ADVERTISEMENT

അബുദാബി∙ മതവിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ആദരവോടെ സമീപിച്ച് അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശനം ആസ്വാദ്യകരമാക്കണമെന്ന് അധികൃതർ. മാർച്ച് ഒന്നു മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.

Read also: യുഎഇ-ഒമാൻ റെയിൽ:300 കോടി ഡോളർ നിക്ഷേപിച്ച് മുബാദല

ആഴ്ചയിൽ എല്ലാ ദിവസവും അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെങ്കിലും സമയത്തിലെ മാറ്റം വെബ്സൈറ്റിലൂടെ അറിയാനാകും. മസ്ജിദിലേക്കും സിനഗോഗിലേക്കും പ്രവേശിക്കുന്ന വനിതകൾ തല മറയ്ക്കണം. സ്കാഫ്, അബായ എന്നിവ വിസിറ്റേഴ്സ് സെന്ററിൽനിന്ന് ലഭിക്കും. മസ്ജിദിലേക്കു പ്രവേശിക്കുന്നവർ നിശ്ചിത സ്ഥലത്ത് ചെരുപ്പ് ഊരിവയ്ക്കണം.

ഇതര സന്ദർശകരെ സ്പർശിക്കുകയോ വളരെ അടുത്ത് നിൽക്കുകയോ ചെയ്യരുത്. അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ പകർത്തരുത്. പുറത്തുനിന്നുള്ള ഗൈഡുകളെ അനുവദിക്കില്ല.  മാർഗനിർദേശവും നിയമവും പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.

സൗജന്യ പ്രവേശനമാണെങ്കിലും വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യണം. ഗൈഡിന്റെ സേവനം ആവശ്യമുള്ളവർക്ക് ഫീസുണ്ട്. വിസിറ്റേഴ്സ് സെന്ററിൽനിന്ന് പരിമിതമായ തോതിൽ വ്യക്തിഗത ടിക്കറ്റ് ലഭിക്കും. വിസിറ്റേഴ്സ് സെന്ററിൽ നിന്നാണ് യാത്ര തുടങ്ങേണ്ടത്. പുനപ്രവേശനം അനുവദിക്കില്ല.

സന്ദർശന സമയം

തിങ്കൾ മുതൽ ഞായർ വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ. (വൈകിട്ട് 5ന് പ്രവേശനം നിർത്തും)

ആരാധനയ്ക്ക് എത്തുന്നവർ

തിങ്കൾ മുതൽ ഞായർ വരെ രാവിലെ 7 മുതൽ രാത്രി 9 വരെ. (രാത്രി 8ന് പ്രവേശനം നിർത്തും)

സുരക്ഷാ പരിശോധന

സന്ദർശകരെയും വസ്തുക്കളും സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കും. വലിയ ബാഗ്, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നവ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യും. 30 x 20 x 10 സെ.മീ വലുപ്പത്തിലുള്ള ബാഗുകൾ പരിശോധിക്കും. സുരക്ഷാജീവനക്കാരും ഉദ്യോഗസ്ഥരും യൂണിഫോം ധരിച്ചിരിക്കും. ജീവനക്കാരെ അധിക്ഷേപിക്കുകയോ അക്രമിക്കുകയോ ചെയ്യരുത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തവരെ പൊലീസിൽ ഏൽപിക്കും

ഗൈഡ് സേവനം ബുക്ക് ചെയ്യണം

പഠനോദ്ദേശ്യമാണ് ലക്ഷ്യമെങ്കിൽ ഗൈഡിന്റെ സഹായം ആവശ്യപ്പെട്ട് ബുക്ക് ചെയ്യണം. ഇത് ഓരോ ആരാധനാലയത്തെക്കുറിച്ച് അറിയാനും പ്രവേശനം സുഗമമാക്കാനും സഹായിക്കും. സംഘമായി എത്തുന്നവർക്ക് കേന്ദ്രത്തിൽ ടിക്കറ്റ് ലഭിക്കില്ല.

കുട്ടികൾ

13 വയസ്സിനു താഴെയുള്ളവരെ മുതിർന്നവരെ മുതിർന്നവർ അനുഗമിക്കണം. സന്ദർശകർ ബഹളം വയ്ക്കരുത്. പ്രദേശത്തിന്റെ ശാന്തതയും സമാധാനവും കാത്തുസൂക്ഷിക്കണം. ചെറിയ കുട്ടികളെയും കരച്ചിലുകാരെയും താൽക്കാലികമായി പ്രത്യേക കേന്ദ്രത്തിലാക്കാം.

നിശ്ചയദാർഢ്യക്കാർ

ഭിന്നശേഷിക്കാർക്ക് (നിശ്ചയദാർഢ്യക്കാർ) പ്രത്യേക സൗകര്യവും മുൻഗണനയുമുണ്ട്. 

ടൂർ ബസ് / ഗ്രൂപ്പ്

സംഘമായി ബുക്ക് ചെയ്തവർ നിശ്ചിത സമയത്തിന്റെ 30 മിനിറ്റ് മുൻപ് സ്ഥലത്ത് എത്തി സുരക്ഷാ പരിശോധന പൂർത്തിയാക്കണം. വലിയ ബാഗോ മറ്റു വസ്തുക്കളോ കയ്യിൽ കരുതരുത്.

വീൽചെയർ, ബേബി സ്ട്രോളർ

വീൽചെയറും കുട്ടികളുടെ ചെറിയ സ്ട്രോളറും അനുവദിക്കും. വലുതും ഇരട്ട സ്ട്രോളറും പാടില്ല. കേന്ദ്രത്തിൽ സൗജന്യമായി വീൽചെയറും ലഭിക്കുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ നല്ലത്.

നിരോധിത വസ്തുക്കൾ

പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് നിരോധനമുണ്ട്. ഡ്രോൺ ഉൾപ്പെടെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്നവ, സ്കേറ്റ് ബോർഡ്, സൈക്കിൾ, സ്കൂട്ടർ, ഹോവർ ബോർഡ്, സ്കേറ്റിങ് ഷൂസ്, മദ്യം, ലഹരിമരുന്ന്, ആയുധം, കളി തോക്ക്, വാട്ടർ ഗൺ, ടോയ് ബുള്ളറ്റ്, പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ, കത്രിക, ബ്ലേഡ്, മൃഗങ്ങൾ, ഇന്ധനം, ഗ്യാസ്, പ്രഷർ കണ്ടെയ്നർ, സംഗീത ഉപകരണങ്ങൾ, മൃഗങ്ങൾ എന്നിവ പാടില്ല. സുരക്ഷാ പരിശോധനയിൽ തിരസ്കരിച്ചവയൊന്നും പ്രവേശിപ്പിക്കില്ല.

പുകവലി പാടില്ല

ആരാധനാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ പുകവലി പാടില്ല. അനുവദനീയമായ പ്രത്യേക സ്ഥലത്ത് ആകാം.

വേഷവിധാനം

മതവിശ്വാസങ്ങളെ ഹനിക്കാത്തവിധം മാന്യമായ വസ്ത്രധാരണം. കഴുത്തു മുതൽ കൈ മുട്ട്, കണങ്കാൽ വരെ മറയും വിധമുള്ള വസ്ത്രം അഭികാമ്യം. മതവികാരം വ്രണപ്പെടുത്തും വിധം ചിത്രമോ പതാകയോ എഴുത്തോ ഉള്ള വസ്ത്രമോ തൊപ്പിയോ പാടില്ല. ഇറുകിയ വസ്ത്രവും ഒഴിവാക്കാം. ശബ്ദമലിനീകരണം ഉണ്ടാക്കും വിധമുള്ള വസ്ത്രമോ ആഭരണങ്ങളോ ധരിക്കരുത്. ബുക്കിങിനും വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com