ADVERTISEMENT

അബുദാബി∙ വികാരി അച്ചൻ ബിജുവേ എന്നു നീട്ടി വിളിച്ചാൽ അബുദാബി മാർത്തോമ്മാ പള്ളിയിലെ കൈക്കാരന്മാർ ഒരുമിച്ചു വിളി കേൾക്കും. പള്ളിയിലെ 9 ചുമതലക്കാരിൽ എട്ടും ബിജുമാർ. ഇതിലേതു ബിജുവെന്ന് അറിയണമെങ്കിൽ മുഴുവൻ പേരും വിളിക്കണം. ചെറിയൊരു കൗതുകത്തിനു തുടങ്ങിയതാണ്, കൗതുകം ലേശം കൂടിപ്പോയപ്പോൾ പള്ളി ഭരണ സമിതിയിലെ 8 പേർ ബിജുമാരായി.

Also read: ഹയാ കാർഡ്: ജനുവരി 24 വരെയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

ഏക വനിതാ പ്രതിനിധി പോലും അതിൽ വിട്ടു വീഴ്ചയ്ക്കു തയാറായില്ല, പേരു സുമയെന്നാണെങ്കിലും ഭർത്താവ് ബിജുവിന്റെ പേരു ചേർത്തപ്പോൾ ബിജുമാർക്കിടയിലെ വനിതാ പ്രാതിനിധ്യം സുമ ഉറപ്പിച്ചു. 8 ബിജുമാരിൽ 5 പേരും പത്തനംതിട്ടക്കാരാണ്. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഭരണസമിതിയിൽ ‘ബിജുനിവേശം’ ഉണ്ടാകുന്നത്.

ജനറൽ ബോഡിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വന്ന ആദ്യ 3 പേരുകൾ ബിജുമാരുടേതായിരുന്നു (ബിജു പാപ്പച്ചൻ, ബിജു കുര്യൻ, ബിജു ടി. മാത്യു). അങ്ങനെ 3 ബിജുമാരെ തിരഞ്ഞെടുത്തപ്പോൾ ആവേശമായി. ബിജു ഫിലിപ്പ് നാലാമനായി എത്തി. എന്നാൽ, ഇത്തവണ ബിജുമാര്‍ ഭരിക്കട്ടെ എന്നായി ജനറൽ ബോഡി. പിന്നെ ബിജുമാർക്കായി തിരച്ചിൽ. അധികം തിരയേണ്ടി വന്നില്ല 7 പേരെ അപ്പോൾ തന്നെ കിട്ടി.

സഭയുടെ ഉന്നതാധികാര സമിതിയായ മണ്ഡലത്തിലേക്കുള്ള വനിതാ പ്രതിനിധിയായി സുമ ബിജു വന്നതോടെ പൂർത്തിയായി. ഭൂരിഭാഗം സ്ഥാനങ്ങളിലേക്കും എതിരില്ലാതെയാണ് തിരഞ്ഞെടുപ്പു നടന്നത്. ചില സ്ഥാനങ്ങളിൽ എതിർ സ്ഥാനാർഥികൾ ഉണ്ടായെങ്കിലും ബിജുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ പിന്മാറി. പള്ളിയിലെ അൽമായ ശുശ്രൂഷകൻ ലിജോ ജോൺ ബിജുമാർക്കിടയിലെ ഒറ്റയാനായി.

ലിജോയ്ക്ക് എതിരായി ബിജു എം. വർഗീസിന്റെ പേരു പറഞ്ഞെങ്കിലും അദ്ദേഹം പിന്മാറിയതോടെ ബിജു സംവരണ മണ്ഡലത്തിൽ ലിജോ വിജയിച്ചു. ലിജോ ഒറ്റപ്പെട്ടു പോയി എന്നു കരുതരുത്, ലിജോ ജോണിനു പ്രാസമൊപ്പിക്കാൻ വികാരി റവ. ജിജു ജോസഫും സഹ വികാരി അജിത് ഈപ്പനുമുണ്ട്.

ഒരു ജാജാ പ്രാസത്തിന്റെ കളിയാണ് ഇവർക്കിടയിൽ. ഭാരവാഹികളായ ബിജുമാരുടെ പേരുകൾ ഇവിടെ തുടങ്ങുന്നു: വൈസ് പ്രസിഡന്റ് ബിജു പാപ്പച്ചൻ (അടൂർ), ട്രസ്റ്റി ഫിനാൻസ് ബിജു ടി. മാത്യു (കോഴഞ്ചേരി), ട്രസ്റ്റി അക്കൗണ്ട്സ് ബിജു ഫിലിപ്പ് (ചെങ്ങന്നൂർ), സെക്രട്ടറി ബിജു കുര്യൻ (തിരുവനന്തപുരം), ഓഡിറ്റർമാർ ബിജു മാത്യു (കടമ്മനിട്ട), ബിജു പി. ജോൺ (അഞ്ചൽ), അൽമായ ശുശ്രൂഷകർ ബിജു വർഗീസ് (മരക്കുളം കൊല്ലം), മണ്ഡലം പ്രതിനിധി സുമാ ബിജു. ഭരണ സമിതി തിരഞ്ഞെടുപ്പു പൂർത്തിയായപ്പോൾ സമൂഹ മാധ്യമങ്ങളിൽ ബിജു ട്രോളുകൾ വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com