ADVERTISEMENT

അബുദാബി∙ യുഎഇയിൽ സൗജന്യ വൈഫൈ (ഇന്റർനെറ്റ്) ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

Also read: വിമാനയാത്ര വൈകാതിരിക്കാൻ അൽപം കരുതലാകാം

സൈബർ തട്ടിപ്പുകാർ ഫോണിലും ലാപ്ടോപ്പിലും സൂക്ഷിച്ച വ്യക്തിഗത രഹസ്യവിവരങ്ങൾ ചോർത്തിയേക്കാം.  ബാങ്ക് പോലെ അതീവ സുരക്ഷാ ഇടപാടുകൾക്ക് യോജിച്ചതല്ല പൊതു വൈഫൈ. അക്കൗണ്ട് വിവരങ്ങളും രഹസ്യ കോഡും (പാസ് വേഡ്) ചോരാനിടയുണ്ടെന്നും അതുവഴി പണം നഷ്ടപ്പെട്ടേക്കാമെന്നും ബാങ്കുകൾ ഓർമിപ്പിച്ചു.

സൗജന്യ വൈഫൈ സേവനത്തിന്റെ ഉപയോഗം കരുതലോടെയാകണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ തട്ടിപ്പുകാരുടെ വലയിൽപെട്ട് വിലപ്പെട്ട വിവരങ്ങളും ഉപകരണത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടേക്കാം. പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റാ ഉപയോഗിച്ച് മാത്രം ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാകും സുരക്ഷിതം.

ഷോപ്പിങ് മാൾ, ജിംനേഷ്യം, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്പോർട്ട് തുടങ്ങി പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരങ്ങളാണ് ഉപയോഗിക്കുന്നത്.  അതുകൊണ്ടുതന്നെ അപകട സാധ്യതയും കൂടുതലാണ്.  യൂസർനെയിമും പാസ് വേഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമാണെന്നു കരുതരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധനും സൈബർ ഷെൽട്ടർ ഗ്രൂപ്പ് സിഇഒ ഇല്യാസ് കൂളിയങ്കൽ പറ‍ഞ്ഞു.

രഹസ്യ കോഡുകൾ ഇല്ലാത്ത വൈഫൈ ശൃംഖലകളിൽ എത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവർ അറിയാതെ ഇടപാട് നടത്താൻ സൈബർ തട്ടിപ്പുകാർക്ക് സാധിക്കും.  

സുരക്ഷാ നിർദേശങ്ങൾ

∙ പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ബാങ്ക് അക്കൗണ്ടോ മൊബൈൽ ആപ്പോ തുറക്കരുത്.

∙ അപരിചിത ഇമെയിലും എസ്എംഎസ് തുറക്കേണ്ടിവന്നാലും ലിങ്കിൽ പ്രവേശിക്കുകയോ മറുപടി അയക്കുകയോ ചെയ്യരുത്.

∙ മൊബൈൽ, ലാപ്ടോപ്് സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്തിരിക്കണം 

∙ ആന്റിവൈറസ് സോഫ്റ്റ് വെയർ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം.

∙ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ പങ്കിടരുത്. 

∙ സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുത്.

∙ വെബ് സൈറ്റിന്റെ പേരിന് മുമ്പ് https:// എന്നുള്ള എൻക്രിപ്റ്റ് ചെയ്തവ മാത്രം ഉപയോഗിക്കുക.

∙ സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപെട്ടാലും വഞ്ചിക്കപ്പെട്ടാലും ഉടൻ ബാങ്കിനെയും പൊലീസിനെയും അറിയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com