ADVERTISEMENT

അബുദാബി∙  പാക്കിസ്ഥാൻ മുതൽ യുഗാണ്ട വരെ 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎഇയിൽ കേരള സിലബസിൽ പരീക്ഷ എഴുതുന്നത്. ആപ്ലിക്കേഷൻ ലെവലിലുള്ള പഠന, പരീക്ഷ രീതികളിലൂടെ മികച്ച മാർക്ക് നേടാൻ സാധിക്കുമെന്നതാണ് കാരണം. വിദേശ പാഠ്യപദ്ധതിയോടു കിടപിടിക്കാനും മത്സരിക്കാനും കേരള സിലബസിനു കഴിയുമെന്നും ഇവർ പറയുന്നു.

Also read: ഷുക്കൂർ വക്കീലിന്റെ 'വിവാഹം'; സന്തോഷിച്ച് സഹോദരങ്ങൾ, ചുറ്റുപാടുകളെ ഗൗനിക്കാമായിരുന്നുവെന്ന് സി.മുനീർ

school

റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന 42 വിദ്യാർഥികളിൽ 16 പേരും വിദേശ വിദ്യാർഥികളാണ്. കോമ്രോസ് 3, പാക്കിസ്ഥാൻ 3, സൊമാലിയ 2, ബംഗ്ലദേശ് 2, അഫ്ഗാനിസ്ഥാൻ 2, ഈജിപ്ത് 1, സുഡാൻ 1, ജോർദാൻ 1. ഫിലിപ്പീൻസ് 1. ഇവിടെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പരീക്ഷ എഴുതുന്ന 132 വിദ്യാർഥികളിൽ 75 പേരും വിദേശികൾ തന്നെ. ഇതിൽ 30 പേരും പാക്കിസ്ഥാനിൽ നിന്നുള്ളവർ.

 

അഫ്ഗാൻ, ബംഗ്ലദേശ്, കോമ്രോസ്, ജിബൂട്ടി, ഈജിപ്ത്, ഇന്തൊനീഷ്യ, ഇറാൻ, ജോർദാൻ, മാലി, പലസ്തീൻ, സൊമാലിയ, സുഡാൻ, സിറിയ, യുഗാണ്ട, യെമൻ എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. ഫുജൈറ ഇന്ത്യൻ സ്കൂളിലെ 66 വിദ്യാർഥികളിൽ 25 പേരും വിദേശികൾ. ഇതിൽ ബംഗ്ലദേശ് 13, പാക്കിസ്ഥാൻ 8, ശ്രീലങ്ക 1, എറിത്രിയ 1, ഫിലിപ്പീൻസ് 1, അഫ്ഗാനിസ്ഥാൻ 1. പഞ്ചാബിൽ നിന്നുള്ള ഒരു വിദ്യാർഥിയും ഇവിടെ പരീക്ഷ എഴുതുന്നു. പ്ലസ് ടുവിന് പരീക്ഷ എഴുതുന്ന 60 പേരിൽ 11 പേരും  പ്ലസ് വണ്ണിലെ 52ൽ 11 പേരും വിദേശികളാണ്.

 

ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന 22 പേരിൽ 6 പേർ മാത്രമാണ് ഇന്ത്യക്കാർ. ബാക്കി 16 പേരും വിദേശികൾ. ബംഗ്ലദേശ് 5, പാക്കിസ്ഥാൻ 3, അഫ്ഗാനിസ്ഥാൻ 2, ജർമനി 2, ജോർദാൻ 1, സിറിയ 1, ഇറാഖ് 1, ഇറാൻ 1. ഇവിടെ പ്ലസ് വണ്ണിലെ 74ൽ 35 പേരും പ്ലസ്ടുവിൽ 53ൽ 26 പേരും വിദേശികൾ. ദുബായ് ഗൾഫ് മോഡൽ ‍സ്കൂളിലെ 71 എസ്എസ്എൽസി വിദ്യാർഥികളിൽ 17 പേർ വിദേശികളാണ്. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ എസ്എസ്എൽസിക്ക് ഏഴും പ്ലസ്‌വണിന് ഏഴും പ്ലസ്ടുവിന് മൂന്നും വിദ്യാർഥികൾ വിദേശികൾ. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പത്താം ക്ലാസിലെ  ഒരാളും വിദേശിതന്നെ.

 

പരീക്ഷയ്ക്കു ശേഷം എഴുതിയ ഉത്തരം ശരിയാണോ എന്ന് കൂട്ടുകാരികളുമായി ചർച്ച ചെയ്യുന്ന അബുദാബി മോഡൽ സ്കൂളിലെ വിദ്യാർഥിനികൾ.
പരീക്ഷയ്ക്കു ശേഷം എഴുതിയ ഉത്തരം ശരിയാണോ എന്ന് കൂട്ടുകാരികളുമായി ചർച്ച ചെയ്യുന്ന അബുദാബി മോഡൽ സ്കൂളിലെ വിദ്യാർഥിനികൾ.

ആശങ്ക മാറ്റിയ കൂൾ ഓഫ് ടൈം

 

ജീവിതത്തിലെ ആദ്യ ബോർഡ് പരീക്ഷ, അതും മറുനാടൻ സിലബസിൽ... ആകാംക്ഷയായിരുന്നു മനസ്സു നിറയെ. പക്ഷേ കൂൾ ഓഫ് ടൈമിൽ ചോദ്യങ്ങളെല്ലാം വായിച്ചു തീർന്നപ്പോൾ ആത്മവിശ്വാസം വീണ്ടെടുത്തു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതി. ശേഷിച്ച പരീക്ഷകളും ഇതുപോലെ എഴുതാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.-മുനവ്വറ അഫ്ഗാനിസ്ഥാൻ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ

 

ചിട്ടയായി പഠിച്ചാൽ പരീക്ഷ ഇൗസി

 

കേരള സിലബസിൽ തിരഞ്ഞെടുത്തതിൽ ചെറിയ ആശങ്ക ആദ്യ പരീക്ഷയായ അഡിഷനൽ ഇംഗ്ലിഷ് എഴുതാൻ എത്തുമ്പോഴും ഉണ്ടായിരുന്നു. ചിട്ടയായ പഠനവും പരിശീലനവും ഉണ്ടെങ്കിൽ എല്ലാം വരുതിയിലാക്കാമെന്ന് പരീക്ഷ തെളിയിച്ചു. എല്ലാ വിഷയങ്ങളിലും എപ്ലസ് നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്വദേശി, വിദേശി വ്യത്യാസമില്ലാത്ത മികച്ച പരിശീലനവും അധ്യാപകരുടെ പ്രോത്സാഹനവും സഹായകമായി- ഇമാൻ മാജിദ് കോമ്രോസ്.

 

എഴുതിത്തീരാതെ മലയാളം; ഗ്രാമറിൽ കുഴക്കി ഇംഗ്ലിഷ്

 

അബുദാബി ∙ എസ്എസ്എൽസി മലയാളം പരീക്ഷയുടെ ചോദ്യങ്ങൾ എളുപ്പമുള്ളതായിരുന്നെങ്കിലും എഴുതിത്തീർക്കാൻ സമയം ലഭിക്കാതെ ഗൾഫിലെ വിദ്യാർഥികൾ. അഡിഷനൽ ഇംഗ്ലിഷ് പരീക്ഷ എഴുതിയ വിദ്യാർഥികളിൽ ചിലരെ ഗ്രാമർ അൽപം വട്ടംകറക്കിയെങ്കിലും മികച്ച സ്കോർ പ്രതീക്ഷിക്കാൻ കഴിയുന്ന ചോദ്യപ്പേപ്പറായിരുന്നു. മലയാളം പരീക്ഷയിൽ 6 മാർക്കിന്റെ അവസാന ചോദ്യം പലർക്കും എഴുതാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് മലയാളം പരീക്ഷയുടെ സമയം 2 മണിക്കൂറെങ്കിലും ആക്കണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. പ്രതീക്ഷിച്ച ചോദ്യങ്ങൾ കണ്ടപ്പോൾ ആശ്വാസമായി. എന്നാൽ സമയത്തിന് എഴുതി തീർക്കാനായില്ലെന്ന് അബുദാബി മോഡൽ സ്കൂൾ വിദ്യാർഥികളായ മലപ്പുറം സ്വദേശി സമയും തൃശൂർ സ്വദേശി ആദിൽ അൻവറും പറയുന്നു. ചിട്ടയായ പഠനത്തിന്റെ ഗുണമാണ് പരീക്ഷയ്ക്ക് ഗുണം ചെയ്തെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിച്ചെന്നും തിരുവനന്തപുരം സ്വദേശി ശ്രീപാർവതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com