ADVERTISEMENT

അബുദാബി ∙ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സയിദ് അൽ നഹ്യാനെ അബുദാബി കിരീടവകാശിയായും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായും  നിയമിച്ചു. ഫെഡറൽ സുപ്രീം കൗൺസിലിന്റെ അനുമതിയോടെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്ബിൻ സയിദ് അൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഷെയ്ഖ് മുഹമ്മദിന്റെ മൂത്ത മകനാണ്  ഷെയ്ഖ് ഖാലിദ്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനൊപ്പം ഷെയ്ഖ് മൻസൂറും ഇനി വൈസ് പ്രസിഡന്റ് പദവി വഹിക്കും. ഷെയ്ഖ്  തഹ്നൂൻ ബിൻ സഇൗദിനെയും ഷെയ്ഖ് ഹസ ബിൻ സയിദിനെയും അബുദാബി ഉപ ഭരണാധികാരികളായും നിയമിച്ച് ഉത്തരവിറക്കി.

sheikh-hazza-sheikh-tahnoon
ഷെയ്ഖ് ഹസ ബിൻ സയിദ്, തഹ്നൂൻ ബിൻ സഇൗദ്

അബുദാബി ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അധ്യക്ഷനായിരുന്നു.  

അബുദാബി എക്‌സിക്യൂട്ടീവ് ഓഫിസ്/ സ്ട്രാറ്റജിക് അഫയേഴ്‌സ് കൗൺസിൽ ചെയർമാൻ ഡോ. അഹമ്മദ് മുബാറക് അൽ മസ്‌റൂയി, എക്സിക്യുട്ടീവ് അഫയേഴ്സ് അതോറിറ്റി  /സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിൽ ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, സാമ്പത്തിക വകുപ്പ് / സ്ട്രാറ്റജിക് അഫയേഴ്‌സ് കൗൺസിൽ ചെയർമാൻ ജസീം മുഹമ്മദ് അൽ സഅബി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖൈലി, ഊർജ വകുപ്പ് ചെയർമാൻ അവൈദ മുർഷിദ് അൽ മറാർ, സാംസ്‌കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ പൈലറ്റ് സ്റ്റാഫ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി,  അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് വിഭാഗം ചെയർമാൻ സാറ അവദ് ഇസ മുസല്ലം, മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ, സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സഅബി, ആരോഗ്യവകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി, സർക്കാർ സഹായ വകുപ്പിന്റെ ചെയർമാൻ അഹമ്മദ് തമീം അൽ കുത്താബ് എന്നിവർ സംബന്ധിച്ചു.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിന് ശേഷമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രസി‍ഡന്റായി ചുമതലയേറ്റത്. പുതിയ ഭരണാധികാരികളെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു.

English Summary : President Sheikh Mohamed names UAE Vice President and Crown Prince of Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com