ADVERTISEMENT

ദോഹ∙ ദോഹയിലെ മൻസൂറയിൽ 4 നിലക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടരയോടെയാണ് മൻസൂറയിലെ ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസ് സൂപ്പർമാർക്കറ്റിന് അടുത്തുള്ള ബിൻ ദുർഹാമിലെ അൽ ഖുദ്രി സ്ട്രീറ്റിൽ  സ്ഥിതി ചെയ്തിരുന്ന  4 നില കെട്ടിടം തകർന്നു വീണത്. അപകടം നടന്നയുടൻ സിവിൽ ഡിഫൻസ്, ആംബുലൻസ്, സേർച് ആൻഡ് റസ്‌ക്യൂ ടീം, പൊലീസ് സംഘങ്ങളെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് പരിശോധന നടത്തിയത്.

7 പേരെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുത്തി. എന്നാൽ, മരിച്ചയാളുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അപകടം നടന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഇവിടങ്ങളിലെ താമസക്കാരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽ മുഫ്ത വ്യക്തമാക്കി. പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പീൻസ് സ്വദേശികളായ കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടമാണിത്. തുടർച്ചയായി അറ്റകുറ്റപ്പണികൾ നടക്കുന്ന പഴയ കെട്ടിടമാണിതെന്ന് സമീപവാസികൾ പറയുന്നു. 

12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ദോഹ∙ തകർന്നു വീണ കെട്ടിടത്തിലെ താമസക്കാരായ 12 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. പബ്ലിക് റിലേഷൻസ് ഓഫിസർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽ മുഫ്ത ഖത്തർ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. അപകടത്തിന്റെ ഷോക്കിൽ നിന്ന് മോചനം നേടാൻ ഇവർക്ക് കമ്യൂണിറ്റി പൊലീസിന്റെ മാനസിക പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com