മക്ക ∙ ഉംറ നിർവഹണത്തിനിടെ യുവാവ് മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഖുര്‍ആന്‍ ആധ്യാപകനായ സനൂസി അബ്കര്‍ (27) ആണ് കഅബക്കരികിൽ തവാഫിനിടെ (പ്രതക്ഷിണം) മരിച്ചത്.
സഹോദരനും മാതാവിനും ഒപ്പമാണ് സനൂസി ഉംറയ്ക്കായി ഹറമിലെത്തിയത്. മതാഫില്‍ പ്രവേശിച്ച് തവാഫ് കര്‍മം ആരംഭിച്ചതോടെ തലകറക്കം അനുഭവപ്പെട്ടു. സഹോദരനോടും മാതാവിനോടും കര്‍മം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട സനൂസി താന്‍ അല്‍പ നേരം വിശ്രമിക്കുകയാണെന്നും അതിനു ശേഷം കര്‍മം പൂര്‍ത്തിയാക്കാമെന്ന് അവരെ അറിയിക്കുകയുമായിരുന്നു. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
പന്ത്രണ്ടാം വയസില്‍ ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കിയ സനൂസി അബ്കര്‍ മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅത്ത് കോഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഖുര്‍ആന്‍ പഠിപ്പിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയില്‍ ഖുര്‍ആന്‍ അധ്യാപകനായി നിയമിതനായി.