ADVERTISEMENT

ദുബായ്∙ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ച് ഡോ. ആസാദ് മൂപ്പന്റെ കുടുംബം. ആസ്റ്ററിന്റെ 4 ശതമാനം ഓഹരികൾ കൂടി ഡോ. മൂപ്പനും കുടുംബവും വാങ്ങി. ഇതോടെ ഇവരുടെ ഓഹരി പങ്കാളിത്തം 41.88 ശതമാനമായി ഉയർന്നു. മൊത്തം 20.7 കോടി ദിർഹത്തിനാണ് (460 കോടി രൂപ) ഓഹരികൾ സ്വന്തമാക്കിയത്.

 

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ മൊത്തം മൂല്യം 140 കോടി ഡോളറാണ് (11340 കോടി രൂപ). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വളർച്ചയിലുള്ള ആത്മവിശ്വാസവും, വിശ്വാസമർപ്പിച്ച രോഗികളോടും, ജീവനക്കാരോടും തുടരുന്ന പ്രതിബദ്ധതതയും കണക്കിലെടുത്താണ് ഓഹരികൾ വർധിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നു സ്ഥാപക ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

 

ഒരു കുടുംബമെന്ന നിലയിൽ ആസ്റ്ററിനോടു പൂർണമായും പ്രതിജ്ഞാബദ്ധരാണ്. ഉടമസ്ഥരെന്ന നിലയിലും, മാനേജ്മെന്റ് തലത്തിലും, ജിസിസി, ഇന്ത്യ എന്നിവിടങ്ങളിലെ ബിസിനസുകളിൽ തുടർച്ചയായ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയാണെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിൽ 10,253 കോടി രൂപ വിറ്റുവരവുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ഈ സാമ്പത്തിക വർഷത്തിൽ വിറ്റുവരവിലും ലാഭത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

 

തിരുവനന്തപുരത്ത് 350 കിടക്കകളുള്ള ആസ്റ്റർ ക്യാപിറ്റൽ ഹോസ്പിറ്റൽ, കാസർകോട്ട് 200 കിടക്കകളുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ആന്ധ്രപ്രദേശിൽ 150 കിടക്കകളുള്ള ആസ്റ്റർ നാരായണാദ്രി ഹോസ്പിറ്റൽ, കർണാടകയിലെ മാണ്ഡ്യയിൽ 100 കിടക്കകളുള്ള ആസ്റ്റർ ജി മാദഗൗഡ ഹോസ്പിറ്റൽ തുടങ്ങിയ പുതിയ പദ്ധതികൾ ആസ്റ്റർ നടപ്പാക്കുകയാണ്. ഇതിനകം 239 ആസ്റ്റർ ഫാർമസികളും 177 ആസ്റ്റർ ലാബ്‌സ് പേഷ്യന്റ് എക്‌സ്പീരിയൻസ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിലെ ആശുപത്രികൾ 18 ആകും.

 

നിലവിലുള്ള 4095 കിടക്കകൾ 4670 കിടക്കകളാകും. ഒമാനിലെ 181 കിടക്കകളുള്ള ആസ്റ്റർ റോയൽ ഹോസ്പിറ്റൽ, ഷാർജയിലെ 101 കിടക്കകളുള്ള ആസ്റ്റർ ഹോസ്പിറ്റൽ, അൽ ഖിസൈസിൽ 126 കിടക്കകളുള്ള ആശുപത്രി ഏറ്റെടുക്കൽ എന്നിവ ഉടൻ പ്രാവർത്തികമാക്കും. ഇതോടെ 15 ആശുപത്രികളും, 113 ക്ലിനിക്കുകളും, 257 ഫാർമസികളുമുള്ള ജിസിസിയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായി ആസ്റ്റർ മാറുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സൗദി അറേബ്യയിൽ 250 പുതിയ ആസ്റ്റർ ഫാർമസികൾ തുറക്കാനുള്ള പദ്ധതി കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com