ദമാം∙ ഖുർആനും നബിചര്യകളും പഠിപ്പിച്ച രീതിയിൽ റമസാൻ ദിനരാത്രങ്ങളെ ഉൾക്കാഴ്ച്ചയോടെ വിശ്വാസി സമൂഹം സമീപിക്കണമെന്ന് ദമാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാളം വിഭാഗം തലവൻ ഷെയ്ഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി പറഞ്ഞു. ദാന ധർമ്മങ്ങൾ കൊണ്ടും വിശുദ്ധ ഖുർആൻ പാരായണം കൊണ്ടും ആരാധനകളിലും സത് പ്രവർത്തനങ്ങളിലും സജീവമായി നിലകൊള്ളാൻ വിശ്വാസികൾ തയ്യാറാകണം. ദമാം ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്‍ലൻ റമദാൻ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫൈസൽ കൈതയിൽ സമാപന പ്രഭാഷണം നടത്തി. ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്ന ദമാം ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്സിക്യൂട്ടീവ് അംഗവും മാധ്യമ വിഭാഗം കൺവീനറുമായ സിറാജ് ആലുവയ്ക്ക് ഇസ്ലാഹി സെന്ററിന്റെ സ്നോഹോപഹാരം കൈതയിൽ ഇമ്പിച്ചിക്കോയ കൈമാറി.