സലാല∙ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ ഐഒസി സലാല ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണു രാഹുല്‍ ഗാന്ധിക്കു എതിരായ നടപടിയെന്നു സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഐഒസി സലാലയുടെ പ്രതിഷേധ യോഗം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയെ മാറ്റിനിര്‍ത്തി ഇന്ത്യയിലെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തെ ഒരുമിച്ചു പ്രതിരോധിക്കണമെന്നു യോഗത്തില്‍ പൊതു അഭിപ്രായമുയർന്നു. ഭരണഘടനയുടെ എല്ലാ മൂല്യങ്ങളെയും അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ചു തകര്‍ക്കാനാണു ശ്രമം. ജുഡീഷ്യല്‍ സംവിധാനത്തെ പോലും വരുതിയിലാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുകയാണ് ഭരണകൂട ഭീകരത. തികഞ്ഞ ഫാസിസ്റ്റുകളാണു തങ്ങളെന്നു മറയില്ലാതെ പറയുകയാണു കേട്ടുകേള്‍വിയില്ലാത്ത തിടുക്കപ്പെട്ട നടപടിയിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഐഒസി ഒമാന്‍ മീഡിയ കണ്‍വീനര്‍ സിയാഉള്‍ ഹഖ് ലാറി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഐഒസി സലാല കേരള ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ. നിഷ്താര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ചാപ്റ്റര്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
English Summary: ioc salalah chapter protested against rahul gandhi s removal of lok sabha membership.