ADVERTISEMENT

അൽഹസ ∙ ഏഴ് വർഷത്തോളം മരുഭൂമിയിൽ 'ഒട്ടകജീവിതം' അനുഭവിച്ച ഇന്ത്യക്കാരന് ഒടുവിൽ സൗദി മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മടക്കം. വാരണാസി സ്വദേശിയായ അസാബ് ആണ് ദുരിതപർവം താണ്ടി നാട്ടിലെത്തിയത്.

ഭൂരിഭാഗം ഗൾഫുകാരുടെ പ്രതീകമായ 42 കാരനായ അസാബ് നല്ലൊരു പാചകക്കാരനായിരുന്നു. പ്രാരാബ്ധം നിറഞ്ഞ തന്റെ  കുടുബത്തിന് നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ്  2016 സെപ്റ്റംബറിൽ ഖത്തറിൽ വിമാനമിറങ്ങിയത്. പാചകക്കാരന്റെ വീസയിൽ തന്നെയാണ് എത്തിയതെങ്കിലും ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നു അവിടെ കാത്തിരുന്നത്. ഖത്തറിലെ സ്പോൺസർ ഇതിനിടെ അനധികൃതമായി അതിർത്തി കടത്തി സൗദിയിലേക്ക് എത്തിച്ചു.  അയാളുടെ അവിടെയുളള നാൽപതോളം ഒട്ടകങ്ങളെ  പരിപാലിക്കാനായിരുന്നു അസാബിന്റെ നിയോഗം.

azaab-with-oicc-members

വീസയോ മറ്റു രേഖകളോ ഇല്ലാതെ, രാവും പകലുമായി കൃത്യമായി ഭക്ഷണമോ വിശ്രമമോ ഇല്ലാതെ മസറയിലെ കഠിന ദിവസങ്ങളിലൂടെ ഇയാൾ കടന്നുപോയി. ദുരിതം നിറഞ്ഞ ഒട്ടക ജീവിതത്തിൽ നിന്ന് മോചനം നേടി നാട്ടിലേക്ക് എന്ന് എങ്ങനെ തിരികെ പോകുമെന്നോ മറ്റോ അറിയാതെ മാസങ്ങളും വർഷങ്ങളും കടന്നു പോയി.  നാട്ടിൽ നിന്നു പോരുമ്പോൾ ഏഴു വയസ്സ് മാത്രമുണ്ടായിരുന്ന തന്റെ ഏക മകളെയും  പ്രിയപ്പെട്ട ഭാര്യയെയും പ്രായമായ അമ്മയെയും  ഇനിയെന്നു കാണാനാവുമെന്ന് അറിയാതെ  നിരാശപ്പെട്ട് അനിശ്ചിതത്വം നിറഞ്ഞ ജീവിതം തള്ളിനീക്കി. ഇതിനിടയിലാണ് അടുത്ത പരീക്ഷണം കടന്നു വന്നത്. ഖത്തറും സൗദിയിലും തമ്മിൽ ബന്ധത്തിൽ ഉലച്ചിൽ തട്ടിയതോടെ അതിർത്തി അടക്കുന്നതു വരെ കാര്യങ്ങളെത്തി. തങ്ങളുടെ പൗരൻമാരോട് തിരിക എത്താൻ ഇരു രാജ്യങ്ങളും അവശ്യപ്പെടുകയുണ്ടായി. അതോടുകൂടി സ്പോൺസർ സ്വദേശമായ ഖത്തറിലേക്കു മടങ്ങിയെങ്കിലും  അസാബിനെ കൂട്ടിയില്ല. അയാൾ പിന്നീട് തന്റെ സഹോദരങ്ങൾ വഴി സൗദിയിലെ മസറയിലുള്ള ഒട്ടകങ്ങളെ ഓരോന്നായി  വിറ്റൊഴിവാക്കിയിരുന്നു.

നാട്ടിൽ നിന്നെത്തിയ നാൾ മുതൽ മസറയിലും മരുഭൂമിയുടെ മണൽ കാഴ്ചകളിലും ആടുകൾക്കിടയിലും ഒട്ടകങ്ങൾക്കിടയിലും മാത്രമായി ജീവിച്ച്, പുറം ലോകത്തെകുറിച്ച് ഒന്നുമറിയാത്ത അസാബ് താൻ അകപ്പെട്ടിരിക്കുന്ന ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ വഴിയറിയാതെ കുഴഞ്ഞു. ദേശവും ദിക്കുമറിയാത്ത മരുഭൂമിയിൽ തളയ്ക്കപ്പെട്ട ജീവിതത്തിൽ നിന്ന് എങ്ങനെയങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായി.

വർഷങ്ങളോളമുള്ള മരുഭൂ ജീവിതത്തിൽ നിന്ന് ആരുടെയൊക്കെയൊ സഹായത്താൽ ആദ്യം റിയാദിലും പിന്നീട് അൽഹസയിലുമെത്തിയതാണ് മടങ്ങിപ്പോക്കിന് വഴിയൊരുക്കിയത്. അസാബിന്റെ ദുരിത ജീവിതമറിഞ്ഞ ചിലരുടെയൊക്കെ സഹായത്താൽ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതിനായി പിന്നീട് തനിക്കറിയാവുന്ന ജോലികൾ ചെയ്തു. മരുഭൂമിയിലെ ദുരന്തനാളുകൾ അവസാനിച്ചുവെങ്കിലും കൈവശം നിയമപരമായ യാതൊരുവിധ രേഖകളുമില്ലാതെ ഒളിച്ചും പാത്തും ഭയന്നും ജീവിതം മുന്നോട്ടു കൊണ്ടുപോയി.

ഏതുവിധേനയും തിരികെ നാട്ടിലേക്ക് പോകാനായി എങ്ങനെയോ അൽഹസ തർഹീൽ (ഡിപോർട്ടേഷൻ) സെന്ററിലെത്തി. അസാബിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മനസിലാക്കിയ ജവാസത്ത് വിഭാഗത്തിലുള്ള ഓഫിസർ അനുഭാവപൂർവ്വം പെരുമാറി.  അൽഹസയിലെ ഒഐസിസി  ജീവകാരുണ്യ വിഭാഗം കൺവീനറും ഇന്ത്യൻ എംബസി സോഷ്യൽ വർക്കറുമായ പ്രസാദ് കരുനാഗപ്പള്ളി, ഷാഫി കുദിർ, ഉമർ കോട്ടയിൽ എന്നിവരെ ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാൻ സഹായം ലഭിക്കുന്നതിന് സമീപിക്കാൻ നിർദ്ദേശിച്ചു.

തുടർന്ന് അസാബിൽ നിന്നും വിവരങ്ങളറിഞ്ഞ ഒഐസിസിസി ഭാരവാഹികൾ റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസടക്കമുള്ള ആവശ്യമായ യാത്രാ രേഖകളെല്ലാം ശരിയാക്കി നൽകി. ഒപ്പം അൽ ഹസ  ഒഐസിസി വക വിമാന ടിക്കറ്റും അസാബിന് കൈമാറി. ഒടുവിൽ ഏഴു വർഷത്തോളം നീണ്ട ദുരിതപർവ്വം താണ്ടി കഴിഞ്ഞ വെള്ളിയാഴ്ച ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വാരണാസിയിലെത്തി കൂടുംബത്തോടൊപ്പം ചേർന്നു. നാട്ടിലെത്തിയ അസാബും കുടുംബവും ഒഐസിസി നേതൃത്വത്തോട് തങ്ങളുടെ നന്ദി അറിയിച്ചു.

English Summary : Varanasi native stranded in Al Hassa desert for 7 years returned home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com