ADVERTISEMENT

ദുബായ്∙ പ്രാഥമിക തൊഴിൽ പെർമിറ്റ്, ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. താമസ കുടിയേറ്റ വകുപ്പിൽ നിന്നു വീസ ലഭിച്ച ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റ്.

Also read: ഇന്ത്യൻ കമ്പനികൾക്ക് യുഎഇ വിപണി കൂടുതൽ തുറക്കും: ഫൈസൽ കോട്ടിക്കൊള്ളോൻ

വീസ ലഭിച്ച ശേഷം വൈദ്യ പരിശോധന പൂർത്തിയാക്കി തൊഴിൽ കരാറും ഒപ്പിട്ട ശേഷമേ ജോലിയിൽ പ്രവേശിക്കാവൂ. ലേബർ കാർഡ് ലഭിക്കുന്നതോടെ മാത്രമേ നിയമനം നിയമാനുസൃതമാകു എന്നും മന്ത്രാലയം അറിയിച്ചു. തൊഴിൽ പെർമിറ്റിന്റെ ബലത്തിൽ നിയമനം നടത്തുന്നതു കുറ്റകരമാണ്. തസ്തികയ്ക്ക് അനുസരിച്ചു തൊഴിലാളികൾക്കു വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാവൂ.

കമ്പനിയുടെ വീസ ക്വോട്ടയ്ക്ക് അനുസരിച്ചായിരിക്കും പെർമിറ്റ് ലഭിക്കുക. നിയമനത്തിനു മുൻപു തൊഴിൽ സംബന്ധമായ വിവരങ്ങളും അവകാശങ്ങളും അടങ്ങിയ ഓഫർ ലെറ്റർ വിദേശത്തുള്ള തൊഴിലാളിക്കു നേരിട്ടോ റിക്രൂട്ടിങ് ഏജൻസികൾ വഴിയോ അയച്ചു കൊടുക്കണം. ഇത്തരത്തിൽ ലഭിക്കുന്ന ഓഫർ ലെറ്ററുകൾ ഒപ്പിട്ടു തൊഴിലാളികൾ തിരിച്ച് അയയ്ക്കണം. അറബി – ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ തൊഴിലാളിക്കു മനസ്സിലാകുന്ന പ്രാദേശിക ഭാഷയിലും ഓഫർ ലെറ്റർ തയാറാക്കണം.

രാജ്യത്തിന് അകത്തു നിന്നാണ് നിയമനം എങ്കിലും ഓഫർ ലെറ്റർ നൽകണം. സ്പോൺസർഷിപ് മാറ്റം (നഖ്ൽ കഫാല) വഴിയാണു നിയമനമെങ്കിലും ഈ നടപടികളെല്ലാം പാലിക്കണം. തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ലഭിക്കാൻ ഇ-സിഗ്നേച്ചർ കാർഡ് കമ്പനികൾക്ക് നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. 

വർക്ക് പെർമിറ്റിന് 2 മാസം കാലാവധി

മന്ത്രാലയം തൊഴിലാളികൾക്കു നൽകുന്ന വർക്ക് പെർമിറ്റുകൾക്കു 60 ദിവസത്തെ കാലാവധിയുണ്ട്. ഇതിനകം ബാങ്കിൽ സുരക്ഷാ തുകയടച്ച് ഇമിഗ്രേഷനിൽ നിന്നു വീസയെടുത്തു നിയമന നടപടികൾ പൂർത്തിയാക്കണം . സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ പെർമിറ്റ് റദ്ദാകും. പിന്നീട് പുതിയ അപേക്ഷയ്ക്ക് പുതിയ നിരക്കും നൽകണം. വീസ ചെലവുകൾ തൊഴിലാളിയുടെ വേതനത്തിൽ നിന്നു പിടിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.  

തൊഴിൽ പെർമിറ്റ് വ്യവസ്ഥകൾ

1. തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച തൊഴിൽ ഓഫർ ലെറ്റർ 

2. മറ്റു തൊഴിൽ സ്ഥാപനങ്ങളുടെ ലേബർ കാർഡോ വർക്ക് പെർമിറ്റോ തൊഴിലാളിയുടെ പേരിൽ ഉണ്ടാകരുത് 

3..തൊഴിലാളിയുടെ പ്രായം 18 ൽ കുറയരുത് 

4. കമ്പനിയുടെ ആക്ടിവിറ്റിക്ക് അനുയോജ്യമായിരിക്കണം അപേക്ഷിക്കുന്ന തസ്തിക 

5 രാജ്യത്തെ അംഗീകൃത ബാങ്കിൽ 3000 ദിർഹം സുരക്ഷാ തുക അടയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com