ADVERTISEMENT

ദുബായ് ∙ ചിലർ ആദ്യമായാണ് ദുബായ് കാണുന്നത്, മറ്റു ചിലർ ആദ്യമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ അകത്ത് കാലുകുത്തി. ഇതുവരെ കഴിച്ചതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ മിക്കവരും സ്റ്റേജിൽ കയറുന്നതും ആദ്യമായിട്ടായിരുന്നു. പക്ഷേ, മിടുമിടുക്കികളായ മക്കളുടെ പേരിൽ ലോക വനിതാ ദിനത്തിൽ ഇതെല്ലാം ഒറ്റയടിക്ക് സാധ്യമായതിൽ അഭിമാനത്താൽ തലയുയർത്തിനിന്നു, ആ രക്ഷിതാക്കൾ. പഠിക്കാൻ മിടുക്കികളായ പെൺകുട്ടികൾക്ക്  യുഎഇയിലെ പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ 'അൽമിറ' സ്‌കോളർഷിപ് സ്വീകരിക്കാനാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന 25 പ്രവാസികൾ ദുബായിയിൽ സംഗമിച്ചത്. 

almira-scholarship-distributed2

ഏറ്റവും അർഹരായ പ്രവാസികളുടെ നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വീതമുള്ള 'അൽമിറ' സ്‌കോളർഷിപ് ഇത്തവണ നാട്ടിൽ ഹയർ സെക്കൻഡറി പൊതു പരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ലഭിച്ചത്. ആയിരത്തോളം അപേക്ഷകരിൽ നിന്ന് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും യുഎയിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചാണ് മിടുക്കികളെ തിരഞ്ഞെടുത്തത്.

almira-scholarship-distributed1

പെൺമക്കളുടെ ഉയർച്ച സ്വപ്നംകാണുന്ന രക്ഷിതാക്കൾ

‘എന്റെ മകൾ നന്നായി പഠിക്കും, അവൾ പഠിച്ച് നല്ലൊരു ജോലി നേടിയാൽ എന്റെ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും’– കഴിഞ്ഞ 43 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന, ഇപ്പോൾ അബുദാബിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഖാലിദിന്റെ വാക്കുകളാണിത്. എന്റെ പ്രതീക്ഷ മകളിലാണ്, അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എത്ര കാലം കഷ്ടപ്പെടാനും ഞാൻ തയാറാണെന്നായിരുന്നു ഷാർജയിലെ ഒരു ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ജിജി പറഞ്ഞത്. ‘ജീവിത സാഹചര്യംകൊണ്ട് പണ്ടെനിക്ക് പഠിക്കാൻ സാധിച്ചില്ല, മകൾ പഠിച്ചു ഒരു ഡോക്ടറായി കാണണം എന്നാണ് തന്റെ ആഗ്രഹമെന്നു ഷാർജയിലെ ആയുർവേദിക് സെന്ററിൽ ജോലിചെയ്യുന്ന ഉണ്ണികൃഷ്ണൻ പറയുന്നു.

almira-scholarship-distributed4

നിഷാദ്–ഹസീന ദമ്പതികളുടെ മകളുടെ പേരിൽ ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്പ്. അതു സ്വീകരിക്കാൻ എത്തിയ ഓരോ രക്ഷിതാവിനും തങ്ങളുടെ മകളെ കുറിച്ച് സ്വപ്നങ്ങളുണ്ട്. അതുകൊണ്ടാണ് പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾക്കൊണ്ട്, ഞങ്ങളുടെ മകളുടെ പേരിലുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തത് എന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് എംഡി ഹസീന നിഷാദ് പറഞ്ഞു. 

almira-scholarship-distributed3

പെൺകുട്ടികളെ എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കുക എന്ന ചിന്തയിൽനിന്നും ഭൂരിഭാഗം പ്രവാസികളും മാറിയെന്നതിന്റെ ഏറ്റവും മികച്ച തെളിവായിരുന്നു ഞങ്ങൾ ഈ സ്‌കോളർഷിപ്പ് അനൗൺസ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസൈൻ പറഞ്ഞു. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com