ADVERTISEMENT

റിയാദ് ∙ സൗദിയിൽ പൊതുമാപ്പിലൂടെ തടവുകാരെ വിട്ടയക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്. വരും ദിവസങ്ങളിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി വിട്ടയക്കും. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.  നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് നിർദേശം നൽകിയതായി ജയിൽ മേധാവി പറഞ്ഞു.

 

പൊതു അവകാശ കേസുകളിൽ ശിക്ഷക്കപ്പെട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായ തടവുകാരെ വിട്ടയക്കാനുള്ള നടപടികൾ ജയിൽ വകുപ്പ് ആരംഭിച്ചു. ഓരോ പ്രവിശ്യയിലും പൊതുമാപ്പിന് അർഹരായ തടവുകാരെ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റികൾ പ്രവർത്തനം തുടരുകയാണ്. അർഹരായ മുഴുവൻ തടവുകാരെയും വിട്ടയക്കുന്നതു വരെ കമ്മിറ്റികൾ പ്രവർത്തനം തുടരും.

 

ഇഖാമ നിയമ ലംഘകർ, ഓഹരി വിപണി നിയമ ലംഘനം, മന്ത്രചികിത്സ, ആളപായമില്ലാത്ത നിലക്കുള്ള ആക്രമണം, ഗതാഗത നിയമ ലംഘനം, സൈബർ കുറ്റകൃത്യങ്ങൾ, മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കൽ, സദാചാര കേസുകൾ, മോഷണം, രഹസ്യ രേഖകൾ മോഷ്ടിക്കൽ,  കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും. കൊലപാകതത്തിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ലഭിക്കാൻ ശിക്ഷാ കാലയളവിൽ പകുതി അനുഭവിക്കണമെന്ന് വ്യവസ്ഥയുണ്ട്. അവശേഷിക്കുന്ന ഭൂരിഭാഗം കേസുകളിലും തടവുകാർ നാലിലൊന്ന് ശിക്ഷാ കാലം പൂർത്തിയാക്കിയിരിക്കണം.

 

 മദ്യം, ആയുധം, ബിനാമി ബിസിനസ്, നിസാര കേസുകൾ, ഖാത്ത്(ലഹരി) കടത്ത്, പോക്കറ്റടി, വണ്ടിച്ചെക്ക്, ലഹരി മരുന്ന് ഉപയോഗം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി പൊതുമാപ്പ് ലഭിക്കുക. പരുക്കുകൾ ഭേദമാകാൻ പതിനാലു ദിവസത്തിൽ കവിയാത്ത കാലം മാത്രം മതിയായ അടിപിടി കേസുകളിലെ പ്രതികൾക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. മദ്യവിൽപന നടത്തി നാലാം തവണ വരെ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ലഭിക്കും. വിതരണ ലക്ഷ്യത്തോടെ മദ്യം കൈവശം വച്ച് ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്ക് ശിക്ഷാ കാലയളവിന്റെ നാലിലൊന്ന് കാലം പൂർത്തിയാക്കിയാൽ പൊതുമാപ്പിന് അർഹതയുണ്ടാകും. ലൈസൻസില്ലാതെ ആയുധം സൂക്ഷിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ലഭിക്കും. എന്നാൽ ഇവരുടെ പക്കൽ കണ്ടെത്തിയ വെടിയുണ്ടകൾ ഇരുപതിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകളിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്കും ശിക്ഷാ കാലയളവിൽ നാലിലൊന്ന് പൂർത്തിയാക്കിയാൽ പൊതുമാപ്പ് ലഭിക്കും. എന്നാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം, ഭീകരപ്രവർത്തനം, ദേശവിരുദ്ധ പ്രവർത്തനം അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com