ജിദ്ദ∙ സൗദി ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് ഹെർവ് റെനാർഡ് രാജിവച്ചു. റെനാർഡിന്റെ അഭ്യർത്ഥന പ്രകാരം കരാർ അവസാനിപ്പിക്കാൻ സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് സമ്മതിക്കുകയായിരുന്നു. ഇരുകക്ഷികളും തമ്മിലുള്ള കരാർ അവസാനിപ്പിക്കാൻ നിയമപരമായ ഒത്തുതീർപ്പിലെത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സാഫ് പ്രസിഡന്റും ഡയറക്ടർ ബോർഡും റെനാർഡിന്റെ ഭാവി പ്രവർത്തനങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിച്ചു. ചൊവ്വാഴ്ച ജിദ്ദയിലെ അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിൽ ബൊളീവിയയ്‌ക്കെതിരായി നടന്ന സൗദി ടീമിന്റെ സൗഹൃദ ഏറ്റുമുട്ടൽ 54 കാരനായ റെനാർഡിന്റെ അവസാനത്തെ മത്സരമായിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ലോക ചാംപ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ചരിത്ര വിജയം നേടിയാണ് സൗദി അറേബ്യയെ റെനാർഡ് നയിച്ചത്.