അബുദാബി ∙വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ റമസാനിലെ ആദ്യ നോമ്പ് തുറന്ന് വിശ്വാസികൾ. മഗ്‌രിബ് ബാങ്ക് വിളി കേട്ടതോടെയാണ് 14 മണിക്കൂറിലേറെ നീണ്ട ഉപവാസത്തിന് വിരാമമായത്.
ഒരു മാസം നീളുന്ന ഉപവാസത്തിന്റെ ആദ്യ ചുവട് വിജയകരമായി പിന്നിട്ടതോടെ പ്രാർഥനകളും സത്കർമങ്ങളും ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.
കുടുംബ സമേതം താമസിക്കുന്നവരും ഭക്ഷണ സൗകര്യം ഉള്ള ബാച്ചിലേഴ്സും താമസ സ്ഥലത്താണ് നോമ്പു തുറന്നത്. ചിലർ റസ്റ്ററന്റുകളിലും മറ്റുചിലർ പള്ളികളിലും ടെന്റുകളിലും മറ്റും ഏർപ്പെടുത്തിയ സമൂഹ നോമ്പുതുറയിലും പങ്കെടുത്തു.
ടെന്റുകൾ താരതമ്യേന കുറവായിരുന്നതിനാൽ പലയിടങ്ങളിലും നല്ല തിരക്കുണ്ടായിരുന്നു. സർക്കാരിന്റെയും അംഗീകൃത സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ഇഫ്താർ വിഭവങ്ങൾ എത്തിച്ചിരുന്നു.