അബുദാബി∙ കാർഷിക നവീകരണത്തിലൂടെ ഭക്ഷ്യോൽപാദനം വർധിപ്പിച്ചു പട്ടിണി അകറ്റാനും ആഗോളതാപനം കുറയ്ക്കാനും ലക്ഷ്യമിട്ട് യുഎസും യുഎഇയും ചേർന്നു രൂപം നൽകിയ അഗ്രികൾചർ ഇന്നവേഷൻ മിഷൻ ഫോർ ക്ലൈമറ്റിൽ ഇന്ത്യയും പങ്കുചേർന്നു. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ഐടുയുടു (I2U2) സംഘടിപ്പിക്കുന്ന ബിസിനസ് ഫോറത്തിലായിരുന്നു പ്രഖ്യാപനം.
സംയുക്ത നിക്ഷേപം ആകർഷിച്ചാണു വെല്ലുവിളി നേരിടുക. 4 രാജ്യങ്ങളുടെ പേരിലെ ആദ്യാക്ഷരം ചേർത്താണ് കൂട്ടായ്മയ്ക്ക് ഐ2യു2 എന്നു പേരിട്ടത്. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് സംയുക്ത പദ്ധതി ആവിഷ്ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭക്ഷണം പാഴാക്കുന്നതും കേടാകുന്നതും തടയുക, ശുദ്ധജലം സംരക്ഷിക്കുക, പുനരുപയോഗ ഊർജ സ്രോതസ്സുകൾ വ്യാപകമാക്കുക, നിക്ഷേപം ആകർഷിക്കുക എന്നിവയാണു പ്രധാന ലക്ഷ്യങ്ങൾ.
പരിസ്ഥിതി സൗഹൃദ മാതൃകയിൽ ഇന്ത്യയിലുടനീളം സംയോജിത കാർഷിക പദ്ധതി നടപ്പാക്കുന്നതിന് 200 കോടി ഡോളറിന്റെ പദ്ധതി, കാറ്റിൽനിന്ന് 300 മെഗാവാട്ട് വൈദ്യുതി, ഗുജറാത്തിലെ സൗരോർജ ഹൈബ്രിഡ് പവർ പ്ലാന്റ് എന്നീ പദ്ധതികളും ഇന്ത്യ അവതരിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ I2U2 ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെ എല്ലാ സംരംഭങ്ങളിലും അംഗ രാജ്യങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്നു വിദേശകാര്യ സെക്രട്ടറി ഇ.ആർ. ദമ്മു രവി പറഞ്ഞു.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി സ്വായത്തമാക്കാൻ ഇതു ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.കാർഷിക രംഗത്ത് ഇസ്രയേലിന്റെ വൈദഗ്ധ്യം അംഗ രാജ്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്നും നാലു രാജ്യങ്ങളും ചേർന്ന് സംയുക്ത ബഹിരാകാശ സംരംഭം ആവിഷ്ക്കരിക്കണമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ ജനറൽ റോണൻ ലെവി പറഞ്ഞു.
മലിനീകരണ മുക്ത ലോകത്തിലേക്കുള്ള പരിവർത്തനത്തിനു വൻ പ്രാധാന്യം നൽകണമെന്നാണ് യുഎഇ സഹമന്ത്രി അഹമ്മദ് അൽ സായഗ് ആവശ്യപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, സുസ്ഥിരത, പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നതിന് പൊതു, സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു. യുഎസ് അണ്ടർ സെക്രട്ടറി ജോസ് ഡബ്ല്യു ഫെർണാണ്ടസ് ചർച്ചയ്ക്ക് നേതൃത്വം നൽകി.
യുഎസ് പ്രസിഡന്റിന്റെ ഡപ്യൂട്ടി അസിസ്റ്റന്റും മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും വൈറ്റ് ഹൗസ് കോഡിനേറ്ററുമായ ബ്രെറ്റ് മക്ഗുർക്ക് എന്നിവരും ഫോറത്തിൽ പങ്കെടുത്തു. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയവും അബുദാബി സാമ്പത്തിക വികസന വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
2022 ജൂലൈയിൽ നടന്ന രാജ്യാന്തര പ്രഥമ ഐടുയുടു വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യായ്ർ ലാപീദ് എന്നിവർ പങ്കെടുത്തിരുന്നു.