ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം 4 ആയി

abu
SHARE

ദോഹ∙ അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം നാലായി. ഇന്നലെ അര്‍ധരാത്രിയോടെ മലപ്പുറം പൊന്നാനി തച്ചാറിന്റെ വീട്ടില്‍ മമ്മദൂട്ടിയുടെയും ആമിനയുടെയും മകന്‍ അബു.ടി.മമ്മദൂട്ടി (45)യുടെ മൃതദേഹമാണു കണ്ടെടുത്തത്.

ഹമദ് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തില്‍ ഇതുവരെ നാലു മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ ആണു മരിച്ചത്. അതേസമയം ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടം നടന്നയുടന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസന്റെ (26) മരണം മാത്രമാണ് ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ഷെയ്ഖ് അബ്ദുല്‍നബി ഷെയ്ഖ് ഹുസൈന്‍ (61) ആണു മരിച്ച രണ്ടാമത്തെ ഇന്ത്യക്കാരന്‍. 

മലയാളികളില്‍ അബുവിനെ കൂടാതെ കാസര്‍കോഡ് ഷിരിഭാഗിലു പുളിക്കൂര്‍ ഇസ്മയിലിന്റെയും സൈനബി തളങ്കരയുടെയും മകന്‍ മുഹമ്മദ് അഷ്‌റഫ് (38), മലപ്പുറം നിലമ്പൂര്‍ അബ്ദുസമദിന്റെയും ഖദീജയുടെയും മകനും ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി (49), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. തിരച്ചില്‍ തുടരുന്നതിനിടെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

രഹ്‌നയാണ് അബുവിന്റെ ഭാര്യ. മക്കള്‍: റിഥാന്‍, റിനാന്‍. മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ ഇര്‍ഫാന. മക്കള്‍: ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍. ദോഹയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു മരിച്ച നൗഷാദ്. ഭാര്യ: ബില്‍ഷി. മക്കള്‍: മുഹമ്മദ് റസല്‍, റൈസ. റബീനയാണ് ഫൈസല്‍ കുപ്പായിയുടെ ഭാര്യ. മക്കള്‍: റന, നദ, മുഹമ്മദ് ഫെബിന്‍. ഹമദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും. 

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മന്‍സൂറയിലെ ബിന്‍ ദര്‍ഹാമില്‍  4 നില പാര്‍പ്പിട സമുച്ചയം തകര്‍ന്നത്. അപകടം നടന്ന ഉടന്‍ 7 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ ഹോട്ടലിലേക്കു സുരക്ഷിതമായി മാറ്റിയിട്ടുമുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗതിയിലാണ്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

English Summary: Four malayalis dead in building collapse in Doha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA