി നൽകിയത്.

English Summary: Blade Mafia is behind the suicide of a Malayali in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com