ADVERTISEMENT

ദുബായ് ∙ കൈവിട്ടാൽ നിയന്ത്രണം വിട്ടേക്കാവുന്ന മനുഷ്യ ജീവിതത്തിന് താങ്ങായി ഗ്ലോബൽ വില്ലേജ്. ആഗോള ഗ്രാമത്തിലെ വ്യത്യസ്ത മേഖലകളിൽ ആറ് മാസത്തേക്ക് 'തൊഴിലുറപ്പാണ്' ഒട്ടേറെ യുവതീ യുവാക്കൾക്ക്. അവർ വീൽചെയർ–ട്രോളി തള്ളുന്നത് മുതൽ ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നതിൽ വരെ പ്രവർത്തിക്കുന്നു.

global-village4

ഗ്ലോബല്‍ വില്ലേജിലെത്തുന്നവര്‍ക്ക് സ്ഥിരം കാഴ്ചയായ ബലൂണ്‍ വില്‍പനയെ അത്ര നിസ്സാരമായി കാണേണ്ടതില്ല. കൈവിട്ടാല്‍ ആകാശത്തേയ്ക്ക് ഉയര്‍ന്ന് പൊങ്ങുന്നതും ഇലക്ട്രിക് ബള്‍ബുകളാല്‍ അലങ്കൃതമായ ബലൂണുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിസ്മയമാണ്. ഓരോ ബലൂണ്‍ ചരടിന്റെ അറ്റത്തും മറഞ്ഞിരിക്കുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട്. 

global-village

ചരടിൽ കോർത്ത ബലൂൺ പോലെ സുന്ദര ജീവിതം

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ബലൂണ്‍ വില്‍പന നടത്തുന്ന മലപ്പുറം തിരൂര്‍ സ്വദേശി സുബൈറിന് ചരടില്‍ കോര്‍ത്ത ബലൂണുകള്‍ ജീവിതമാണ്. ഓരോ സീസണിലും സുബൈര്‍ ഈ ജോലക്കായി ഗ്ലോബല്‍ വില്ലേജിലെത്തുന്നു. ഗ്ലോബല്‍ വില്ലേജില്‍ മലയാളിയായ കരാറുകാരന്റെ കീഴില്‍ സുബൈര്‍ അടക്കം അൻപതോളം പേരുടെ ഉപജീവന മാര്‍ഗം ബലൂണ്‍  വില്‍പനയാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. അഞ്ചോളം തമിഴ് യുവാക്കളും ഒരു ബംഗ്ലാദേശുകാരനും ഉണ്ട്. കോവിഡ് കാലത്ത് മലയാളികളുടെ എണ്ണം കുറഞ്ഞപ്പോഴാണ് തമിഴ് ബംഗ്ലാദേശ് സ്വദേശികളെ ഉടമകൾ രംഗത്തിറക്കിയത്.

global-village3
ഗ്ലോബൽ വില്ലേജിൽ ബലൂൺ വിൽക്കുന്ന മലപ്പുറം സ്വദേശി സുബൈർ. ചിത്രം: മനോരമ

 

 നൂറ് ദിര്‍ഹത്തിന്റെ കച്ചവടം ചെയ്താല്‍ എട്ട് ദിര്‍ഹം കമ്മീഷനായി ലഭിക്കും. വീസയ്ക്ക് പുറമെ താമസവും ഭക്ഷണവും കമ്പനി നല്‍കും. രണ്ട് വർഷം മുൻപ് ഗ്ലോബൽ വില്ലേജിലെ ജോലിക്കിടെ ഹൃദ്രോഗബാധയുണ്ടായി. ഉടൻ നാട്ടിൽ ചെന്ന് ശസ്ത്രക്രിയ നടത്തി അസുഖം ഭേദമായി. ഇതിനെല്ലാം ഏറെ പണം ചെലവ് വന്നു. പക്ഷേ, ഗ്ലോബൽ വില്ലേജിലെ 'തൊഴിലുറപ്പ്' സാമ്പത്തിക ബാധ്യതയുണ്ടാക്കിയില്ലെന്ന് സുബൈർ മനോരമ ഒാൺലൈനോട് പറഞ്ഞു. അജ്മാനിലെ ജർഫിലാണ് മിക്കവരുടെയും താമസം. നിത്യേന ഇവരെ വാഹനത്തിൽ കൊണ്ടുവരികയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. പരമാവധി ബലൂണ്‍ വിറ്റഴിക്കാനായാല്‍ ജീവിക്കാനുള്ള വക കിട്ടുമെന്ന് സുബൈര്‍ പറയുന്നു. ഒരു വര്‍ഷത്തേക്കാണ് ഗ്ലോബല്‍ വില്ലേജ് വീസ നല്‍കുന്നത്. ഇതില്‍ ആറ് മാസത്തേക്ക് ഗ്ലോബല്‍ വില്ലേജ് തുറക്കുക. ബാക്കിയുള്ള ആറ് മാസം ഇവിടെ വേറെ തൊഴില്‍ നോക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം. എങ്ങനെയാണെങ്കിലും ഇതൊരു തൊഴിലുറപ്പാണെന്ന് ഇവര്‍ പറയുന്നു. 

റമസാനിൽ ഉത്സവാന്തരീക്ഷം

സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ അര്‍ധരാത്രി 12 വരെയാണ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക. റമസാനില്‍ മാത്രം വൈകിട്ട് 6 മുതല്‍ പുലർച്ചെ 2 വരെ. റമസാനില്‍ ഗ്ലോബൽ വില്ലേജ് കൂടുതൽ ഉത്സവാന്തരീക്ഷം പകരുന്നു.

 ടൂറിസ്്റ്റുകള്‍ ധാരാളം വരുന്ന മാസങ്ങളില്‍ തരക്കേടില്ലാത്ത കച്ചവടം നടക്കും. ആറ് മാസം ഗ്ലോബല്‍ വില്ലേജില്‍ തൊഴിലെടുത്ത ശേഷം ആറ് മാസം നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്യും. ഇത്തരത്തില്‍ ഗ്ലോബല്‍ വില്ലേജ് തുറക്കുന്നതും കാത്ത് ജീവിതം നോക്കിയിരിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ കേരളത്തിലുണ്ട്.  തൊഴില്‍ തേടിയെത്തുന്നവരെ കഴിവതും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ദുബായുടെ മണ്ണില്‍ ഇവര്‍ക്കിത് 'തൊഴിലുറപ്പ്' കൂടിയാണ്. ആഗോള ടൂറിസം പട്ടികയില്‍ ശ്രദ്ധിക്കപ്പെട്ട ദുബായ് ഗ്ലോബല്‍ വില്ലേജില്‍ മലയാളികളായ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ഓരോ സീസണിലും സ്ഥിരമായി തൊഴില്‍ ലഭിക്കുന്നു. ബലൂണ്‍ വില്‍പന മാത്രമല്ല, പോപ്‌കോണ്‍, ഐസ്‌ക്രീം, ചായ, മറ്റു ഭക്ഷണസാധനങ്ങളുടെ വില്‍പന തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ ആറ് മാസത്തേക്ക് ഇവിടെ ജോലി ചെയ്യുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com