അബുദാബി∙ കാർട്ടിങ് ചാംപ്യൻഷിപ്പിൽ ജേതാവായി മലയാളി യുവാവ്. അൽഐനിൽ നടന്ന റൊടെക്സ് മാക്സ് ചാംപ്യൻഷിപ്പിൽ (ഡിഡി2) കോട്ടയം സ്വദേശി കെയ്ൻ ചെറിയാൻ (17) ചാംപ്യനായി. ഡിസംബറിൽ ബഹ്റൈനിൽ നടക്കുന്ന റൊടെക്സ് മാക്സ് ചാലഞ്ച് ഗ്രാൻഡ് ഫൈനലിൽ യുഎഇയെ പ്രതിനിധീകരിക്കുന്നത് കെയ്ൻ ആയിരിക്കും. ഇതു മൂന്നാം തവണയാണ് രാജ്യാന്തര മത്സരത്തിൽ െകയ്ൻ യുഎഇയെ പ്രതിനിധീകരിക്കുന്നത്.
Also read: ‘സ്വന്തം ആകാശം’; രാജ്യത്തിന്റെ വ്യോമ മേഖലയുടെ പൂർണ നിയന്ത്രണം സ്വന്തമാക്കി ഖത്തർ
ഡിസംബർ 2 മുതൽ 9 വരെ ബഹ്‌റൈൻ ഇന്റർനാഷനൽ കാർട്ടിങ് സർക്യൂട്ടിലാണ് ലോക ചാംപ്യൻഷിപ്. 300 ചാംപ്യൻമാർ പങ്കെടുക്കുന്ന മത്സരത്തിൽ യുഎഇക്കു വേണ്ടി ചാംപ്യൻ പട്ടം നേടുകയാണ് ലക്ഷ്യം. വെല്ലുവിളികൾ നിറഞ്ഞ മത്സരത്തിനുള്ള തയാറെടുപ്പിലാണ് കെയ്ൻ. നാലാം വയസ്സിൽ റേസിങ് കാർ സിനിമ ലൈറ്റ്നിങ് മക് ക്വീൻ കണ്ടപ്പോൾ തുടങ്ങിയതാണ് കാറോട്ടത്തിലെ കമ്പം. പിന്നീട് തിരഞ്ഞെടുക്കുന്ന കളിപ്പാട്ടങ്ങളെല്ലാം കാറോട്ടത്തിന്റേതായിരുന്നു. ഇന്റർനെറ്റിൽ നിന്നും പുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞതോടെ അഭിനിവേശം കൂടി. യുഎഇയിൽ ചെറിയ കോഴ്സുകളിൽ ചേർന്ന് അറിവു വർധിപ്പിച്ചു.
നെഞ്ചിടിപ്പോടെയാണെങ്കിലും മകന്റെ വിനോദത്തിന് മാതാപിതാക്കളും സമ്മതം മൂളിയതോടെ വേഗത്തെ കീഴടക്കുന്ന തിരക്കിലായി കെയ്ൻ. 12ാം വയസ്സിൽ ഇൻഡോർ ട്രാക്കിലായിരുന്നു ആദ്യ പരിശീലനം. 13 ആയപ്പോൾ ഔട്ട് ഡോർ ട്രാക്കിലേക്കു മാറിയതോടെ സ്വപ്നങ്ങൾക്കും വേഗം കൂടി. ദേശീയ, രാജ്യാന്തര തലത്തിൽ കാർട്ടിങ്ങിൽ പ്രഫഷനൽ റേസിങിന്റെ ഭാഗമായിത്തുടങ്ങി.
ദുബായ് കാർട്ട് ഡ്രോം, അൽഐൻ റേസ് വേ, യാസ് മറീന, മസ്കറ്റ് സ്പീഡ് വേ തുടങ്ങിയ ഇടങ്ങളിൽ ഒട്ടേറെ തവണ ജേതാവായി. യുഎഇ റൊടെക്സ് മാക്സ് ഗോ കാർട്ടിങ് ചാലഞ്ചിൽ 7.2 റൗണ്ട് പിന്നിട്ടപ്പോൾ കെയ്ൻ 896 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരന് 700 പോയിന്റേയുള്ളു. ലോക ചാംപ്യൻഷിപ്പിനായുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞതായും കെയ്ൻ പറഞ്ഞു.
ടീമുമായി ചേർന്ന് ആവിഷ്ക്കരിച്ച തന്ത്രങ്ങൾ നടപ്പിലാക്കാൻ പരമാവധി പരിശ്രമിക്കും. 2019ൽ മസ്‌കറ്റിൽ നടന്ന മെന കപ്പിൽ മുൻ എഫ്‌ഐഎ പ്രസിഡന്റ് ജീൻ ടോട്ടിൽ നിന്ന് മെഡൽ വാങ്ങാനായത് അവിസ്മരണീയ അനുഭവമാണെന്നും പറഞ്ഞു. 2021ൽ ബഹ്‌റൈനിലും 2022ൽ പോർച്ചുഗലിലും ഇപ്പോൾ വീണ്ടും ബഹ്റൈനിലും യുഎഇയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്.
അച്ഛൻ ഷെറിൽ, അമ്മ മേഘ, സഹോദരൻ എഡ്രിയൻ സ്കൂൾ അധ്യാപകർ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നെല്ലാം ലഭിക്കുന്ന പിന്തുണയാണ് മുന്നോട്ടുകുതിക്കാനുള്ള ഇന്ധനം. ദുബായ് ജെംസ് വെല്ലിങ്ടൺ സ്കൂളിലെ 12–ാം ക്ലാസുകാരനായ കെയ്ന് ഇത്തവണ സ്കൂൾ സ്പോർട്സ് സ്കോളർഷിപ്പും ലഭിച്ചിരുന്നു. പഠനത്തിരക്കിനിടയിലും ചിട്ടയായ പരിശീലനത്തിൽ കെയ്ന് വിട്ടുവീഴ്ചയില്ല.
കായികക്ഷമത നിലനിർത്തുന്നതിന് ദിവസേന ഒന്നര മണിക്കൂറിലേറെ വർക്കൗട്ടും ചെയ്യും. ചെലവേറിയതും അപകടകരവുമായ വിനോദം ആദ്യം നെഞ്ചിടിപ്പോടെയാണ് കണ്ടിരുന്നതെന്നും ഇപ്പോൾ ഏറെ ആവേശത്തോടെ മത്സരം കാണുന്നതെന്ന് അമ്മ മേഘ പറഞ്ഞു. മകന്റെ മത്സരാവേശത്തിന് കരുത്തുപകരാനായി മേഘയും ഷെറിലും എപ്പോഴും കൂടെയുണ്ട്. 18 പിന്നിടുന്നതോടെ പഠനവും കളിയും യൂറോപ്പിലേക്കു കേന്ദ്രീകരിക്കാനാണ് പദ്ധതി.
ബെൽജിയം നെതർലാൻഡ്‌സ് ലീഗ് റേസിങ്, ആർഎംസി യൂറോ ട്രോഫി, ആർഎംസി ഇന്റർനാഷനൽ ട്രോഫി തുടങ്ങിയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാനും പദ്ധതിയുണ്ട്. കാർട്ടിങിൽ തുടങ്ങി ഫോർമുല വണ്ണിലെ വേഗരാജാക്കന്മാരായ മൈക്കിൾ ഷൂമാക്കർ, ലൂയിസ് ഹാമിൽറ്റൺ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവരെ പോലെ ഫോർമുല വൺ ആണ് കെയ്ൻ ചെറിയാന്റെയും ലക്ഷ്യം. പക്ഷേ ആ സ്വപ്ന സാക്ഷാത്കാരത്തിനു സ്പോൺസർഷിപ് ആവശ്യമുണ്ട്.
ഇതുവരെയുള്ള കരിയർ നേട്ടങ്ങൾ
2023
∙ യുഎഇ നാഷനൽ ചാംപ്യൻ
∙ മെന വൈസ് ചാംപ്യൻ
∙ ദുബായ് ഒ പ്ലേറ്റ് വൈസ് ചാംപ്യൻ
2022
∙ യുഎഇ ചാംപ്യൻഷിപ് വൈസ് റണ്ണർ അപ്
∙ ഫ്രാൻസിലെ റൊടെക്സ് മാക്സ് ഇന്റർനാഷനലിൽ
∙ യുഎഇയെ പ്രതിനിധീകരിച്ചു
2021
∙ യുഎഇ ചാംപ്യൻഷിപ് വൈസ് റണ്ണർ അപ്.
∙ ബഹ്റൈനിൽ റൊടെക്സ് വേൾഡ് ഫൈനലിൽ യുഎഇയെ പ്രതിനിധീകരിച്ചു.
2020
∙ യുഎഇ ചാംപ്യൻഷിപ് വൈസ് റണ്ണർ അപ്.
∙ മസ്കത്തിലെ മെന കപ്പിൽ യുഎഇയെ പ്രതിനിധീകരിച്ച് മെഡൽ നേടി.